Gospel of St. John Chapter 19 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19

1 പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;2 ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.3 അവര്‍ അവന്റെ അടുക്കല്‍ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.4 പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.5 മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!6 അവനെക്കണ്ടപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.7 യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.8 ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു.9 അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.10 പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?11 യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.12 അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.13 ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം – ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത – എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ന്യായാസനത്തില്‍ ഇരുന്നു.14 അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.

യേശുവിനെ ക്രൂശിക്കുന്നു
(മത്തായി 27 : 32 – 27 : 44 ) (മര്‍ക്കോസ് 15 : 21 – 15 : 32 ) (ലൂക്കാ 23 : 26 – 23 : 43 )

17 അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം – ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.18 അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.19 പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.20 യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.21 യഹൂദരുടെ പുരോഹിതപ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.22 പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.23 പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.24 ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്25 പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.26 യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്റെ മരണം

28 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.29 ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.30 യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.

പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു

31 അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.32 അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.33 അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.34 എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.35 അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.36 അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.37 മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.

യേശുവിനെ സംസ്‌കരിക്കുന്നു
(മത്തായി 27 : 57 – 27 : 61 ) (മര്‍ക്കോസ് 15 : 42 – 15 : 47 ) (ലൂക്കാ 23 : 50 – 23 : 56 )

38 യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് ശരീരം എടുത്തു മാറ്റി.39 യേശുവിനെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേര്‍ന്ന ഏകദേശം നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.40 അവര്‍ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു.41 അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.42 യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment