*നോമ്പുകാല* *വചനതീർത്ഥാടനം – 45*
വി.മത്തായി 28 : 6
” അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു.”
*സാധാരണ* ജീവചരിത്രങ്ങളെല്ലാം മരണം, ശവസംസ്ക്കാരം എന്നീ സംഭവങ്ങളോടെ അവസാനിക്കും. അതിനപ്പുറം ഒരദ്ധ്യായംകൂടെ എഴുതപ്പെടുകയാണെങ്കിൽ അത് ജീവചരിത്രത്തിന്റെ ഭാഗമായിരിക്കില്ല. പകരം കഥാനായകനെക്കുറിച്ച് സ്നേഹിതരുടെയും സുഹൃത്തുക്കളുടെയും അനുസ്മരണങ്ങളും കഥാ നായകന്റെ സാമൂഹ്യ-സാംസ്ക്കാരിക സംഭാവനകളെക്കുറിച്ചുള്ള വിലയിരുത്തലുകളുമടങ്ങിയ ഒരനുബന്ധമായിരിക്കും. വി.മത്തായിയുടെ സുവിശേഷം ഒരു ജീവചരിത്രമാണ്. യേശുവിന്റെ വംശാവലി തുടങ്ങി അവിടുത്തെ മൃതദേഹം അടക്കം ചെയ്ത കല്ലറ പൂട്ടി മുദ്രവയ്ക്കുന്നതുവരെയുള്ള എല്ലാ സംഭവങ്ങളും ക്രമാനുഗതമായി ഇരുപത്തിയേഴ് അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജീവചരിത്രം ഇവിടംകൊണ്ട് അവസാനിക്കേണ്ടതാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ ഒരു അധ്യായം കൂടിയുണ്ട്. അതു് ഒരു അനുബന്ധമല്ല, ജീവചരിത്രത്തിന്റെ ഭാഗംതന്നെയാണ്. മനുഷ്യചരിത്രത്തിൽ ആദ്യമായാണ് ഒരു ജീവചരിത്രം എഴുതി പൂർത്തിയാക്കിയശേഷം മറ്റൊരു അദ്ധ്യായംകൂടി എഴുതേണ്ടിവരുന്നത്. മരണത്തോടെ അവസാനിക്കാത്ത ജീവചരിത്രം യേശുവിന്റേതു മാത്രമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഈ പുതിയ അദ്ധ്യായം നമുക്കു തരുന്ന സന്ദേശം മനുഷ്യ ജീവിതത്തിന്മേൽ മരണത്തിനുള്ള അധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. മരണത്തിന് അപ്പുറത്തേക്ക് നിത്യതവരെ നീളുന്നതാണ് ജീവിതമെന്ന യാഥാർത്ഥ്യം പുനരുത്ഥാനംവഴി യേശു തെളിയിച്ചു. വി.പൗലോസ് ശ്ലീഹായുടെ ജീവചരിത്രവും നമ്മെ പഠിപ്പിക്കുന്നത് ഇതേ യാഥാർത്ഥ്യംതന്നെയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റോമൻ തടവറയിൽ പൗലോസ് കഴിയുമ്പോൾ പ്രേഷിതയാത്രകളിൽ തന്റെ സഹായിയായിരുന്ന തിമോത്തേയോസിന് എഴുതിയത് ഇപ്രകാരമാണ്:
” ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു . എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവ്വം വിധിക്കുന്ന കർത്താവ്, ആ ദിവസം അതു് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ ആഗമനത്തെ സ്നേഹപൂർവ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും .”(2 തിമോത്തേയോസ് 4:6-8)
മരണത്തിനപ്പുറം ജീവിതമുണ്ടെന്ന ബോദ്ധ്യമാണ് വി.പൗലോസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
” മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ?”(1 കോറിന്തോസ് 15:54,55) എന്ന് മരണത്തിന്റെ മുഖത്തുനോക്കി വെല്ലുവിളിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ്. ആദിമ നൂറ്റാണ്ടുമുതൽ ഇന്നോളമുള്ള ക്രൈസ്തവരക്തസാക്ഷികളെ മരണത്തിനു മുന്നിൽ ധീരരാക്കിയത് യേശുവിന്റെ ഉയിർപ്പിന്റെ വാഗ്ദാനമാണ്. ഈ വാഗ്ദാനത്തിൽ വിശ്വസിച്ചു കൊണ്ട് നമുക്കും നമ്മുടെ ജീവിതത്തെ ധന്യമാക്കാം .ജീവന്റെ അമൃതഭാവങ്ങളുണർത്തുന്ന ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും നേരുന്നു.
*ഫാ. ആന്റണി പൂതവേലിൽ*
16.04.2022.

Leave a comment