Second Letter of St. Paul to Timothy | വി. പൗലോസ് തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനം | Malayalam Bible | POC Translation

2 Timothy 2 തിമോത്തേയോസ്

ആമുഖം

തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലോസ് അറിയിച്ച സുവിശേഷത്തില്‍ നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കാന്‍ തിമേത്തേയോസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്റെ പ്രധാന ഉദ്ദേശം ( 1, 3-30, 4,1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകള്‍ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (2, 1-15), മെത്രാന്മാരുടെയും ഡീക്കന്‍മാരുടെയും കടമകള്‍ (3, 1-13), വിധവകള്‍, അടിമകള്‍ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ( 5, 3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തിമേത്തേയോസിനെഴുതിയരണ്ടാമത്തെ ലേഖനം പൗലോസ് റോമായിലെ കാരാഗൃഹത്തില്‍നിന്ന്, തന്റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം ( 1, 8, 16; 2, 9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലോസിന് ബോധ്യമുണ്ടായിരുന്നു ( 4, 3-8; 16 – 18). അപ്പസ്‌തോലന്‍ തന്റെ ജീവിതാനുഭവങ്ങള്‍ തന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2, 1-13) വ്യാജപ്രബോധനങ്ങള്‍ക്കെതിരേ പോരാടാനും എതിര്‍പ്പുകളെ ഭയപ്പെടാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും തിമോത്തേയോസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തില്‍ (3, 1-17). ക്രേത്തേയിലെ ക്രിസ്തീയ സമൂഹത്തിന്റെ നേതാവായാണ് പൗലോസ് തീത്തോസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത്  (1, 5). സാഹചര്യങ്ങള്‍ക്ക് യോജിച്ചവരും സല്‍ഗുണ സമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പസ്‌തോലന്‍ പ്രത്യേകം നിഷ്‌കര്‍ശിക്കുന്നു (1, 6-9). വ്യാജപ്രബോധകര്‍ക്കെതിരേ കര്‍ശനമായ നിലപാടു സ്വീകരിക്കാനും ( 1, 10-16) ജീവിതത്തിന്റെ വിവിധ തുറകള്‍ക്കാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കാനും തീത്തോസിനെ ഉപദേശിക്കുന്നുമുണ്ട്  (2,1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്‌നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികള്‍ ക്രിസ്തീയ കൂട്ടായ്മയില്‍ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3, 1- 11) ഈ ലേഖനത്തില്‍ കാണാം.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,2 പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.

വിശ്വസ്തനായിരിക്കുക

3 രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.4 നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു.5 നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.6 എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു.7 എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.8 നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.9 അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവില്‍ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്.10 ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.11 ഈ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പസ്‌തോലനും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നു.12 ഇക്കാരണത്താലാണ് ഞാന്‍ ഇപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്. ഞാന്‍ അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പ്പിച്ചിരിക്കുന്നവയെല്ലാം ആദിവസം വരെയും ഭദ്രമായി കാത്തുസുക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്.13 നീ എന്നില്‍നിന്നു കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്‌നേഹത്തിലും നീ അനുസരിക്കുക, മാതൃകയാക്കുക.14 നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക.15 ഏഷ്യയിലുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചെന്ന് നിനക്കറിയാമല്ലോ. ഫിഗേലോസും ഹെര്‍മോഗെനെസും അവരിലുള്‍പ്പെടുന്നു.16 ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേല്‍ കര്‍ത്താവ് കാരുണ്യം ചൊരിയട്ടെ. എന്തെന്നാല്‍, അവന്‍ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ ചങ്ങലകളെപ്പറ്റി അവന്‍ ലജ്ജിച്ചിട്ടുമില്ല.17 അവന്‍ റോമയിലെത്തിയപ്പോള്‍ എന്നെപ്പറ്റി ആകാംക്ഷാപൂര്‍വ്വം അന്വേഷിക്കുകയും എന്നെ കാണുകയും ചെയ്തു.18 എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന് അനുഗ്രഹം നല്കട്ടെ!.

Advertisements

അദ്ധ്യായം 2

ക്രിസ്തുവിന്റെ പടയാളി

1 എന്റെ മകനേ നീ യേശുക്രിസ്തുവിന്റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.2 അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.3 യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക.4 സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല.5 നിയമാനുസൃതം മത്‌സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.6 അദ്ധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്.7 ഞാന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചു നീ അവധാനപൂര്‍വ്വം ചിന്തിക്കുക; എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും.8 എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക.9 ആ സുവിശേഷത്തിനു വേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കുവരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.10 അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.11 ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോട്കൂടെ ജീവിക്കും.12 നാം ഉറച്ചുനില്ക്കുമെങ്കില്‍ അവനോടു കൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും.13 നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.

വിശ്വസ്ത ഭൃത്യന്‍

14 ഇത് അവരെ അനുസ്മരിപ്പിക്കുക, വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളിലേര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു.15 സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക.16 ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.17 ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും.18 പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു.19 എന്നാല്‍, ദൈവം ഉറപ്പിച്ച അടിത്തറ ഇളകാതെ നില്ക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കട്ടെ.20 ഒരു വലിയ ഭവനത്തില്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും തീര്‍ത്ത പാത്രങ്ങള്‍ മാത്രമല്ല; മരം മണ്ണ് ഇവകൊണ്ടു തീര്‍ത്തവയും ഉണ്ടായിരിക്കും. അവയില്‍ ചിലതു മാന്യമായ കാര്യങ്ങള്‍ക്കും ചിലതു മാന്യത കുറഞ്ഞകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.21 ഒരുവന്‍ നികൃഷ്ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന്‍ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.22 അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക.23 മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!.24 കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.25 എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം.26 പിശാചു തന്റെ ഇഷ്ടനിര്‍വ്വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.

Advertisements

അദ്ധ്യായം 3

ദുഷ്ടന്മാരുടെ നാളുകള്‍

1 ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.2 അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.3 അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും4 വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.5 അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക.6 അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.7 ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.8 യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്.9 എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോധ്യമാകും.10 ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്‌നേഹവും സ്‌ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ.11 ഞാന്‍ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.12 യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.13 അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.14 എന്നാല്‍ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമായി നില്ക്കുക.15 യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.16 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.17 ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.

Advertisements

അദ്ധ്യായം 4

1 ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു:2 വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.3 ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.4 അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.5 നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക.

നീതിയുടെ കിരീടം

6 ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി.7 ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.8 എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.

നിര്‍ദ്ദേശങ്ങള്‍

9 എന്റെ അടുത്തു വേഗം എത്തിച്ചേരാന്‍ ഉത്‌സാഹിക്കുക.10 എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്‌കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു.11 ലുക്കാമാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനെക്കുടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവന്‍ എനിക്കു വളരെ പ്രയോജനപ്പെടും.12 തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്. .13 നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്റെ പൂറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.14 ചെമ്പുപണിക്കാരനായ അലക്‌സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.15 നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ്.16 എന്റെന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ.17 എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു.18 കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.

ആശംസകള്‍

19 പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും ഒനേസിഫൊറോസിന്റെ കുടുംബത്തിനും അഭിവാദനങ്ങള്‍.20 എറാസ്തൂസ് കോറിന്തോസില്‍ തങ്ങി. രോഗബാധിതനായ ത്രോഫിമോസിനെ ഞാന്‍ മിലേത്തോസില്‍ വിട്ടുട്ടു പോന്നു.21 മഞ്ഞുകാലത്തിനുമുമ്പുതന്നെ ഇവിടെയെത്താന്‍ നീ ശ്രമിക്കുക. എവുബുളോസും പൂദെന്‍സും ലീനൂസും ക്‌ളൗദിയായും മറ്റെല്ലാ സഹോദരന്മാരും നിനക്ക് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.22 കര്‍ത്താവു നിന്റെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടെ.

Advertisements
Advertisements
Advertisements
Advertisements
St. Paul
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment