എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍

ഇതാണ് സിസ്റ്റർ എന്ന പദത്തിനർത്ഥം – പത്മശ്രീ സിസ്റ്റർ സുധ വർഗ്ഗീസ്
എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍

2006 ല്‍ ബീഹാറില്‍ നിന്നും പത്മശ്രീ നേടിയപ്പോഴാണ് സിസ്റ്റര്‍ സുധാ വര്‍ഗീസ് രാജ്യമെങ്ങും ശ്രദ്ധ നേടുന്നത്.
നോട്ടര്‍ഡാം സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സുധാവര്‍ഗീസ് 1961 ലാണ് ബീഹാറിലെത്തുന്നത്. ബീഹാറിലും യു.പിയിലുമായി 28 ലക്ഷം പേരുള്ള മുസാഫിര്‍ വംശജര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ സുധയുടെ പ്രവര്‍ത്തനം. കുളിയും നനയുമില്ലാതെ വൃത്തികെട്ട വേഷം ധരിച്ച് പ്രാകൃത ജീവിതം നയിക്കുന്നവരാണ് മുസാഫിര്‍ വംശജര്‍. എലിയെ തൊലിയുരിഞ്ഞ് കഴിക്കുന്നതാണ് അവരുടെ ഇഷ്ട ഭക്ഷണം. ദിവസം മുഴുവന്‍ ജന്മിയുടെ വയലില്‍ എല്ല് മുറിയെ പണിയുന്ന ഇവര്‍ക്ക് മൂന്നോ നാലോ രൂപയും രണ്ട് കിലോ ഉരുളക്കിഴങ്ങും മാത്രം കൂലി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മുസാഫിറുകളെ ചൂഷണം ചെയ്ത് ജീവിക്കുകയായിരുന്നു സവര്‍ണര്‍. ഈ അടിമവര്‍ഗം സമൂഹത്തിന് അനിവാര്യമായതുകൊണ്ടാകാം ആരും അവരുടെ സമുദ്ധാരണത്തിന് തയ്യാറായില്ല.
പ്രാകൃതമായി ജീവിക്കുന്ന ഇവര്‍ക്കിയിടയിലേക്ക് കടന്നുചെല്ലുമ്പോള്‍ സിസ്റ്റര്‍ സുധയ്ക്ക് ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നു. എല്ലാം സവര്‍ണവര്‍ഗത്തില്‍ നിന്നും ഉണ്ടായത്. വെറും കറിവേപ്പിലപോലെ സവര്‍ണര്‍, മുസാഫിര്‍ പെണ്ണുങ്ങളെ ഉപയോഗിച്ച് തള്ളുന്നതിനെതിരെ ആയിരുന്നു സിസ്റ്ററിന്റെ ആദ്യ പ്രതിഷേധം. ഇതിന്റെ പേരില്‍ സിസ്റ്റര്‍ക്ക് നേരെ അക്രമമുണ്ടായി. എല്ലാദിവസവും ഫോണിലൂടെ കേള്‍ക്കുന്നത് കടുത്ത അശ്ലീലവാക്കുകളും ഭീഷണിയും. എന്നിട്ടും സിസ്റ്റര്‍ സുധ അതൊന്നും പ്രതിബന്ധമായി കണ്ടില്ല. ദൈവം നല്‍കിയതെല്ലാം എല്ലാവര്‍ക്കും വേണ്ടിയാണ് എന്ന കാഴ്ചപ്പാടോടെ മുന്നോട്ട് പോയി.

മുസാഫിറുകളെ ഉദ്ധരിക്കുന്നതിന്റെ ഭാഗമായി അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് അവരോടൊപ്പം സിസ്റ്ററും ജന്മിയുടെ വയലില്‍ പണിചെയ്തു. അവര്‍ക്ക് ലഭിക്കുന്ന കൂലിയും അവര്‍ നേരിടുന്ന അവഗണയും നേരില്‍ക്കണ്ടു. സിസ്റ്ററിന്റെ നിരന്തര പോരാട്ടത്തെത്തുടര്‍ന്ന് തൊഴിലിന് ആവശ്യമായ പ്രതിഫലം ചോദിച്ച് വാങ്ങാന്‍ മുസാഫിറുകള്‍ പഠിച്ചു. അവര്‍ക്ക് നീതി ലഭിക്കാന്‍ സിസ്റ്റര്‍ എല്‍.എല്‍.ബി പഠിച്ച് കോടതിയില്‍ കേസ് വാദിക്കാനും തയ്യാറായി. സ്ത്രീകള്‍ക്കായി സിസ്റ്റര്‍ സുധ ആരംഭിച്ച ‘നാരീഗുഞ്ജന്‍’ എന്ന സംഘടനയിലൂടെ അനേകം സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവന്നു. സിസ്റ്റര്‍ സുധ തുടക്കമിട്ട സ്വയം സഹായ സംഘങ്ങളിലൂടെ അനേകം സ്ത്രീകള്‍ക്ക് ചെറിയസമ്പാദ്യം മാറ്റിവെക്കാനും കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളൊക്കെ നാടെങ്ങും അറിഞ്ഞത് ഈ കന്യാസ്ത്രീക്ക് ലഭിച്ച പത്മശ്രീയിലൂടെയാണ്. തനിക്ക് ലഭിച്ച അറിവും കഴിവും സമ്പാദ്യവും തന്റേത് മാത്രമല്ലെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണെന്നും സിസ്റ്റര്‍ ലോകത്തെ പഠിപ്പിച്ചു.

നമ്മുക്ക് ലഭിച്ച അറിവും കഴിവും സമ്പത്തും കാഴ്ചപ്പാടുകളുമെല്ലാം ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ നമുക്ക് കഴിയണം. എല്ലാ വിഷമതകളും ഉള്ളിലൊതുക്കുന്ന നമ്മുടെ അയല്‍ക്കാരന്‍, വീട്ടിലെ കടഭാരം മൂലം ഫീസിന് ക്‌ളേശിക്കുന്ന വിദ്യാര്‍ത്ഥി, കുടുംബത്തില്‍ നിന്നും അംഗീകാരമൊന്നും കിട്ടാത്ത ജീവിത പങ്കാളി, സ്‌നേഹം കൊതിക്കുന്ന മക്കള്‍, അവഗണിക്കപ്പെടുന്ന ഓഫീസ് ജീവനക്കാര്‍, പുറന്തള്ളപ്പെടുന്ന വൃദ്ധന്‍, നിര്‍ദ്ധന രോഗികള്‍… ഇങ്ങനെ സഹായഹസ്തം ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ചുറ്റുമില്ലേ? അവരെ തിരിച്ചറിയാനും ആവുംപോലെ സഹായിക്കാനും പരിശ്രമിക്കുമ്പോഴാണ് സമരിയാക്കാരന്റെ മനോഭാവത്തിലേക്ക് നാം വളരുന്നത്. മുറിവേറ്റവരെ കാണാനുള്ള കാഴ്ചലഭിക്കാനായി നാം കരളുരുക്കുകയേ വേണ്ടൂ…

കടപ്പാട് : സോഫിയ ടൈംസ്

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍”

Leave a comment