1 John | 1 യോഹന്നാൻ
ആമുഖം
‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു. ഒന്നാം ലേഖനം ഏഷ്യാ മൈനറിലെ ക്രൈസ്ത സമൂഹങ്ങളെ ആദ്യകാലങ്ങളില്‍ ഭീഷണിപ്പെടുത്തിയിരുന്ന അബദ്ധ സിദ്ധാന്തങ്ങളില്‍ നിന്ന് അവയെരക്ഷിക്കുന്നതിനുവേണ്ടി, ആ സമൂഹങ്ങളിലെല്ലാം വായിക്കപ്പെടാനായി, യോഹന്നാന്‍ എഴുതിയതാണ് ഈ ലേഖനം. ഇതില്‍ യോഹന്നാന്‍ തന്റെ മതാനുഭൂതികളുടെ മുഴുവന്‍ വെളിച്ചത്തില്‍,യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തിന്റെ അടയാളവും ഫലങ്ങളും എടുത്തുപറഞ്ഞുകൊണ്ട് (1, 1- 4), ഇവയുടെ പ്രകാശത്തില്‍ സഞ്ചരിക്കാനും (1, 5; 2,28), നീതി പ്രവര്‍ത്തിക്കാനും (2, 29; 4,6), പരസ്പരം സ്‌നേഹിക്കാനും (4,7; 5,12), അങ്ങനെ, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനുണ്ടെന്ന് ബോധ്യപ്പെടുത്താനും ( 5, 13) ശ്രമിക്കുന്നു.
അദ്ധ്യായം 1
ജീവന്റെ വചനം
1 ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു.2 ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്ഷ്യം നല്‍കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടുപ്രഘോഷിക്കുന്നു.3 ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.4 ഞങ്ങള്‍ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂര്‍ണമാകാനാണ്.
ദൈവം പ്രകാശമാണ്
5 ഇതാണ് ഞങ്ങള്‍ അവനില്‍ നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്‌ദേശം: ദൈവംപ്രകാശമാണ്.6 ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍ നാം വ്യാജം പറയുന്നവരാകും; സ ത്യം പ്രവര്‍ത്തിക്കുന്നുമില്ല.7 അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.8 നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.9 എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.10 നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാല്‍ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല.
അദ്ധ്യായം 2
നമ്മുടെ മധ്യസ്ഥന്‍
1 എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് > നീതിമാനായ യേശുക്രിസ്തു.2 അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.3 നാം അവന്റെ കല്‍പ നകള്‍ പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.4 ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും അവന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു; അവനില്‍ സത്യമില്ല.5 എന്നാല്‍, അവന്റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറിയുന്നു.6 അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.
പുതിയ കല്‍പന
7 പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പനതന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്.8 എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്‍പനയെക്കുറിച്ചാണ്. അത് അവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു;യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.9 താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്.10 സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല.11 എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറിയുന്നില്ല.12 കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.13 പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു:യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.14 കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു. യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: നിങ്ങള്‍ ശക്തന്‍മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.15 ലോകത്തെയോ ലോകത്തിലുള്ള വ സ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.16 എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്.17 ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.
ക്രിസ്തുവിന്റെ വൈരികള്‍
18 കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.19 അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.20 പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.21 നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍ നിന്നല്ലാത്തതുകൊണ്ടുമാണ്.22 യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.23 പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.24 ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ. അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.25 അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവന്‍.26 നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്ത മാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.27 ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.28 കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.29 അവന്‍ നീതിമാനാണെന്ന് നിങ്ങള്‍ക്ക് അ റിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏ വനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.
അദ്ധ്യായം 3
നാം ദൈവമക്കള്‍
1 കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.2 പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.3 ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.4 പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.5 പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.6 അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.7 കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.8 പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.9 ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല.10 ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
പരസ്പരം സ്‌നേഹിക്കുവിന്‍
11 ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്പരം സ്‌നേഹിക്കണം.12 തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ.13 സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.14 സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.15 സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.16 ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.17 ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?18 കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.19 ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു.20 നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും. 21 പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്. 22 നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.23 അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്‍പിച്ച തുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കല്‍പന. 24 അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.
അദ്ധ്യായം 4
സത്യാത്മാവിനെ വിവേചിച്ചറിയുക
1 പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.2 ദൈവത്തിന്റെ ആത്മാ വിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.3 യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.4 കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.5 അവര്‍ ലോകത്തിന്‍േറതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു.6 നാം ദൈവത്തില്‍ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.
ദൈവം സ്‌നേഹമാണ്
7 പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.8 സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.9 തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയ ച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.10 നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.11 പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.12 ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.13 ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.14 പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു; ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.15 യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.16 ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.17 വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.18 സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.19 ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. 20 ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.21 ക്രിസ്തുവില്‍നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം.
അദ്ധ്യായം 5
ലോകത്തെ ജയിക്കുക
1 യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.2 നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.3 ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.4 എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം.5 യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ക്രിസ്തുവിനു സാക്ഷ്യം
6 ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് വ യേശുക്രിസ്തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.7 മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം-8 ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.9 മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.10 ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ച് നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.11 ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.12 പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.
നിത്യജീവന്‍
13 ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.14 അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.15 നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.16 മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.17 എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.18 ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.19 നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു. 20 ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും. 21 കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.



Leave a comment