ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!

ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!

ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം എനിക്ക് നാട്ടുമാങ്ങാ തിന്നാന്‍ ആഗ്രഹം! ഞാന്‍ ഈശോയോടു പറഞ്ഞു, ”ഒന്നും രണ്ടുമൊന്നും പോരാ, എനിക്ക് കുറേ നാട്ടുമാങ്ങാ തരണം.” പിറ്റേന്നുതന്നെ അടുത്ത വീട്ടിലെ അമ്മച്ചി കുറേ നാട്ടുമാങ്ങാ കൊണ്ടുവന്നു തന്നു. പിന്നെയും പലരിലൂടെയും വീണ്ടും നാട്ടുമാങ്ങകള്‍ ധാരാളം ലഭിച്ചു. അവസാനം കഴിച്ചു തീര്‍ക്കാന്‍പോലും പറ്റാതായി.

മറ്റൊരിക്കല്‍ രാവിലെ ജോലിസ്ഥലത്ത് ചെന്നിരുന്നപ്പോള്‍ പെട്ടെന്ന് ചക്കപ്പുഴുക്ക് കഴിക്കാന്‍ തോന്നി. അപ്പോഴതാ, കൂടെ ജോലി ചെയ്യുന്ന ചേച്ചി ചക്കപ്പുഴുക്കുമായി വരുന്നു. രാവിലെ എല്ലാം ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കിലോ എന്നു കരുതി തലേദിവസം തന്നെ എല്ലാം തയ്യാറാക്കിവച്ചു എന്നുകൂടി പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ആഗ്രഹം എന്റെ മനസ്സില്‍ തോന്നുന്നതിനു മുമ്പുതന്നെ എല്ലാം ഒരുക്കിവച്ച ഈശോയോടുള്ള നന്ദിയും സ്‌നേഹവും കൊണ്ട് കണ്ണു നിറഞ്ഞുപോയി.
ഇനി, ഇതേ സാക്ഷ്യങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുകൂടി ഒന്നു പറയേണ്ടതായിട്ടുണ്ട്. ഞങ്ങള്‍ സാമ്പത്തികമായി വളരെയധികം ഞെരുക്കങ്ങളിലൂടെ കടന്നുപോയിരുന്ന സമയമായിരുന്നു അത്. ചിലപ്പോഴെങ്കിലും നല്ല ഭക്ഷണത്തിനുപോലും വളരെയധികം പ്രയാസപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരുന്നതിനാല്‍, പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചില ദിവസങ്ങളില്‍, ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം കടകളിലൊക്കെ പച്ചക്കറികളും മറ്റു ഭക്ഷണസാധനങ്ങളുമൊക്കെ വച്ചിരിക്കുന്നതു കാണുമ്പോള്‍ വയറിലൊന്നു കൈവച്ച് കുഞ്ഞിനോടു മനസ്സില്‍ പറയും, ”കുഞ്ഞാവേ, നമുക്ക് ആശയടക്കാം.” വാസ്തവത്തില്‍, ഗര്‍ഭിണികള്‍ ഇത്തരം ആശയടക്കങ്ങള്‍ ചെയ്യേണ്ടതില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ആ സമയത്തെ പല ആഗ്രഹങ്ങളും ശരീരത്തിന്റെ ആവശ്യങ്ങള്‍ തന്നെയായിരിക്കും. എന്റെ സാഹചര്യത്തെ ഞാന്‍ പ്രാര്‍ത്ഥനയ്ക്കും പുണ്യസമ്പാദനത്തിനുമുള്ള അവസരമാക്കിമാറ്റി എന്നു മാത്രം.
വേണ്ടതുപോലെ ഭക്ഷണം കഴിക്കാത്തതുകൊണ്ടാവാം, ചില ദിവസങ്ങളില്‍ ക്ഷീണംകൊണ്ട് ജോലിക്കു പോകാനും സാധിക്കാതെ വരുമായിരുന്നു. അപ്പോള്‍ ചിലര്‍ പറയും: ”ഞാനൊന്നും ഇതിന്റെയൊന്നും പേരില്‍ അവധിയെടുത്തിട്ടില്ല. ഗര്‍ഭം ഒരു രോഗമല്ല!’
ദൈവം പക്ഷപാതം കാണിക്കുമോ?
ആഗ്രഹിക്കുന്നതിനുമുമ്പേ, കാര്യങ്ങള്‍ ക്രമീകരിക്കുന്ന ദൈവസ്‌നേഹാനുഭവത്തിന്റെ സാക്ഷ്യങ്ങള്‍ മാത്രം എഴുതി ഈ ലേഖനം അവസാനിപ്പിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, അതു വായിക്കുന്ന ആരെങ്കിലുമൊക്കെ ചിന്തിച്ചേക്കാം: ”ഇവരുടെയൊക്കെ നിസ്സാരമായ ആഗ്രഹങ്ങള്‍പോലും സാധിച്ചുകൊടുക്കുന്ന ദൈവം എന്തുകൊണ്ടാണ് നാളുകളായി പ്രാര്‍ത്ഥിക്കുന്ന എന്റെ പ്രാര്‍ത്ഥനമാത്രം കേള്‍ക്കാത്തത്?” അതുകൊണ്ടാണ് ഈ ദൈവസ്‌നേഹാനുഭവങ്ങളുടെ പശ്ചാത്തലം കൂടി ഉള്‍പ്പെടുത്തിയത്.

