The Book of Revelation, Chapter 6 | വെളിപാട് പുസ്തകം, അദ്ധ്യായം 6 | Malayalam Bible | POC Translation

വി. യോഹന്നാനു ലഭിച്ച വെളിപാട്‌, അദ്ധ്യായം 6

ആറു മുദ്രകള്‍ തുറക്കുന്നു

1 കുഞ്ഞാട് ആ ഏഴു മുദ്രകളില്‍ ഒന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലു ജീവികളില്‍ ഒന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍ വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.2 ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവന്‍ . അവന് ഒരു കിരീടം നല്‍കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്ര ആരംഭിച്ചു.3 അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.4 അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറു ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് അധികാരം നല്‍കപ്പെട്ടു. അവന് ഒരു വലിയ ഖഡ്ഗവും കൊടുത്തു.5 അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍ വരുക എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്ത കുതിര. അതിന്റെ പുറത്തിരിക്കുന്ന വന്റെ കൈയില്‍ ഒരു ത്രാസ്.6 ആ നാലു ജീവികളുടെ മധ്യത്തില്‍നിന്ന് ഉണ്ടായ ഒരു ശബ്ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്കു ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.7 അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍ വരുക എന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.8 ഞാന്‍ നോക്കി, ഇതാ, വിള റിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണം എന്നു പേര്. പാതാളം അവനെ പിന്‍തുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്‍മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു.9 അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.10 വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ് എത്രത്തോളം വൈകും?11 അവര്‍ക്ക് ഓരോരുത്തര്‍ക്കും ധവളവസ്ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി.12 അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ ആകെ രക്തംപോലെയായി.13 കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.14 ആകാശം തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാ പര്‍വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.15 ഭൂമിയിലെ രാജാക്കന്‍മാരും പ്രമുഖന്‍മാരും സൈന്യാധിപന്‍മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.16 അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ ദൃഷ്ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്ക്കുവിന്‍.17 എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീക രദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും?

Advertisements
Advertisements
Advertisements
St. John
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment