Second Letter of St. Peter | വി. പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation

2 Peter | 2 പത്രോസ്

ആമുഖം

‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പത്രോസിന്റെ ലേഖനങ്ങള്‍ പത്രോസ് തന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുരാതന സാക്ഷ്യങ്ങളുണ്ടെങ്കിലും, ഒന്നാമത്തേതിന്റെ രചനയില്‍ യേശുവിന്റെ പീഢാനുഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരാള്‍കൂടി സഹായിച്ചിട്ടുണ്ട് എന്നു സംശയിക്കപ്പെടുന്നു. താരതമ്യേന മെച്ചമേറിയ ഗ്രീക്ക് ഭാഷ ഉപയോഗിക്കുന്ന ഈ സഹായി പൗലോസിന്റെ ശിഷ്യനായിരുന്ന സില്‍വാനോസ് ആയിരിക്കാനാണ് കൂടുതല്‍ സാക്ഷ്യത. ഈ ലേഖനത്തിന് ആശയാവിഷ്‌കരണത്തില്‍ പൗലോസിന്റെ ലേഖനങ്ങളോടുള്ള സാധര്‍മ്യം ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു. രണ്ടാമത്തെ ലേഖനത്തിന്റെ കര്‍ത്താവ് പത്രോസ് തന്നെയാണെന്ന് എക്കാലവും വിശ്വസിച്ചുപോന്നിട്ടുള്ളതാണ്. എ.ഡി. 67-നു മുന്‍പ് എഴുതപ്പെട്ട ഒന്നാമത്തെ ലേഖനം, ഏഷ്യാ മൈനറില്‍ ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ, അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന നിന്ദനങ്ങളിലും പീഢനങ്ങളിലും ആശ്വസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി എഴുതിയതാണ് (2, 12-15; 4, 3-4, 14-15). പീഢനങ്ങളില്‍ പ്രത്യാശ പ്രദാനം ചെയ്യുന്നതാണ് യേശുക്രിസ്തു നല്‍കിയ മാതൃകയും അവന്റെ ഉത്ഥാനവും പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനവും. പരീക്ഷകളില്‍ ദൃഡചിത്തരായിരിക്കുകയും വിശ്വാസത്തെപ്രതിയുള്ള സഹനങ്ങളില്‍ ദീര്‍ഘക്ഷമ പ്രകടിപ്പിക്കുകയും സമൂഹമധ്യത്തില്‍ വിശുദ്ധരായി ജീവിക്കുകയും ചെയ്യുക ആവശ്യമാണ് (2, 11; 4, 19). രണ്ടാമത്തെ ലേഖനത്തിന്റെ ഉദ്ദേശ്യം സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകര്‍ക്കെതിരെയും അവര്‍ മൂലമുണ്ടാകുന്നതിന്മകള്‍ക്കെതിരെയും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് (2,1- 22). ദൈവത്തെയും ക്രിസ്ത്യാനികളെയുംകുറിച്ച് ദൃക്‌സാക്ഷികള്‍ നല്‍കിയയഥാര്‍ത്ഥമായ അറിവില്‍ ഉറച്ചു നില്‍ക്കുക (1, 3-21), ക്രിസ്തുവിന്റെ പ്രത്യാഗമനം സംഭവിക്കില്ലെന്ന് പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക; ജലപ്രളയകാലത്ത് ലോകത്തിനുണ്ടായ നാശംപോലെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസം ലോകം അഗ്നിയാല്‍ നശിപ്പിക്കപ്പെടും; അതു വിധിയുടെ ദിവസമായിരിക്കും; ആദിവസത്തിനായി ഒരുങ്ങിയിരിക്കുക (3, 1-18), എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ പത്രോസ് നല്‍കുന്നത്.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍ പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി ഞങ്ങള്‍ സ്വീകരിച്ചവിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്ക് എഴുതുന്നത്.2 ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി

3 തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.4 ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.5 ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,6 സുകൃത ത്തെ ജ്ഞാനംകൊണ്ടും,7 ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.8 ഇവനിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.9 ഇവയില്ലാത്തവന്‍ അന്ധ നും ഹ്രസ്വദൃഷ്ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്മരിക്കുന്നവനുമാണ്.10 ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.11 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായരാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേ ശനം ലഭിക്കുകയും ചെയ്യും.12 നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.13 ഞാന്‍ ഈ കൂടാരത്തില്‍ ആയിരിക്കുന്നിടത്തോളംകാലം, ഓര്‍മപ്പെടുത്തല്‍ വഴി നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നുകരുതുന്നു.14 എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍ നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയം അടുത്തിരിക്കുന്നു.15 എന്റെ വേര്‍പാടിനുശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍

16 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥ കളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.17 പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെ അടുത്തു വരുകയും ചെയ്തു.18 സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു.19 ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതംപൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെനിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.20 ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.21 എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.

Advertisements

അദ്ധ്യായം 2

വ്യാജപ്രവാചകന്‍മാര്‍

1 ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.2 പലരും അവരുടെ ദുഷിച്ച മാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്ദിക്കപ്പെടും.3 അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു.4 പാപം ചെയ്ത ദൂതന്‍മാരെ ദൈവം വെ റുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.5 ദുഷ്ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടി അവിടുന്നു കാത്തുരക്ഷിച്ചു.6 സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന് അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്‍കി.7 ദുഷ്ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്ഷിച്ചു.8 അവരുടെ മധ്യേ ജീവിച്ച ആ നീതിമാന്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അത് അവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.9 ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു-10 പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.11 ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്ക് എതിരായി അവമാനകര മായ വിധിപറയുന്നില്ല.12 കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാ ശം തന്നെ അവര്‍ക്കും വന്നുകൂടും.13 അവര്‍ക്കു തിന്‍മയ്ക്കു തിന്‍മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്‌സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്.14 വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്‌കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്റെ സന്തതികളുമാണ്.15 നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്‍മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്‍മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.16 അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട് ആ പ്രവാചകന്റെ ഭ്രാന്തിന് അറുതിവരുത്തി.17 അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.18 എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ഥമായ വാഗ്‌ധോരണി കൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.19 മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന അവര്‍ തന്നെ നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്‍പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.20 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.21 കാരണം, തങ്ങള്‍ക്കു ലഭിച്ചവിശു ദ്ധകല്‍പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍ നിന്നു പിന്‍മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.22 നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.

Advertisements

അദ്ധ്യായം 3

കര്‍ത്താവിന്റെ പ്രത്യാഗമനം

1 പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്ക മനസ്സിനെ ഞാന്‍ ഉണര്‍ത്തുകയാണ്.2 വിശുദ്ധ പ്രവാചകന്‍മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്‌തോലന്‍മാര്‍ വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായരക്ഷകന്റെ കല്‍പനയും നിങ്ങള്‍ അനുസ്മരിക്കുവിന്‍.3 ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും.4 അവര്‍ പറയും: അവന്റെ പ്രത്യാഗ മനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്‍മാര്‍ നിദ്രപ്രാപിച്ച നാള്‍ മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍ തന്നെതുടരുന്നല്ലോ.5 ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെ ഉണ്ടായെന്നും6 ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നും ഉള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു.7 വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്‌നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.8 പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.9 കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.10 കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.11 ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!12 ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.13 നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.14 ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്‌സാഹിക്കുവിന്‍.15 നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘ ക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ.16 ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.17 ആ കയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.18 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

Advertisements
Advertisements
Advertisements
Advertisements
St. Peter
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment