ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 18

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣8️⃣
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു വി.ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിലും ദൈവത്തിനായിട്ടും ജീവിക്കുന്നവരും ഇന്നുവരെയും ജീവിച്ചിരുന്നവരും ഇനിയും ജീവിക്കാനിരിക്കുന്നവരും പ്രലോഭനങ്ങളാലും ദുരിതങ്ങളാലും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നിത്യസൗഭാഗ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കയുള്ളൂ. സ്വാര്‍ത്ഥതയ്ക്കെതിരായി സമരം ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാക്കുകയുള്ളൂവെന്നു വി. ഗ്രന്ഥം തന്നെ വ്യക്തമായി പഠിപ്പിക്കുന്നു. വേദനകളും ഞെരുക്കങ്ങളും സഹിക്കുന്നതിന് ആവശ്യമായ ഗുണം ക്ഷമയാണെന്നുള്ളതില്‍ സംശയമില്ല.

ക്ഷമയെന്ന പുണ്യത്തില്‍ ഒരാള്‍ എന്തുമാത്രം വര്‍ദ്ധിക്കുമോ അത്രയും ദൈവസ്നേഹത്തിലും മറ്റു പുണ്യങ്ങളിലും അഭിവൃദ്ധിപ്പെടും. നമ്മുടെ സ്രഷ്ടാവും രക്ഷകനുമായ ഈശോ തന്നെയാണ് ക്ഷമയുടെ അഭ്യസനത്തിലും നമുക്ക് മാതൃക. ശിശുവായ ഈശോ അരിഷ്ടതകളുടെ ഇടയിലാണ് വളര്‍ന്നത്. ഹേറോദേസ് ഉണ്ണീശോയേ കൊല്ലുവാന്‍ അന്വേഷിച്ചപ്പോള്‍ അവിടുന്നു ഓടി ഒളിക്കുന്നു. മുപ്പതു വത്സരത്തോളം രണ്ടു സൃഷ്ടികള്‍ക്കു സമ്പൂര്‍ണ്ണമായും കീഴ്വഴങ്ങി ജീവിക്കുന്നു. യഹൂദജനം പരിഹസിക്കയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന അവസരത്തില്‍ അവരെ അവിടുന്നു ദ്വേഷിക്കുന്നില്ല. കല്ലെറിഞ്ഞു കൊല്ലുവാനൊരുങ്ങിയവരില്‍ നിന്ന്‍ അവിടുന്ന്‍ മറഞ്ഞുകളഞ്ഞു.

ദൈവിക രഹസ്യങ്ങളെപ്പറ്റി യാതൊരു ജ്ഞാനവുമില്ലാതിരുന്ന ശിഷ്യരെ സ്നേഹത്തോടും ക്ഷമാശീലത്തോടും കൂടി അവയെല്ലാം പഠിപ്പിക്കുന്നു. അവസാനം അന്യായമായി തന്നെ വധിക്കുകയും ക്രൂരമായി കുരിശില്‍ തൂക്കുകയും ചെയ്ത ഘാതകരോടു വിദ്വേഷമോ ശത്രുതയോ പ്രദര്‍ശിപ്പിക്കാതെ അവര്‍ക്കുവേണ്ടി തന്‍റെ പരമപിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. കോപവും വിരോധവും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും ക്ഷമയുടെയും സമാധാനത്തിന്‍റെയും പ്രഭുവായ ഈശോ മാതൃകയാണ്. മനുഷ്യര്‍ക്കെല്ലാം മാതൃക നല്‍കിയ ഈശോയെ നാം കണ്ടു പഠിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗപ്രവേശം അസാദ്ധ്യമാകും എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജപം
♥️♥️

സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഞാനിതാ അങ്ങേ സന്നിധിയില്‍ സാഷ്ടാംഗമായി വീണ് എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്‍റെ ആത്മാവിനെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. സമാധാനപ്രവാചകനായ ഈശോയെ! പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്‍റെ ഹൃദയത്തെ കടാക്ഷിക്കണമേ.കോപിച്ചിരുന്ന കടലിനെ അങ്ങേ തിരുവചനത്താല്‍ ശാന്തമാക്കിയല്ലോ. ലോകരക്ഷിതാവായ എന്‍റെ നല്ല ഈശോയെ! എന്‍റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം തന്നരുളണമേ.

പ്രാര്‍ത്ഥന
♥️♥️♥️♥️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
♥️♥️♥️♥️♥️
ഈശോയുടെ ദിവ്യഹൃദയമേ! ക്ഷമയെന്ന പുണ്യം അഭ്യസിക്കുവാന്‍ കൃപ ചെയ്യണമേ.

സല്‍ക്രിയ
♥️♥️♥️♥️♥️
നമ്മുടെ വിരോധികള്‍ക്കു വേണ്ടി 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. ചൊല്ലുക.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment