Letter to the Hebrews, Chapter 1 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1

ദൈവപുത്രന്‍

1 പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.2 എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.3 അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി.4 അവന്‍ അവകാശമാക്കിയ നാമം ദൈവദൂതന്‍മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്.

ദൂതന്‍മാരെക്കാള്‍ ശ്രേഷ്ഠന്‍

5 ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്?6 വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്‍മാരെല്ലാം അവനെ ആരാധിക്കട്ടെ.7 അവിടുന്നു തന്റെ ദൂതന്‍മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു ദൂതന്‍മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു.8 എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.9 അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാള്‍ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.10 കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.11 അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്‍ക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും.12 മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്‌സരങ്ങള്‍ അവസാനിക്കുകയുമില്ല.13 നിന്റെ ശത്രുക്കളെ ഞാന്‍ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുക എന്ന് ഏതു ദൂതനോടാണ് എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്?14 രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment