ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ‘Is God Hard to Find? ‘എന്ന അധ്യായം വിവർത്തനം ചെയ്തതിന്റെ ബാക്കി.
കുറെയേറെ ആത്മാക്കൾ ദൈവത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണം – അവർക്ക് സമൂഹത്തെ പുനർനിർമ്മിക്കണം എന്നാൽ തങ്ങളെത്തന്നെ പുനർനിർമ്മിക്കുന്ന ,നവീകരിക്കുന്ന, മതം അവർ ഇഷ്ടപ്പെടുന്നില്ല…കാരണം അവർക്ക് മുൾക്കിരീടവും കുരിശുമില്ലാത്ത രക്ഷകനെ മതി…കാരണം അവർക്ക് അവരുടെ തന്നെ ബ്ലൂപ്രിന്റ് മതി ദൈവത്തിന്റെ വേണ്ട ..
ഇനി, ദൈവത്തോട് പോസിറ്റിവ് ആയി പ്രത്യുത്തരിക്കുന്ന ആത്മാക്കൾക്ക് സംഭവിക്കുന്നതെന്താണ്?
ആദ്യം, അങ്ങനെയുള്ള ആത്മാക്കൾ ഊഹാപോഹങ്ങളിൽ നിന്ന് വിധേയത്വത്തിലേക്ക് നീങ്ങുന്നു.മതത്തെ സംബന്ധിച്ച കാര്യങ്ങളിൽ, ‘എന്തുകൊണ്ട് ‘ ‘ എന്തിന് ‘ എന്ന ചോദ്യങ്ങളിൽ നിന്ന്.. വേണം, ചെയ്യണം, ചെയ്യാം എന്നതിലേക്ക് പോകുന്നു. ദൈവികതയെ ഇഴകീറി പരിശോധിക്കാതെ, എങ്ങനെ അവിടുത്തെ പ്രീതിപ്പെടുത്താം എന്നാകും ഇനിയുള്ള ചിന്ത.
പഠനത്തിലൂടെ ദൈവത്തെ അറിയുന്നതും സ്നേഹത്തിലൂടെ അറിയുന്നതും തമ്മിൽ ഭൂലോകവ്യത്യാസമുണ്ട്, കത്തുകളിലൂടെ കൈമാറുന്ന പ്രണയവും നേരിട്ടുള്ളതും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നോ അതുപോലെ. അനേകം അധ്യാപകരുടെ കൈവശം, പ്രാർത്ഥിക്കുന്നവരെക്കാൾ ദൈവം ഉണ്ടെന്നതിന് തെളിവുകളുണ്ട്. പക്ഷേ ഉള്ള അറിവ് വെച്ച് ഒരിക്കലും അവർ പ്രവർത്തിക്കാത്തതിനാൽ, അറിവിലൂടെ കണ്ടെത്തിയ ദൈവത്തെ, ഒരിക്കലും അവർ സ്നേഹിക്കാൻ ശ്രമിക്കാതിരുന്നതിനാൽ, ദൈവത്തെക്കുറിച്ചുള്ള പുതിയ അറിവൊന്നും അവർക്ക് നൽകപ്പെടുന്നില്ല. മതത്തെ പറ്റി ഏറെ സംസാരിക്കുമെങ്കിലും അവർ അതുവെച്ച് കാര്യമായൊന്നും ചെയ്യാത്തതിനാൽ അവരുടെ അറിവ് വന്ധ്യമായി നിലകൊള്ളുന്നു.
ഇതിന് വിരുദ്ധമായി, ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് ദൈവത്തെക്കുറിച്ചുള്ള ചെറിയ അറിവ് പോലും സ്നേഹത്തോടെ സ്വീകരിക്കുന്നു. അവർക്കായി ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ വാതിലുകൾ തുറക്കപ്പെടുന്നു. അങ്ങനെയുള്ളവരിൽ ദൈവസ്നേഹം കൊണ്ടുവരുന്ന ദൈവജ്ഞാനം, അതിന്റെ ഉറപ്പിലും ഉന്മയിലും, പ്രൊഫസർമാരുടെ പുസ്തകത്തിൽ നിന്നുള്ള അറിവിനെ നിഷ്പ്രഭമാക്കുന്നതാണ്.
ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് മതത്തെപ്പറ്റി ചിന്തിക്കുന്നത് ദൈവഹിതത്തോട് അനുരൂപപ്പെടുത്തിയാണ്. ‘എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ ‘ എന്നാണ് അവന്റെ പ്രാർത്ഥന. ദൈവത്തെ ഉപയോഗിക്കാൻ ഇനി അവന് താല്പര്യമില്ല, ദൈവത്താൽ ഉപയോഗിക്കപ്പെടാനാണ് ആഗ്രഹം. മറിയത്തെപ്പോലെ അവൻ പറയുന്നു ‘നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’, അല്ലെങ്കിൽ പൗലോസിനെപ്പോലെ ‘കർത്താവെ, ഞാനെന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്’, അല്ലെങ്കിൽ യോഹന്നാനെപ്പോലെ ‘അവൻ വളരുകയും ഞാൻ കുറയുകയും വേണം’ എന്ന് പറയുന്നു.
അഹംഭാവത്തെയും സ്വാർത്ഥതയെയും നശിപ്പിച്ച് മനസ്സ് മുഴുവൻ ദൈവത്തിന് വിധേയപ്പെടുത്തുന്നത്, നമ്മുടെ സജീവപ്രവർത്തനങ്ങൾക്ക് ഒരു മന്ദതയും വരുത്തുന്നില്ല, കൂടുതൽ ഉത്സാഹം കൊണ്ടുവരികയാണ് അത് ചെയ്യുക കാരണം അപ്പോൾ ആ മനുഷ്യൻ ജീവിതത്തെ മനസ്സിലാക്കുന്നത് ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ദുർബ്ബലനായ ഒരാളെക്കാൾ, ശക്തനായ മേധാവിയുടെ കീഴിലാകുമ്പോൾ പട്ടാളക്കാർക്ക് കൂടുതൽ ഉത്സാഹം കൈവരുന്നതുപോലെ, ദൈവികമായ ഊർജ്ജത്തോട് കൂടിച്ചേരുമ്പോൾ നന്മ ചെയ്യാൻ അയാൾക്ക് കൂടുതൽ ആഗ്രഹമുണ്ടാകുകയാണ് ചെയ്യുന്നത്. “നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക ; നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും…'( യോഹ.15: 7-8).
തങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്വാർത്ഥരായ മനുഷ്യർക്ക്, തീവ്രമായും സത്യമായും ദൈവത്തോടുള്ള സ്നേഹത്തിൽ ഒന്നായിരിക്കുന്ന ആത്മാക്കളുണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. പക്ഷേ മെഴുകുതിരിയുടെ പ്രകാശവും ചൂടും ഇഷ്ടപ്പെടുന്നവർ സൂര്യപ്രകാശത്തെ കൂടുതൽ വിലമതിക്കണമെന്നുള്ളത് മനസ്സിലാക്കാൻ ഇത്രക്ക് പ്രയാസമുണ്ടോ?
ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് വൃത്തപരിധിയിൽ നിന്ന് കേന്ദ്രത്തോട് ഇപ്പോൾ അടുത്തുകൊണ്ടിരിക്കുന്നു. രാഷ്ട്രീയം, സാമ്പത്തികം, പോലുള്ള ഭൗതികകാര്യങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ദൈവത്തിന് പ്രാധാന്യം കൂടുകയും ചെയ്യുന്നു. സഹജരെ സ്നേഹിക്കുന്നില്ലെന്നല്ല അതിനർത്ഥം. ദൈവത്തിൽ, അവരെ കൂടുതൽ സ്നേഹിക്കാൻ കഴിയുന്നു.
അഹംഭാവികൾ വിശുദ്ധർക്ക് നേരെ നിന്ദനം ചൊരിയുന്നത് തങ്ങളുടെ തന്നെ കുറവുകളും തങ്ങൾക്ക് നേരെ വരേണ്ട നിന്ദനവും മറയ്ക്കുന്നതിനാണ്. അവർക്ക് മനസ്സിലാകാത്തതിനെ അവർ സംശയിക്കുന്നു. പ്രണയിക്കുന്നവരെ നോക്കി ചിലർ പറയാറുള്ളതുപോലെയാണ് അവരുടേയും പരിഹാസം , ‘എനിക്ക് മനസ്സിലാകുന്നില്ല അവളിൽ എന്ത് കണ്ടാണ് ഇവനിങ്ങനെ സ്നേഹിക്കുന്നത് ന്ന് ‘.എന്നുപറയുന്നത് നമ്മൾ കേൾക്കാറില്ലേ .തീർച്ചയായും മനസ്സിലാവില്ല, കാരണം സ്നേഹത്തിന് കണ്ണില്ലെന്നല്ലേ. ഹൃദയത്തിന്റെ കണ്ണ് കൊണ്ട് നോക്കുമ്പോൾ, മറ്റുള്ളവർ കാണാത്ത മാധുര്യവും സ്നേഹവും പ്രണയിനിയിൽ അവൻ കണ്ടെത്തുന്നു. ഇതേ ഉപമ ദൈവികതലത്തിലേക്ക് ഉയർത്തിയാൽ മനസ്സിലാവും മാനസാന്തരപ്പെടാത്തവർക്ക് എന്തുകൊണ്ടാണ് ദൈവസ്നേഹം വിഡ്ഢിത്തമായി തോന്നുന്നതെന്ന്. ഒരു വിശുദ്ധൻ ദൈവത്തിൽ കാണുന്നത്, അനുഭവിക്കുന്നത്, അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
നമ്മുടെ സന്തോഷത്തിന്റെ രഹസ്യം അതിന്റെ കേന്ദ്രം എന്താണെന്നതിലാണ്. ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് അതിന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണകളോട് ബധിരനെ പോലെയാണ്, കാരണം അതിന് ദൈവമാണ് എല്ലാം.
ശരിക്കും ദൈവത്തിൽ കേന്ദ്രീകൃതമായിരിക്കുന്ന ആത്മാവ് അതിന്റെ തന്നെ നന്മയാൽ അല്ല നയിക്കപ്പെടുന്നത് ; ദൈവത്തിന്റെ ആത്മാവിനാലാണ്. ഒരാൾ തനിയെ വഞ്ചി തുഴയുന്നതും കാറ്റുള്ളപ്പോൾ അതിന്റെ പായകൾ തനിയെ അതിനെ വഹിച്ചുകൊണ്ടുപോകുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ?ദൈവം നൽകുന്ന വരദാനങ്ങളിലും കൃപയിലും ജീവിക്കുന്ന ആത്മാവ് അതിന്റെ സ്വന്തം പ്രയത്നത്തെക്കാൾ, ദൈവത്താൽ മുന്നോട്ട് നയിക്കപ്പെടുന്നു. തത്വചിന്തകന്മാരെയെല്ലാം നിഷ്പ്രഭയാക്കിയ വിശുദ്ധ കാതറിനെപ്പോലെ, അങ്ങനെയുള്ള ആത്മാവിന്റെ അറിവ് പുസ്തകങ്ങളിൽ നിന്നുള്ള അറിവിനെ ഒന്നുമല്ലാതാക്കുന്നു.
തത്വശാസ്ത്രം ഇത് വ്യക്തമായി പറഞ്ഞുതരും.എല്ലാ മനസ്സുകൾക്കും രണ്ട് വശമുണ്ട്. ഒന്ന് അനുമാനങ്ങളുടേതും ഊഹാപോഹങ്ങളുടേതും ..അത് തിയറികൾ പഠിക്കുന്നു. പിന്നെയുള്ളത് പ്രായോഗികവശം. അത് മനുഷ്യരുടെ പ്രവൃത്തികളെ നയിക്കുന്നു. പാപകരമായ ഒരു ജീവിതം, ആദ്യം പറഞ്ഞതിനെ ഇല്ലാതാക്കുന്നില്ല. അതുകൊണ്ടാണ് പാപിയായ ഒരു മനുഷ്യന് ഒരു വിശുദ്ധനെ പോലെ തന്നെ ഗണിതത്തിലോ മറ്റ് സാഹിത്യകലാവിഷയങ്ങളിലൊ ശോഭിക്കാൻ കഴിയും. എന്നാൽ, അത്രയും അറിവുള്ള ആ ഗണിതശാസ്ത്രജ്ഞൻ ധാർമികതയെപറ്റിയോ ആത്മീയതയെപറ്റിയോ ഒക്കെ എഴുതാൻ തുനിഞ്ഞാൽ ആകെ ആശയകുഴപ്പമായിരിക്കും. ദൈവത്താൽ നയിക്കപ്പെടുന്ന ആളുടെ ചിന്തകളെന്ന പോലെ തന്നെ പ്രായോഗികബുദ്ധിയും ദൈവത്താൽ പ്രകാശിപ്പിക്കപ്പെടുന്നതുകൊണ്ട് മറ്റുള്ളവരെ നയിക്കാനും വഴികാട്ടാനും കൂടുതൽ യോഗ്യതയുള്ളവനായിരിക്കും.
ഉപദേശം നൽകാൻ എല്ലാവർക്കും കഴിയില്ല. വിവാഹമോചിതനായ ഒരാൾ വിവാഹിതരെ ഉപദേശിച്ചാൽ ശരിയാവില്ല. ഹൃദയശുദ്ധിയില്ലാത്ത അധ്യാപകരോ മനഃശാസ്ത്രജ്ഞനോ യുവാക്കളെ ഉപദേശിച്ചാൽ ശരിയാവില്ല. ‘അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ ‘. ശരിയെയും തെറ്റിനെയും പറ്റിയുള്ള ഉപദേശങ്ങൾ പ്രാർത്ഥിക്കാത്ത ഒരുവനിൽ നിന്ന് ഒരിക്കലും ചോദിക്കരുത്, അയാൾക്ക് നാഡികോശങ്ങളെ ക്കുറിച്ചോ തൈറോയിഡിനെ കുറിച്ചോ ഒക്കെ പ്രാർത്ഥിക്കുന്നവനെക്കാൾ ആയിരം മടങ്ങ് അറിവുണ്ടെങ്കിലും. നഗ്നനേത്രങ്ങളേക്കാൾ ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ നക്ഷത്രങ്ങളെ വ്യക്തമായി കാണാൻ കഴിയുന്നതുപോലെ വിശ്വാസത്താൽ പ്രകാശിപ്പിക്കപ്പെടുന്ന അനുമാനങ്ങൾ വാസ്തവം മനസിലാക്കുന്നു.
അങ്ങനെ, ദൈവത്തെ കണ്ടെത്താൻ ബുദ്ധിമുട്ടാണോ ( Is God Hard to find ) എന്ന ചോദ്യത്തിന്റെ ഉത്തരം മുഴുവനായും നമ്മളിൽ ആശ്രയിച്ചാണ് ഇരിക്കുന്നത്. 38 വർഷം കുളക്കടവിൽ സുഖം പ്രാപിക്കാതെ കിടന്ന മനുഷ്യനെപ്പോലെയാണ് നമ്മളിൽ അധികം പേരും. വെള്ളമിളകുമ്പോൾ കുളത്തിൽ തന്നെ ഇറക്കാൻ ആരുമില്ലെന്നതായിരുന്നു അയാളുടെ പരാതി. അയാൾക്ക് രോഗശാന്തി ‘ആവശ്യമായിരുന്നു’ പക്ഷേ അവൻ അത് വേണ്ടപോലെ ‘ആഗ്രഹിച്ചില്ല’. തങ്ങളുടെ അവസ്ഥക്ക് ഇതുപോലെ മറ്റുള്ളവരെ കുറ്റം പറഞ്ഞുകഴിയുന്നവർ ഒരുപാടുണ്ട്. നമ്മുടെ കർത്താവ് വന്നപ്പോൾ, അവന് ഏറ്റവും അസാധ്യമെന്നു അവൻ വിചാരിച്ചിരുന്ന കാര്യമാണ് അവനോട് ചെയ്യാൻ പറഞ്ഞത്. അവന്റെ കിടക്കയുമെടുത്തു നടക്കാൻ.
ഏറ്റവും ആവശ്യമായത് ആഗ്രഹമായിരുന്നു. അവൻ വേണ്ടത്ര ആഗ്രഹിക്കാഞ്ഞത് കൊണ്ട് അവന് അത്രയും കൊല്ലങ്ങൾ രോഗിയായി കഴിയേണ്ടി വന്നു. നമ്മുടെ ജീവിതത്തിൽ പരാജയങ്ങൾ കുറെയൊക്കെ ഉണ്ടാകുന്നത്, അത് പരിഹരിക്കാൻ ആവശ്യമായ ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഇല്ലാത്തതുകൊണ്ടാണ്. യുദ്ധം വേണ്ടെന്ന് നമ്മൾ പറയുന്നു. പക്ഷേ യുദ്ധം ഉണ്ടാകാനുള്ള കാരണങ്ങൾ നമ്മൾ വേണ്ടെന്നു വെക്കില്ല. അതുപോലെ അനേകം പേർ പറയും ഞങ്ങൾക്ക് സന്തോഷം വേണമെന്ന്. പക്ഷേ സന്തോഷം കൊണ്ടുവരുന്ന കാര്യങ്ങൾ ആഗ്രഹിക്കുന്നത് അവർ വേണ്ടെന്നു വെക്കുന്നു. ‘ നിങ്ങൾ എന്നെ അന്വേഷിക്കും. പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും’ ( ജെറ 29:13) ആളുകൾ അസന്തുഷ്ടരായി തുടരുന്നതിന്റെ മൂലകാരണം അവർ വേണ്ടവിധത്തിൽ സന്തോഷം ആഗ്രഹിക്കാത്തതുകൊണ്ടുതന്നെയാണ്.
ഏത് സാഹിത്യം എടുത്തുനോക്കിയാലും സങ്കീർത്തനങ്ങൾ 139ൽ ഉള്ളതുപോലെ ദൈവസാന്നിധ്യത്തെപ്പറ്റി ഇത്രയും നന്നായി വിവരിക്കുന്നത് കാണാൻ പറ്റില്ല. നമ്മൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവന്റെ നന്മ നമ്മുടെ നിന്ദനകാരണമാകുന്നതാണ് എന്താണെന്നുവെച്ചാൽ അവനോടൊത്തുള്ള ഒന്നാകൽ പാപത്തിൽ നിന്നുള്ള വിട്ടുമാറ്റം ആവശ്യപ്പെടുന്നു. നമ്മുടെ ഹൃദയത്തിലേക്ക് നോക്കി അതിലെ മ്ലേച്ഛതയെല്ലാം കാണുന്ന ദൈവത്തിന്റെ മുൻപിൽ മുട്ടിൽ വീഴാതെ നമുക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ല.
നമുക്ക് അവനെ അറിയാം പക്ഷേ അവനാൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് വളരെ കുറച്ചുപേർ മാത്രം. സൃഷ്ടവസ്തുക്കൾ നമുക്കിഷ്ടമാണ്. കാരണം അവയൊക്കെ സൃഷ്ടിച്ചപ്പോൾ അവൻ അതിലെല്ലാം അവന്റെ സ്നേഹം നിക്ഷേപിച്ചു, അല്ലെങ്കിൽ അതൊന്നും സ്നേഹയോഗ്യമാകില്ലായിരുന്നു. എങ്കിലും വളരെ കുറച്ചുപേർ മാത്രം അവനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു കാരണം അവൻ നമ്മെ ഒരുപാട് സ്നേഹിക്കുന്നു ! അവന് നമ്മൾ പൂർണ്ണരാകണം., നമുക്കോ? അങ്ങനെ ആകണ്ട.
ആദത്തിന്റെ സമയം മുതലേ മനുഷ്യർ ദൈവത്തിൽ നിന്ന് ഒളിക്കാൻ തുടങ്ങിയതാണ് ‘ God is hard to find ( ദൈവത്തെ കണ്ടെത്താൻ പ്രയാസമാണ് )എന്ന് പറഞ്ഞുകൊണ്ട്. സത്യം എന്താണെന്ന് വെച്ചാൽ, ഓരോ ഹൃദയത്തിലും ദൈവം അവനായി ഉണ്ടാക്കിയ ഒരു രഹസ്യപൂന്തോട്ടം ഉണ്ട്. പൂന്തോട്ടം, അനേകസമ്പത്തുള്ള നിലവറ സംരക്ഷിക്കുന്ന പോലെ പൂട്ടിവച്ചിരിക്കുന്നു. അതിന് രണ്ട് താക്കോലുകളുണ്ട്. ദൈവത്തിന്റെ കയ്യിലാണ് ഒരു താക്കോൽ, അതുപയോഗിച്ച് ദൈവത്തിന് മാത്രമേ ആരെയെകിലും ഉള്ളിൽ കയറ്റാനോ കയറാനോ പറ്റൂ. മനുഷ്യന് അതിൽ തൊടാൻ പറ്റില്ല. മനുഷ്യഹൃദയത്തിന്റെ പക്കലാണ് മറ്റേ താക്കോൽ. മനുഷ്യന്റെ അനുമതി ഇല്ലാതെ ദൈവത്തിന് പോലും അതിലൂടെ കയറാൻ പറ്റില്ല. എപ്പോഴാണോ ദൈവസ്നേഹവും മനുഷ്യസ്വാതന്ത്ര്യവും.. ദൈവവിളിയും മനുഷ്യന്റെ പ്രത്യുത്തരവും ആകുന്ന രണ്ട് താക്കോലുകൾ ഒരുമിച്ചുവരുന്നത്, അപ്പോൾ പറുദീസ മനുഷ്യഹൃദയത്തിലേക്ക് തിരിച്ചുവരുന്നു. ദൈവം എപ്പോഴും പൂന്തോട്ടത്തിന്റെ വാതിൽക്കൽ അവന്റെ താക്കോലും പിടിച്ച് നിൽപ്പുണ്ട്. നമ്മൾ നമ്മുടെ താക്കോൽ നഷ്ടപ്പെട്ട പോലെയും തിരയുന്ന പോലെയുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും നമ്മുടെ താക്കോൽ നമ്മുടെ കയ്യിൽതന്നെ ഉണ്ട്. വിശുദ്ധരെപ്പോലെ ആനന്ദം നമുക്കില്ലാത്തതിന്റെ കാരണം നമ്മൾ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ്.
വിവർത്തനം : ജിൽസ ജോയ്



Leave a comment