Letter to the Hebrews, Chapter 4 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4

1 അവിടുന്നു നല്‍കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം.2 അവര്‍ക്കെന്നതുപോലെതന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവര്‍ അതു വിശ്വസിച്ചില്ല.3 എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.4 ഏഴാം ദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു:5 അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.6 എന്നാല്‍, ചിലര്‍ ഇനിയും പ്രവേശിക്കാനുണ്ട്. മുന്‍പു സുവിശേഷം ശ്രവിച്ചവരാകട്ടെ, അനുസരണക്കേടുമൂലം പ്രവേശിച്ചിട്ടുമില്ല.7 അതിനാല്‍, അവിടുന്ന് ഒരു പ്രത്യേക ദിവസം അതായത്, ഇന്ന് നിശ്ചയിച്ചിരിക്കുന്നു. അവിടുന്നു മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങള്‍ അവന്റെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.8 ജോഷ്വ അവര്‍ക്കു വിശ്രമം കൊടുത്തിരുന്നെങ്കില്‍, പിന്നീട്, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പറയുമായിരുന്നില്ല.9 അതിനാല്‍, ദൈവജനത്തിന് ഒരു സാബത്തുവിശ്രമം ലഭിക്കാനിരിക്കുന്നു.10 എന്തെന്നാല്‍, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവന്‍ അവിടുത്തെപ്പോലെ തന്റെ ജോലിയില്‍ നിന്നു വിരമിക്കുന്നു.11 അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിനു നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്‌സുകരായിരിക്കാം.12 ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.13 അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.

പ്രധാനപുരോഹിതന്‍

14 സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെനമുക്കു മുറുകെപ്പിടിക്കാം.15 നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ .16 അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment