Second Letter of St. Paul to the Thessalonians | വി. പൗലോസ് തെസ്സലോനിക്കക്കാർക്ക് എഴുതിയ ഒന്നാം ലേഖനം | Malayalam Bible | POC Translation

2 Thessalonians

ആമുഖം

പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയില്‍, എ. ഡി. 49-നോടടുത്ത്, തെസലോനിക്കസന്ദര്‍ശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സില്‍വാനോസും തിമോത്തേയോസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു ( 1 തെസ.1,1,5-8; 2, 1-4; 3, 1-16). വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്കാരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നില്ല. വിജാതീയരുടെയിടയില്‍ പൗലോസിനുണ്ടായ നേട്ടത്തില്‍ യഹൂദര്‍ അസൂയാലുക്കളായി. അവരുടെ എതിര്‍പ്പുമൂലം പൗലോസിനും കൂട്ടുകാര്‍ക്കും തെസലോനിക്കാ വിടേണ്ടിവന്നു. ആഥന്‍സിലെത്തിയതിനുശേഷം പൗലോസ് തെസലോനിക്കായിലെ സഭയെ സംബന്ധിച്ചവിവരങ്ങളറിയാന്‍, തിമോത്തിയോസിനെ അങ്ങോട്ടയച്ചു. പൗലോസ്‌ യാത്ര തുടര്‍ന്നു കോറിന്തോസിലെത്തിയപ്പോഴേക്കും തിമോത്തിയോസും അവിടെ എത്തിച്ചേര്‍ന്നു. തെസലോനിക്കായിലെ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും യഹൂദരില്‍ നിന്ന് അവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൗലോസിനെ ധരിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ (എ.ഡി. 51-ല്‍) കോറിന്തോസില്‍വച്ചായിരിക്കണം പൗലോസ് തെസലോനിക്കാര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്. തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി തെസലോനിക്കാക്കാരില്‍ വളര്‍ന്നുവന്നവിശ്വാസവും സ്‌നേഹവും പൗലോസ് കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു (1, 2-3, 13). ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനു മുന്‍പ് മരിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് അവരുന്നയിച്ചിരുന്ന സംശയത്തിനും പൗലോസ് ഉത്തരം നല്‍കുന്നുണ്ട്  ( 4,13; 5, 11). ഒന്നാം ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങള്‍ ഏറെക്കുറെ നിലവിലിരിക്കെത്തന്നെ എഴുതിയതാവണം രണ്ടാംലേഖനവും ക്രിസ്തുവിന്റെ പ്രത്യാഗമനം ആസന്നഭാവിയിലായിരിക്കുമെന്നു വ്യാജപ്രബോധകര്‍ പ്രചരിപ്പിച്ച തെറ്റായ ധാരണ തിരുത്താനാണു പ്രധാനമായും പൗലോസ് ഈ ലേഖനമെഴുതിയത് (3, 6-12). എന്നാല്‍ ക്രിസ്തുവിന്റെ ആഗമനസമയമായിട്ടില്ല; അവസാനനാളുകളില്‍ തിന്‍മ ശക്തിപ്രാപിക്കും; ക്രിസ്തുവൈരി പ്രത്യക്ഷപ്പെടും; ക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ അവന്‍ നശിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ (3, 13-18) പൗലോസ് അവരെ അനുസ്മരിപ്പിക്കുന്നു.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 പൗലോസും സില്‍വാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ പിതാവായദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്.2 പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

പ്രശംസ, പ്രാര്‍ഥന

3 നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പരസ്‌നേഹം വര്‍ധിച്ചുവരുകയും ചെയ്യുന്നതിനാല്‍ , സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന് ഉചിതമാംവിധം നന്ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.4 അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍പ്രകടിപ്പിക്കുന്ന സ്‌ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച് ദൈവത്തിന്റെ സഭകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്.5 ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂര്‍വ കമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം.6 കര്‍ത്താവായ യേശു തന്റെ ശക്തരായ ദൂതന്‍മാരോടുകൂടെ അഗ്‌നിജ്വാലകളുടെമധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍7 നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്റെ നീതിയാണ്.8 അപ്പോള്‍ അവന്‍ , ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരംചെയ്യും.9 അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും.10 കര്‍ത്താവ് തന്റെ വിശുദ്ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ സാക്ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും.11 നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്‌ദേശ്യങ്ങളും വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ഥിക്കുന്നു.12 അങ്ങനെ, നമ്മുടെദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!

Advertisements

അദ്ധ്യായം 2

തിന്‍മയുടെ അജ്ഞാതശക്തി

1 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയുംപറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു:2 കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്.3 ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.4 ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും.5 ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ?6 സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.7 അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും.8 കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.9 സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,10 എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.11 അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.12 തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.

സ്ഥിരതയോടെ നില്‍ക്കുക

13 എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.14 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.15 അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.16 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, നമ്മെ സ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും17 എല്ലാ സത്പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.

Advertisements

അദ്ധ്യായം 3

പ്രാര്‍ഥന ആവശ്യപ്പെടുന്നു

1 അവസാനമായി സഹോദരരേ, കര്‍ത്താവിന്റെ വചനത്തിനു നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാര വും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടന്‍മാരും അധര്‍മികളുമായ മനുഷ്യരില്‍നിന്നു ഞങ്ങള്‍ രക്ഷപെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.2 പ്രചാരവും മഹത്ത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.3 കാരണം, വിശ്വാസം എല്ലാവര്‍ക്കുമില്ല. എന്നാല്‍, കര്‍ത്താവ് വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശ ക്തിപ്പെടുത്തുകയും ദുഷ്ടനില്‍നിന്നു കാത്തുകൊള്ളുകയും ചെയ്യും.4 നിങ്ങളെ സംബന്ധിച്ചാകട്ടെ, ഞങ്ങള്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇനിയും നിവര്‍ത്തിക്കുമെന്നും കര്‍ത്താവില്‍ ഞങ്ങള്‍ക്കു ദൃഢമായ വിശ്വാസമുണ്ട്.5 ദൈവത്തിന്റെ സ്‌നേഹത്തിലേക്കും ക്രിസ്തു നല്‍കുന്ന സ്‌ഥൈര്യത്തിലേക്കും കര്‍ത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.

അധ്വാനശീലരാവുക

6 അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു.7 എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.8 ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു.9 ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്തത്.10 ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.11 എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.12 അത്തരം ആളുകളോടു കര്‍ത്താവായ യേശു വില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്ത് അപ്പം ഭക്ഷിക്കട്ടെ.13 സഹോദരരേ, നന്‍മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്‌സാഹരാകരുത്.14 ഈ കത്തില്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും അനുസരിക്കുന്നില്ലെങ്കില്‍ അവനെ പ്രത്യേകം ശ്രദ്ധിക്കുക. അവന്‍ ലജ്ജിക്കേണ്ടതിന് അവനുമായി ഇടപെടാതിരിക്കുക.15 അവനെ ഒരു ശത്രുവായി പരിഗണിക്കരുത്; മറിച്ച് ഒരു സഹോദരനെ എന്നപോലെ ഉപദേശിക്കുകയാണ് വേണ്ടത്.16 സമാധാനത്തിന്റെ കര്‍ത്താവുതന്നെ നിങ്ങള്‍ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്‍കട്ടെ. കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.17 ഈ അഭിവാദനം പൗലോസായ ഞാന്‍ എന്റെ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എന്റെ അടയാളമാണ്.18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

Advertisements
Advertisements
Advertisements
Advertisements
St. Paul
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment