Letter to the Hebrews, Chapter 3 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3

മോശയെക്കാള്‍ ശ്രേഷ്ഠന്‍

1 സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.2 മോശ ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു.3 യേശു മോശയെക്കാള്‍ വളരെയേറെമഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍ വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുപോലെതന്നെ.4 ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മാതാവ് ദൈവമാണ്.5 പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതിനു ദൈവത്തിന്റെ ഭവനം മുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു.6 ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനംവരെ നാം മുറുകെപ്പിടിക്കുമെങ്കില്‍ നാം അവിടുത്തെ ഭവനമായിരിക്കും.

ദൈവിക വിശ്രാന്തി

7 പരിശുദ്ധാത്മാവു പറയുന്നതു പോലെ,8 ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.9 അവിടെ നിങ്ങളുടെ പിതാക്കന്‍മാര്‍ നാല്‍പതു വര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയും ചെയ്തു.10 അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചു പറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റു ചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്‌സിലാക്കിയിട്ടില്ല.11 എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തു പറഞ്ഞതുപോലെ, അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.12 എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.13 ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്.14 എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.15 ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്റെ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.16 ദൈവത്തിന്റെ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പു കാണിച്ചില്ലേ? മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നിന്നു പുറത്തുവന്നവരല്ലേ അവര്‍?17 അവരുമായല്ലേ അവര്‍ നാല്‍പതു വത്‌സരം മല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം മരുഭൂമിയില്‍ നിപതിച്ചത്?18 അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്?19 അങ്ങനെ, അവിശ്വാസം നിമിത്തമാണ് അവര്‍ക്കു പ്രവേശിക്കാന്‍ സാധിക്കാതെവന്നതെന്നു നാം കാണുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment