Third Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ മൂന്നാം ലേഖനം | Malayalam Bible | POC Translation

3 John | 3 യോഹന്നാൻ

ആമുഖം

‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു. ഒന്നാം ലേഖനം ഏഷ്യാ മൈനറിലെ ക്രൈസ്ത സമൂഹങ്ങളെ ആദ്യകാലങ്ങളില്‍ ഭീഷണിപ്പെടുത്തിയിരുന്ന അബദ്ധ സിദ്ധാന്തങ്ങളില്‍ നിന്ന് അവയെരക്ഷിക്കുന്നതിനുവേണ്ടി, ആ സമൂഹങ്ങളിലെല്ലാം വായിക്കപ്പെടാനായി, യോഹന്നാന്‍ എഴുതിയതാണ് ഈ ലേഖനം. ഇതില്‍ യോഹന്നാന്‍ തന്റെ മതാനുഭൂതികളുടെ മുഴുവന്‍ വെളിച്ചത്തില്‍,യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തിന്റെ അടയാളവും ഫലങ്ങളും എടുത്തുപറഞ്ഞുകൊണ്ട് (1, 1- 4), ഇവയുടെ പ്രകാശത്തില്‍ സഞ്ചരിക്കാനും (1, 5; 2,28), നീതി പ്രവര്‍ത്തിക്കാനും (2, 29; 4,6), പരസ്പരം സ്‌നേഹിക്കാനും (4,7; 5,12), അങ്ങനെ, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനുണ്ടെന്ന് ബോധ്യപ്പെടുത്താനും ( 5, 13) ശ്രമിക്കുന്നു.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 സഭാശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിന് എഴുതുന്നത്:2 വാത്‌സല്യഭാജനമേ, നിന്റെ ആത്മാവു ക്‌ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ ഥിക്കുന്നു.3 നീ സത്യമനുസരിച്ചാണു ജീവിക്കുന്നത് എന്ന് സഹോദരന്‍മാര്‍ വന്നു നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.4 എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും

5 വാത്‌സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്.6 അവര്‍ സഭയുടെ മുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെയാത്രയാക്കുന്നതു നന്നായിരിക്കും.7 കാരണം, അവിടുത്തെനാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന് അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല.8 ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.9 ഞാന്‍ ചില കാര്യങ്ങള്‍ സഭയ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെ അധികാരത്തെ അംഗീകരിക്കുന്നില്ല.10 അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെ അനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചു സംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു.11 വാത്‌സല്യഭാജനമേ, തിന്‍മയെ അനുകരിക്കരുത്; നന്‍മയെ അനുകരിക്കുക. നന്‍മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്‍മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.12 ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തില്‍നിന്നുതന്നെയും, സാക്ഷ്യം ലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യം നല്‍കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.13 എനിക്കു വളരെയധികം കാര്യങ്ങള്‍ എഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയും കൊണ്ടു നിനക്കെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.14 താമസിയാതെ നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.15 നിനക്കു സമാധാനം. സ്‌നേഹിതന്‍മാര്‍ നിന്നെ അഭിവാദനം ചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകം പ്രത്യേകം അഭിവാദനം അറിയിക്കുക.

Advertisements
Advertisements
Advertisements
Advertisements
St. John
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment