രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി !!
എലിസബത്ത് രാജ്ഞി അവധിക്കാലം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതും അവരുടെ അന്ത്യദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ബാൽമോറൽ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ശരീരം വിട പറഞ്ഞു കഴിഞ്ഞു. സ്ക്കോട്ട്ലാൻഡിലെ ആ കാസിലിന് സമീപത്തുള്ള മലനിരകളിൽ വെച്ചുണ്ടായ ഒരു സംഭവം, പണ്ട് രാജകീയ സുരക്ഷാഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന റിച്ചാർഡ് ഗ്രിഫിൻ പറഞ്ഞത് രാജ്ഞിയുടെ നർമ്മബോധവും അവർ തമാശ എത്ര ആസ്വദിച്ചിരുന്നു എന്നും വെളിവാക്കുന്നതാണ്.
ബോഡിഗാർഡായ ഗ്രിഫിനൊപ്പം രാജ്ഞി മനോഹരമായ ആ മലയിൽ നിൽക്കുമ്പോൾ അമേരിക്കയിൽ നിന്നുള്ള രണ്ട് ടൂറിസ്റ്റുകൾ അവരോട് സംഭാഷണത്തിലേർപ്പെട്ടു. അവർക്കാണെങ്കിൽ അത് എലിസബത്ത് രാജ്ഞി ആണെന്ന് മനസ്സിലായിട്ടില്ല. എവിടെയാണ് താമസം എന്നുള്ള അവരുടെ ചോദ്യത്തിന് രാജ്ഞി ‘ലണ്ടൻ’ എന്ന് മറുപടി പറഞ്ഞു. സ്ക്കോട്ട്ലാൻഡിൽ മലകൾക്കപ്പുറത്ത് തനിക്കൊരു അവധിക്കാലവസതി ഉണ്ടെന്നും ചെറിയ കുട്ടി ആയിരിക്കുമ്പോൾ മുതൽ 80ൽപരം വർഷങ്ങളായി താൻ എല്ലാ അവധിക്കാലത്തും അവിടെ വന്ന് താമസിക്കാറുണ്ടെന്നും രാജ്ഞി കൂട്ടിച്ചേർത്തു.
അബെദീൻഷെയറിലുള്ള ബാൽമോറൽ എന്ന രാജകീയവസതിയെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് രാജ്ഞി വ്യക്തമാക്കിയില്ല.പക്ഷേ, രാജകുടുംബത്തിന്റെ ആ വസതി ഈ മലനിരകൾക്ക് സമീപത്താണെന്ന് അറിയാമായിരുന്ന സഞ്ചാരികളുടെ അടുത്ത ചോദ്യം ‘എപ്പോഴെങ്കിലും രാജ്ഞിയെ കാണാൻ സാധിച്ചിട്ടുണ്ടോ?’ എന്നതായിരുന്നു! ഒട്ടും വൈകാതെ രാജ്ഞി വെച്ചുകാച്ചിയത് “ഞാൻ കാണാറില്ല, ഈ വിരുതൻ കാണാറുണ്ട് രാജ്ഞിയെ” എന്നായിരുന്നു. രാജ്ഞിയുടെ ഭരണത്തിന്റെ എഴുപതാം വാർഷികാഘോഷവേളയിൽ സ്കൈ ന്യൂസിലാണ് ഗ്രിഫിൻ ഇത് ഓർത്തുപറഞ്ഞത്.
അപ്പോൾ അവരുടെ ചോദ്യം ബോഡിഗാർഡിനോടായി, ‘രാജ്ഞി ആളെങ്ങനെയാണ്?’ ഏറെക്കാലം രാജ്ഞിയുടെ സുരക്ഷാഉദ്യോഗസ്ഥനായായിരുന്ന ഗ്രിഫിൻ, അവരെ കളിയാക്കാൻ തനിക്കുള്ള സ്വാതന്ത്ര്യം മുതലെടുത്ത് രാജ്ഞിയെ ഒളിക്കണ്ണിട്ടു നോക്കിക്കൊണ്ട് അവരോട് പറഞ്ഞു, “ഓ, ചിലപ്പോഴൊക്കെ ആള് ഒരു മുരട്ടുസ്വഭാവക്കാരിയാണെങ്കിലും ഭയങ്കര തമാശക്കാരിയാണ് “.
സന്തോഷത്തോടെ ആ ഹൈക്കർ ഗ്രിഫിന്റെ തോളിലൂടെ കയ്യിട്ട്, നമുക്കൊന്നിച്ചു ഒരു ഫോട്ടോ എടുത്താലോ എന്ന് പറയലും ഗ്രിഫിന് എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയും മുൻപ് ക്യാമറ രാജ്ഞിയുടെ കയ്യിൽ വെച്ചുകൊടുത്ത് ചോദിക്കലും ഒന്നിച്ചു കഴിഞ്ഞു, “ഞങ്ങളുടെ ഫോട്ടോ ഒന്നെടുക്കാമോ?”
രാജ്ഞി സമ്മതിച്ചു. അതുകഴിഞ്ഞു ഗ്രിഫിൻ രാജ്ഞിയെയും ടൂറിസ്റ്റുകൾ രണ്ടാളെയും ചേർത്ത് ഫോട്ടോയെടുത്തു. അതിനും രാജ്ഞി എതിരൊന്നും പറഞ്ഞില്ല. പിന്നീട് രാജ്ഞി ഗ്രിഫിനോട് പറഞ്ഞത്രേ, “അയാൾ അമേരിക്കയിൽ പോയി സുഹൃത്തുക്കൾക്ക് ആ ചിത്രങ്ങൾ കാണിക്കുമ്പോൾ, ഏതെങ്കിലും ഒരാൾ ഞാനാരാണെന്ന് പറഞ്ഞുകൊടുക്കുന്ന സമയത്ത് അവിടുത്തെ ചുവരിൽ ഒരു ഈച്ചയായി ഞാൻ ഉണ്ടായെങ്കിൽ എന്നെനിക്ക് വലിയ ആഗ്രഹമുണ്ട്”..
70 വർഷങ്ങളോളം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയായിരുന്ന്, തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ മരിച്ച എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരചടങ്ങുകൾ പുരോഗമിക്കേ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ സമ്മിശ്രവികാരങ്ങളായിരിക്കും. സുദീർഘമായ ഒരു ഭരണകാലത്തിന് തിരശീല വീഴുമ്പോൾ, അരങ്ങൊഴിഞ്ഞ് യാത്രയാകുമ്പോൾ , എന്തിനെന്നറിയാത്ത ഒരു വിഷാദം ഭൂരിഭാഗം പേർക്കുമുണ്ടാകുമെന്ന് തോന്നുന്നു.
ജിൽസ ജോയ് ![]()



Leave a comment