ഇതുപോലെ, പല സാക്ഷ്യങ്ങളും ഒരുപാട് കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും തീവ്രമായ ദൈവസ്‌നേഹത്തിന്റെയുമൊക്കെ ഫലമായിരിക്കും. മാത്രമല്ല, അനുഗ്രഹിക്കപ്പെട്ടവരെന്ന് നാം കരുതുന്നവര്‍ക്കും അവരവരുടേതായ പരിമിതികളുടെയും പ്രയാസങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. അതിനാല്‍, എന്നെ മാത്രം ദൈവം അനുഗ്രഹിക്കാത്തതെന്താണെന്നു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ദൈവം ഒരിക്കലും പക്ഷപാതം കാണിക്കുന്നില്ല.
ചിലപ്പോള്‍ അനുഗ്രഹങ്ങള്‍ വൈകുന്നുണ്ടാവാം. മറ്റു ചിലപ്പോള്‍ ലഭിച്ച അനുഗ്രഹങ്ങള്‍ നമ്മള്‍ തിരിച്ചറിയാതെ പോകുന്നതുമാകാം. ഉദാഹരണത്തിന്, ഒന്നാം റാങ്കുകാരായ കുട്ടികളെ നോക്കി, പഠിക്കാന്‍ കഴിവില്ലാത്ത എന്റെ കുഞ്ഞിനെപ്രതി ദൈവത്തെ പഴിക്കുമ്പോള്‍, ഞാന്‍ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്: ഈ കുഞ്ഞ് കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരുടെ സ്വപ്നമാണ്! ഇതുപോലെ ദൈവം നമുക്കു നല്കിയ അനുഗ്രഹങ്ങളിലേക്കു കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ പരാതികള്‍ സ്തുതിപ്പുകളായിത്തീരും. നല്കപ്പെട്ട അനുഗ്രഹങ്ങളെ വിലമതിക്കാനും നന്ദിയുള്ളവരായിരിക്കാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

ഇനി ലഭിക്കാത്ത അനുഗ്രഹങ്ങളെക്കുറിച്ചും ഒന്നു ചിന്തിക്കാം. അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ സാധിക്കാത്തതിനും പ്രാര്‍ത്ഥനകള്‍ക്കുത്തരം വൈകുന്നതിനും എന്തെങ്കിലും കാരണങ്ങളും ഉണ്ടായിരിക്കാം. വചനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തെ ഒന്നു വിലയിരുത്താം:
”എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്” (സഭാപ്രസംഗകന്‍ 3/1). വചനം ഓര്‍മ്മിപ്പിക്കുന്നതുപോലെ അനുഗ്രഹം പ്രാപിക്കാനുള്ള സമയം ആയിട്ടുണ്ടാവില്ല.
”നീ എന്റെ കല്പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു” (ഏശയ്യാ 48/18). ദൈവത്തെ അനുസരിക്കാതെ സ്വന്തം ഇഷ്ടം പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം താളം തെറ്റുക സ്വാഭാവികമാണ്.

”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും” (മത്തായി 17/ 20) ഒരുപക്ഷേ വിശ്വാസത്തില്‍ നമ്മള്‍ ഇനിയും വളരേണ്ടതുണ്ടായിരിക്കാം.
”എന്റെ ജനം എന്നെ വിട്ടകലാന്‍ തിടുക്കം കാട്ടുന്നു. അതുകൊണ്ട്, അവര്‍ക്ക് നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തു മാറ്റുകയില്ല. എഫ്രായിം, ഞാന്‍ നിന്നെ എങ്ങനെ ഉപേക്ഷിക്കും? ഇസ്രായേല്‍, ഞാന്‍ നിന്നെ എങ്ങനെ കൈവിടും?” (ഹോസിയാ 11/7). മാതാപിതാക്കളുടെ പക്കല്‍നിന്ന് ഒരു കുഞ്ഞ് നഷ്ടപ്പെട്ടുപോയാല്‍ അതിന് എന്തും സംഭവിക്കാം. അതുപോലെതന്നെയാണ്, ദൈവത്തില്‍നിന്നകന്നാല്‍ അവിടുത്തെ മക്കള്‍ക്കും എന്തും സംഭവിക്കാം. അതിനാല്‍, നമ്മുടെമേല്‍ നുകം വയ്ക്കപ്പെടുന്നു.

”അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു” (റോമാ 8/17) ഇതൊരു മഹത്തായ വിളിയാണ്. ഓരോരുത്തര്‍ക്കും നിത്യജീവിതത്തില്‍ വലിയ മഹത്വം ഒരുക്കപ്പെട്ടിരിക്കുന്നു. അതു പ്രാപിക്കാനുള്ള യോഗ്യതയാണ് ഈ ലോകത്തിലെ കഷ്ടപ്പാടുകള്‍ നമുക്കു നേടിത്തരുന്നത്.
ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകളില്‍, പതറാതെ മുന്നേറാന്‍ സഹായകമായ ചില വചനങ്ങള്‍ പങ്കുവച്ചുവെന്നുമാത്രം. നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളെ വിലമതിക്കാനും കാത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ പ്രാപിക്കാനും തടസ്സമായി നില്‍ക്കുന്നതെന്താണെന്നു കണ്ടെത്താനും തിരുത്താനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. അനിവാര്യമായ കാത്തിരിപ്പുകളില്‍ വിശ്വാസം തണുത്തുറഞ്ഞു പോകാതെ ആത്മാവ് ചൂടുപകരുകയും ചെയ്യട്ടെ. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നവെന്നു നമുക്ക് അറിയാമല്ലോ” (റോമാ 8/28).

നീതു തോമസ്

facts #behind #ShalomTimes

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment