യേശുവിന് നിങ്ങളെ ആവശ്യമുണ്ട്

1975 മുതൽ മൂന്നോ നാലോ കൊല്ലത്തേക്കാണ് കമറൂഷ്‌ ( Khmer Rouge) എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയുടെ വംശഹത്യകളുടെ പേരിൽ കമ്പോഡിയ നരകയാതന അനുഭവിച്ചത്. അപ്പോഴേക്കും 1.3 മില്യൺ മുതൽ 3 മില്യൺ വരെ ആളുകൾ മരണപ്പെട്ട് കമ്പോഡിയയുടെ ജനസംഖ്യ 25% കുറഞ്ഞെന്നുള്ളതാണ്.

അങ്ങനെ ആ സമയത്ത്, കമ്പോഡിയയിലെ ഒരു ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ പട്ടാളക്കാർ, കുടിലിനു വെളിയിലേക്ക് ഗ്രാമവാസികളെ എത്തിച്ച് ഒരു വലിയ കുഴി കുഴിക്കാനായി എല്ലാവരെയും നിരത്തി നിർത്തി. വലിയ താഴ്ചയും നീളവുമുള്ള ആ കുഴി കുഴിച്ചുകൊണ്ടിരിക്കെ ആ പാവപ്പെട്ടവർക്ക് മനസിലായി തങ്ങളുടെ തന്നെ ശവക്കുഴിയാണ് തങ്ങളീ തോണ്ടിക്കൊണ്ടിരിക്കുന്നതെന്ന്. എല്ലാവരെയും അതിലിട്ടു മൂടാനാണ് പട്ടാളക്കാരുടെ ഉദ്ദേശം.

ആ ജനങ്ങൾ ആരോടെന്നില്ലാതെ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. കുറേപ്പേർ ബുദ്ധനോടും കുറേപേർ തങ്ങളുടെ പൂർവ്വികരോടും കുറേപ്പേർ പൈശാചിക ശക്തികളോടും… അങ്ങനെ, രക്ഷപ്പെടാൻ ആരിലേക്ക് തിരിയണം എന്നറിയാതെ ഈ ഗ്രാമവാസികൾ അലമുറയിടവേ, ഒരു സ്ത്രീ, തന്റെ അമ്മ ഒരിക്കൽ എവിടുന്നോ കിട്ടിയ വിവരമനുസരിച്ച്, കുരിശിൽ തൂങ്ങിമരിച്ച ദൈവത്തെ പറ്റി പറഞ്ഞിരുന്നത് ഓർത്തു. എണ്ണമറ്റ പീഡകൾ സഹിച്ചുമരിച്ച ദൈവത്തിന് മരിക്കാൻ വിധിക്കപ്പെട്ടവരോട് കരുണയുണ്ടാകാതിരിക്കില്ല എന്നവൾക്ക് തോന്നി.

കുറച്ചുസമയത്തിനുള്ളിൽ അവൾ മാത്രമല്ല, ആ ഗ്രാമവാസികൾ മുഴുവൻ കുരിശിൽ മരിച്ച ദൈവത്തോട് നിലവിളിക്കുന്നവർ ആയി മാറി.പിന്നീട് അവർ നിലവിളി നിർത്തിയപ്പോൾ എങ്ങും നിശബ്ദത.. തിരിഞ്ഞു നോക്കിയ അവർക്ക് ആയുധധാരികളായ പട്ടാളക്കാരെ എങ്ങും കാണാൻ കഴിഞ്ഞില്ല.

അന്നുമുതൽ അവർ.. ഒരു ഗ്രാമം മുഴുവൻ, തുടങ്ങിയ കാത്തിരിപ്പാണ്, അവനെപ്പറ്റി.. കുരിശിൽ മരിച്ച ആ ദൈവത്തെ പറ്റി.. തങ്ങളോട് കൂടുതൽ പറയാൻ സാധിക്കുന്ന ഒരാൾക്ക് വേണ്ടി. സെപ്തംബർ 1999ൽ ഒരു കമ്പോഡിയൻ പാസ്റ്റർ അവരോട് യേശുവിനെ പറ്റി പ്രസംഗിക്കാനായി ചെന്നു. അയാളുടെ കൈ കൂട്ടിപ്പിടിച്ച് പ്രായം ചെന്ന സ്ത്രീകൾ കണ്ണീരോടെ പറഞ്ഞു, ” താങ്കൾക്കറിയാമോ, ഇരുപത് വർഷങ്ങളായി ഞങ്ങൾ താങ്കൾക്കുവേണ്ടി കാത്തിരിക്കുകയാണ്, കുരിശിൽ മരിച്ച യേശുവിനെ പറ്റി പറയുന്ന ഒരാൾക്കായി “!!!!

“ഞാൻ ഈ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” (യോഹ 12:32)

വയലുകൾ വിളഞ്ഞു പാകമായി ഇരിക്കുമ്പോഴും കൊയ്യാൻ വേലക്കാർ വിരളം. അസ്വസ്ഥമായ ലോകത്തിൽ സമാധാനം വിതക്കുന്ന വാക്കാണ് ‘യേശു’. എഴുപത്തിരണ്ടുപേരെ അവൻ അയച്ചത്… പന്ത്രണ്ടുപേരെ ലോകമെങ്ങും അയച്ചത്… ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുപ്പിച്ചിട്ടല്ല. ഒരേയൊരു കാര്യം അറിയാമായിരുന്നു അവർക്ക്..

അവനെ. ആത്മാവ് നിറയാനുള്ള പ്രാർത്ഥന മാത്രം മതിയാരുന്നു അവന് അവരെ ശക്തിപ്പെടുത്തി

പറഞ്ഞയക്കാൻ.

ഒരു നിരീശ്വരവാദി അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ച ഒരാളോട് ചോദിച്ചു,

“അപ്പോൾ, നിങ്ങളാണ് മതംമാറിയത് . അല്ലേ?”

“അതെ”

“നിങ്ങൾക്ക് അവനെപ്പറ്റി ഒരുപാട് കാര്യങ്ങൾ അറിയാമായിരിക്കും”.

“ഏയ്‌ ഇല്ല, എനിക്കത്ര വിദ്യാഭ്യാസമൊന്നുമില്ല “

“അവനെവിടെ ജനിച്ചെന്നും എവിടെ മരിച്ചെന്നും എന്താണ് അവൻ പറഞ്ഞതെന്നുമൊക്കെ അറിയാമായിരിക്കും മിനിമം “

“എനിക്കതെല്ലാം അറിഞ്ഞിരിക്കണമെന്നുണ്ട്, പക്ഷേ തൽക്കാലം എനിക്ക് അധികമൊന്നുമറിയില്ല”

“എന്നാൽ പിന്നെ നീ നല്ല ബെസ്റ്റ് ക്രിസ്ത്യാനിയാണല്ലോ ” നിരീശ്വരവാദി പരിഹസിച്ചു.

” എനിക്കൊന്നേ അറിയാവൂ, മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് ഞാനൊരു മദ്യപാനി ആയിരുന്നു, കടത്തിലായിരുന്നു. എല്ലാം തകർന്നിരിക്കുകയായിരുന്നു, ഞാൻ വീട്ടിലെത്തുന്നത് എന്റെ ഭാര്യയും മക്കൾക്കും ഭയമായിരുന്നു. അങ്ങനെയിരിക്കെ ഞാൻ ഈശോയെ അറിഞ്ഞു. ഇപ്പോൾ ഞാൻ കുടിക്കാറില്ല, എനിക്ക് കടമില്ല , വീട്ടിൽ വളരെ സന്തോഷമാണ്, ഇതെല്ലാം യേശു കാരണമാണ്. അതെ എനിക്കറിയാവൂ. അത് ഞാൻ മറ്റുള്ളവരോട് പറയുകയും ചെയ്യുന്നു”.

നമ്മൾ ദൈവത്തിന്റെ സ്വന്തമാണ്. ‘ജീവിച്ചാലും മരിച്ചാലും അത് ദൈവത്തിന് വേണ്ടിയാണ് ‘. ദൈവവിളി കിട്ടി സമർപ്പിതരായവർ, ദൈവവിളി കിട്ടാതെ കുടുംബജീവിതം നയിക്കുന്നവർ എന്നൊന്നുമില്ല, എല്ലാവർക്കും ഒരേ വിളിയാണ്. ദൈവം തന്ന ഈ ജീവിതം അവനുവേണ്ടി ജീവിക്കാനാണ്. എന്തുചെയ്താലും അവനുവേണ്ടി ചെയ്യാൻ…വിവാഹം കഴിച്ചാലും, ഒരു ജോലിയിൽ പ്രവേശിച്ചാലും ഒക്കെ, ആയിരിക്കുന്ന ജീവിതാവസ്ഥകളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടവരും അവനെ പ്രഘോഷി ക്കേണ്ടവരുമാണ് നമ്മൾ. ആഫ്രിക്കയിലേക്കോ കമ്പോഡിയയിലേക്കോ പോയാൽ മാത്രമേ മിഷണറി ആവാൻ പറ്റൂ എന്നില്ല.ഇപ്പറഞ്ഞതിലൂടെയും, അവന്റെ വേലക്കായി ആളുകൾ അയക്കപ്പെടാനുള്ള പ്രാർത്ഥനയിലൂടെയുമൊക്കെ നല്ലൊരു മിഷണറി ആവാൻ കഴിയും. വിളവിന്റെ നാഥനോട് പ്രാർത്ഥിക്കാം.

യേശുവിന് നിങ്ങളെ ആവശ്യമുണ്ട് മിഷണറി ആയി. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ, അവനെ അറിയാമെങ്കിൽ..

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment