First Letter of St. Peter | വി. പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനം | Malayalam Bible | POC Translation

1 Peter | 1 പത്രോസ്

ആമുഖം

‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പത്രോസിന്റെ ലേഖനങ്ങള്‍ പത്രോസ് തന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുരാതന സാക്ഷ്യങ്ങളുണ്ടെങ്കിലും, ഒന്നാമത്തേതിന്റെ രചനയില്‍ യേശുവിന്റെ പീഢാനുഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരാള്‍കൂടി സഹായിച്ചിട്ടുണ്ട് എന്നു സംശയിക്കപ്പെടുന്നു. താരതമ്യേന മെച്ചമേറിയ ഗ്രീക്ക് ഭാഷ ഉപയോഗിക്കുന്ന ഈ സഹായി പൗലോസിന്റെ ശിഷ്യനായിരുന്ന സില്‍വാനോസ് ആയിരിക്കാനാണ് കൂടുതല്‍ സാക്ഷ്യത. ഈ ലേഖനത്തിന് ആശയാവിഷ്‌കരണത്തില്‍ പൗലോസിന്റെ ലേഖനങ്ങളോടുള്ള സാധര്‍മ്യം ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു. രണ്ടാമത്തെ ലേഖനത്തിന്റെ കര്‍ത്താവ് പത്രോസ് തന്നെയാണെന്ന് എക്കാലവും വിശ്വസിച്ചുപോന്നിട്ടുള്ളതാണ്. എ.ഡി. 67-നു മുന്‍പ് എഴുതപ്പെട്ട ഒന്നാമത്തെ ലേഖനം, ഏഷ്യാ മൈനറില്‍ ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ, അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന നിന്ദനങ്ങളിലും പീഢനങ്ങളിലും ആശ്വസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി എഴുതിയതാണ് (2, 12-15; 4, 3-4, 14-15). പീഢനങ്ങളില്‍ പ്രത്യാശ പ്രദാനം ചെയ്യുന്നതാണ് യേശുക്രിസ്തു നല്‍കിയ മാതൃകയും അവന്റെ ഉത്ഥാനവും പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനവും. പരീക്ഷകളില്‍ ദൃഡചിത്തരായിരിക്കുകയും വിശ്വാസത്തെപ്രതിയുള്ള സഹനങ്ങളില്‍ ദീര്‍ഘക്ഷമ പ്രകടിപ്പിക്കുകയും സമൂഹമധ്യത്തില്‍ വിശുദ്ധരായി ജീവിക്കുകയും ചെയ്യുക ആവശ്യമാണ് (2, 11; 4, 19). രണ്ടാമത്തെ ലേഖനത്തിന്റെ ഉദ്ദേശ്യം സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകര്‍ക്കെതിരെയും അവര്‍ മൂലമുണ്ടാകുന്നതിന്മകള്‍ക്കെതിരെയും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് (2,1- 22). ദൈവത്തെയും ക്രിസ്ത്യാനികളെയുംകുറിച്ച് ദൃക്‌സാക്ഷികള്‍ നല്‍കിയയഥാര്‍ത്ഥമായ അറിവില്‍ ഉറച്ചു നില്‍ക്കുക (1, 3-21), ക്രിസ്തുവിന്റെ പ്രത്യാഗമനം സംഭവിക്കില്ലെന്ന് പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക; ജലപ്രളയകാലത്ത് ലോകത്തിനുണ്ടായ നാശംപോലെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസം ലോകം അഗ്നിയാല്‍ നശിപ്പിക്കപ്പെടും; അതു വിധിയുടെ ദിവസമായിരിക്കും; ആദിവസത്തിനായി ഒരുങ്ങിയിരിക്കുക (3, 1-18), എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ പത്രോസ് നല്‍കുന്നത്.

Advertisements

അദ്ധ്യായം 1

അഭിവാദനങ്ങള്‍

1 യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപ്പാര്‍ക്കുന്നവര്‍ക്ക് എഴുതുന്നത്:2 നിങ്ങള്‍ക്ക് കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

സജീവമായ പ്രത്യാശ

3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.4 അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.5 അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.6 അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍.7 കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.8 അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.9 അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.10 നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്‍മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു.11 ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു.12 അവര്‍ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗത്തില്‍നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക് എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍പോലും കൊതിക്കുന്നു.

വിശുദ്ധരായിരിക്കുവിന്‍

13 ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.14 മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.15 മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.16 ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.17 ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.18 പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.19 കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍േറ തുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ.20 അവനാകട്ടെ, ലോകസ്ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.21 അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍, അവന്‍ മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ആയിരിക്കുകയും ചെയ്യുന്നു.22 സത്യത്തോടുള്ള വിധേയത്വംവഴി നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്പരം സ്‌നേഹിക്കുവിന്‍.23 നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് – സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്.24 എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.25 എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

Advertisements

അദ്ധ്യായം 2

രാജകീയ പൗരോഹിത്യം

1 നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍.2 രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍.3 കര്‍ത്താവ് നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.4 അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവന്‍ .5 നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.6 ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല് സ്ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.7 വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.8 അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.9 എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.10 മു മ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ

11 പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്‍ക്കാന്‍ നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു.12 വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്‌കര്‍മികളാണെന്നു നിങ്ങള്‍ക്കെ തിരായി പറയുന്നവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് പ്രത്യാഗമന ദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ

13 ഉന്നതാധികാരിയായരാജാവോ, ദുഷ്‌കര്‍മികളെ ശിക്ഷിക്കാനും സത്കര്‍മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,14 നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.15 നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.16 എന്നാല്‍, സ്വാതന്ത്ര്യം തിന്‍മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.17 എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍;ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബ ഹുമാനിക്കുവിന്‍.

യജമാനന്‍മാരോടുള്ള കടമ

18 ഭൃത്യന്‍മാരേ, നിങ്ങളുടെയജമാനന്‍മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.19 അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും.20 തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹ ത്വമാണുള്ളത്? നിങ്ങള്‍ നന്‍മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.21 ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു.22 അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.23 നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്.24 നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.25 അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

Advertisements

അദ്ധ്യായം 3

ദമ്പതിമാരുടെ കടമ

1 ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.2 അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാധ്യമാവുക.3 ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;4 പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്തിത്വമാണ്.5 ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.6 സാറാ അബ്രാഹത്തെനാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്‍മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.7 ഇങ്ങനെതന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇ തു നിങ്ങളുടെ പ്രാര്‍ഥനയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്.

സഹോദരരോടുള്ള കടമ

8 അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.9 തിന്‍മയ്ക്കു തിന്‍മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.10 ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.11 അവന്‍ തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നന്‍മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ.12 എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്‍മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നി രിക്കുന്നു. എന്നാല്‍, തിന്‍മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം

13 നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?14 നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ.15 ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.16 എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.17 നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.18 എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.19 ആത്മാവോ ടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.20 അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.21 അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ഥനയാണ്.22 യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്‍മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു.

Advertisements

അദ്ധ്യായം 4

ദൈവകൃപയുടെ കാര്യസ്ഥന്‍

1 ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ള വന്‍ പാപത്തോടു വിടവാങ്ങിയിരിക്കുന്നു.2 അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളം കാലം മാനുഷികവികാരങ്ങള്‍ക്ക് അടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.3 വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.4 അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.5 എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.6 എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.7 സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.8 സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.9 പിറുപിറുപ്പുകൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദപാലിക്കുവിന്‍.10 ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.11 പ്രസംഗിക്കുന്നവന്‍ ദൈവത്തിന്റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.

ക്രിസ്തീയ സഹനം

12 പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.13 ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.14 ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.15 നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്.16 ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.17 എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!18 നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!19 ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്‍പിക്കട്ടെ.

Advertisements

അദ്ധ്യായം 5

ശ്രേഷ്ഠന്‍മാര്‍ക്ക് ഉപദേശം

1 ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു:2 നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.3 അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെപ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്‍മാതൃക നല്‍കിക്കൊണ്ടായിരിക്കണം.4 ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.

വിശ്വാസികള്‍ക്ക് ഉപദേശം

5 അപ്രകാരംതന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രേഷ്ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു.6 ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.7 നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.8 നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.9 വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍;10 തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.11 ആധിപത്യം എന്നും എന്നേക്കും അവന്‍േറ തായിരിക്കട്ടെ! ആമേന്‍.12 നിങ്ങള്‍ അവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്ന് ഉപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു.13 നിങ്ങളെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.14 സ്‌നേഹ ചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.

Advertisements
Advertisements
Advertisements
St. Peter
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment