ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ചെറിയ ഭാഗം വിവർത്തനം ചെയ്തതിന്റെ തുടർച്ച..
2, നമുക്ക് രക്ഷപ്പെടണം പക്ഷേ, അധികം വില കൊടുത്തിട്ടു വേണ്ട :
നമ്മുടെ ജീവിതങ്ങളാകുന്ന മുന്തിരിവള്ളികൾ ഫലം നൽകാനായി ദൈവം നിലമൊരുക്കുന്നത് പരിത്യാഗങ്ങൾ കൊണ്ടാണ് എന്നത് ഭീരുക്കളെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ധനികനായ മനുഷ്യൻ വിഷാദത്തോടെ രക്ഷകനെ വിട്ടുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചുമൊക്കെ പൗലോസ് സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട്, അതിനെക്കുറിച്ച് പിന്നീട് കേട്ടുകൊള്ളാമെന്ന് പറഞ്ഞു.
അപൂർണ്ണമായ എന്തിലും അതൃപ്തിയുളവാകുന്നത്ര പരിപൂർണ്ണനാണ് ദൈവമെന്നു ചിന്തിച്ചാണ് യഥാർത്ഥത്തിൽ ഭൂരിഭാഗം ആത്മാക്കളും ദൈവത്തെ ഭയപ്പെടുന്നത്. ദൈവം നമ്മളെ വേണ്ടത്ര സ്നേഹിച്ചില്ലെങ്കിലോ എന്നതല്ല നമ്മുടെ വലിയ ഭയം..പിന്നെയോ, ദൈവം വളരെയധികമായി നമ്മളെ സ്നേഹിക്കും എന്നതിലാണ്.
ഒരു കാമുകൻ തന്റെ പ്രാണപ്രിയ പെരുമാറ്റത്തിലും വൃത്തിയിലുമൊക്കെ ഒരു കുറവുമില്ലാത്തവൾ ആകണം എന്നാഗ്രഹിക്കുന്നതുപോലെ.. ദൈവം നമ്മളെ സ്‌നേഹിക്കുമ്പോൾ, സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നമ്മളും പരിപൂർണ്ണരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു സംഗീതജ്ഞൻ തന്റെ വയലിനെ സ്നേഹിക്കുകയും കൂടുതൽ നല്ല സ്വരം പുറപ്പെടുവിക്കാനായി അതിലെ കമ്പികളെ മുറുക്കിക്കൊടുക്കുകയും ചെയ്യുന്നതുപോലെ, ദൈവം നമ്മെ വിശുദ്ധരാക്കാനായി സഹനങ്ങൾക്ക് വിധേയരാക്കുന്നു.
ദൈവത്തിന്റെ സ്നേഹം അമിതമായി പലതും നമ്മളിൽ നിന്ന് ആവശ്യപ്പെടും എന്ന പേടി കൊണ്ടാണ് വിദ്യാഭ്യാസമുള്ള ധാരാളം സ്ത്രീകളും പുരുഷന്മാരും ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിലേക്ക് വന്നിട്ടും അവന്റെ ആട്ടിൻകൂട്ടത്തിൽ എണ്ണപ്പെടാനും അവനെ അനുഗമിക്കാനും കൂട്ടാക്കാത്തത്. അറിവിന്റെ അതിർത്തികൾ വിസ്തൃതമാക്കാൻ പറയുന്ന പണ്ഡിതന്മാരെക്കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു, പക്ഷേ തങ്ങൾ ആർജ്ജിച്ചുകഴിഞ്ഞ അറിവ് അവർ ഒന്നിനുമായി ഉപയോഗിക്കുന്നേയില്ല.
സത്യത്തിന്റെ വാതിലിൽ മുട്ടിവിളിച്ചുകൊണ്ടിരിക്കാൻ അവരിഷ്ടപ്പെടുന്നു, എന്നാൽ ആ വാതിൽ അവർക്കായി തുറന്നുകിട്ടിയാലോ, അവിടെ ചേതനയറ്റ് വീണെന്ന പോലെ അവസാനിക്കുന്നു അവരുടെ ആഗ്രഹം. കാരണം സത്യം എന്ന വാക്ക് സൂചിപ്പിക്കുന്നത് ഉത്തരവാദിത്വത്തെയാണ്.
ദൈവത്തിൽ നിന്നുള്ള, സ്വാഭാവികവും അസ്വാഭാവികവുമായ ഓരോ ദാനങ്ങളും, അത് സ്വീകരിക്കുന്ന ആത്മാവിന്റെ ഭാഗത്തു നിന്നുള്ള ശരിയായ പ്രതികരണം ആവശ്യപ്പെടുന്നുണ്ട്. സാധാരണനിലയിൽ ആളുകൾ സൗഹൃദമെന്ന ദാനം സ്വീകരിക്കാൻ വിസമ്മതിക്കുന്നു കാരണം അതൊരു ബാധ്യതയാണ്. ദൈവത്തിന്റെ ദാനങ്ങളും അതുപോലെത്തന്നെ നമ്മുടെ ഒരു നിമിഷത്തെ തീരുമാനം ആവശ്യപ്പെടുന്നു. അവനെ സ്വീകരിക്കുക എന്നുവെച്ചാൽ നമ്മുടെ അടിത്തറയെ തന്നെ അവന് സമർപ്പിക്കലാണെന്നതുകൊണ്ട്, ധാരാളം പേർ മതത്തിന്റെ പേരിൽ വേട്ടക്കാരെപ്പോലെ വിലപേശുന്നവരും ധാർമ്മികതയിൽ അത്ര താല്പര്യമൊന്നുമില്ലെങ്കിലും അതിനെ പ്രതിരോധിക്കുന്നവരും ഒക്കെയായി കാണപ്പെടുന്നു, പക്ഷേ വ്യാജദൈവങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് കീറിക്കളയാൻ ഇക്കൂട്ടർ ഒരുമ്പെടുന്നില്ല.
അവർക്ക് രക്ഷപ്പെടണം,എന്നാൽ അതിന് വിലയായി കുരിശെടുക്കാൻ പറ്റില്ല ; അവരുടെ ജീവിതങ്ങളിൽ പണ്ടത്തെ അതേ വെല്ലുവിളി പ്രതിധ്വനിക്കുന്നു, ‘കുരിശിൽനിന്നിറങ്ങി വന്നാൽ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം’.
തുടരും..
വിവർത്തനം : ജിൽസ ജോയ്



Leave a comment