Kochuthresia Novena Day 4 | Little Flower Novena Malayalam, September 25

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022

അനുഗ്രഹ നവനാൾ നാലാം ദിനം / സെപ്റ്റംബർ 25 💐

നാലാം ദിനം

പാവനാത്മവേ നീ വരണമേ
മാനസാമണി കോവിലിൽ….
നായകാ ഞങ്ങൾ നാവിനാലങ്ങേ
സ്നേഹസംഗീതം പാടുന്നു…

നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണേ…
നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കി തീർക്കണേ….
സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️
: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,
സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍  വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ
നാലാം ദിന പ്രാർത്ഥന

പരമകാരുണികനായ ഏക ദൈവമേ, അങ്ങ് പരിശുദ്ധനാകുന്നു. അങ്ങ് ഞങ്ങളുടെ മഹത്വവും ഹൃദയത്തിന്റെ സന്തോഷവും ആകുന്നു. ജീവിതനൗക ആടിയുലയുമ്പോൾ ഞങ്ങളുടെ പ്രത്യാശയും കഷ്ടകാലത്തു ഞങ്ങളുടെ അഭയവും ആകുന്നു. ഹ്രസ്വമായ ജീവിതമെങ്കിലും മാലാഖമാരുടെ പരിശുദ്ധി സദാ പ്രകടമായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ സഹനങ്ങൾ വഴിയായി നാശത്തിലൂടെ ചരിച്ചുകൊണ്ടിരുന്ന അനേകം ആത്മാക്കളെ അങ്ങ് വീണ്ടെടുക്കുവാൻ തിരുവുള്ളമായല്ലോ. അവളുടെ പുണ്യങ്ങളിൽ അതീവ സന്തുഷ്ടനായ അങ്ങ് ഞങ്ങളുടെ യാചനകൾ കനിവാർന്നു ശ്രവിക്കേണമേ. മഹോന്നതനായ ദൈവമേ, മുള്ളുകൾക്കിടയിലും സ്നേഹഗീതമാലപിച്ചുകൊണ്ട് തന്റെ റോസാപുഷ്പങ്ങൾ ശേഖരിച്ച ഈ പുണ്യവതിക്ക് അങ്ങ് നൽകിയ മഹത്വത്തിന്റെ പ്രകാശനാളങ്ങൾ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതങ്ങളിലേക്ക് പതിപ്പിക്കണമേ. അവളുടെ പരിശുദ്ധിയുടെ ഒരംശം എങ്കിലും ഞങ്ങൾക്ക് ലഭിക്കുവാൻ കൃപ ചെയ്യണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ

വിശുദ്ധ ഗ്രന്ഥവായന (ലൂക്കാ 13 : 18 – 21)

അവന്‍ പറഞ്ഞു: ദൈവരാജ്യം എന്തിനോടു സദൃശമാണ്‌? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും?
അത്‌ ഒരുവന്‍ തന്‍െറ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്‌. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്‌ഷികള്‍ അതിന്‍െറ ശാഖകളില്‍ ചേക്കേറി.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്‌?
ഒരു സ്‌ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പുപോലെയാണത്‌.

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ : വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

നിങ്ങൾ ശിശുക്കളെപ്പോലെയാകുന്നില്ലെങ്കിൽ ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നരുൾ ചെയ്ത യേശുനാഥാ, അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങളുടെ മേൽ അങ്ങയുടെ കരുണയുടെ കണ്ണുകൾ തിരിക്കേണമേ. നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ നിന്റെ ജീവിതത്തിൽ പ്രശോഭിച്ച പുണ്യങ്ങളെ ഓർത്ത് ഞങ്ങൾ ആനന്ദിക്കുന്നു. ആ മഹത്തായ പുണ്യങ്ങളുടെ പ്രകാശകിരണങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വീശേണമേ. നിന്റെ സ്വർഗീയ മണവാളൻ അനന്തമായ സ്നേഹത്തിലൂടെ വിശുദ്ധിയുടെ കൊടുമുടികൾ കീഴടക്കുവാൻ നിന്നെ ശക്തയാക്കിയല്ലോ. അതിനാൽ, ശക്തമായ നിന്റെ മാധ്യസ്ഥതയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ. ഓ ദൈവമേ സ്വർഗ്ഗത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായെപ്പോലെ നിത്യമായ സന്തോഷം പങ്കുവയ്ക്കാൻ ഞങ്ങൾ യോഗ്യരാകേണ്ടതിന് ഈ ജീവിതത്തിന്റെ എല്ലാ കയ്പ്പു നിറഞ്ഞ നിമിഷങ്ങളിലും പ്രത്യേകിച്ച് ജീവിതത്തിന്റെ അവസാനനാളുകളിലും ഞങ്ങൾക്ക് ആശ്വാസവും ആനന്ദവും നൽകണമെന്നു അവൾ വഴിയായി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി)

സമാപന ഗാനം

ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായി
മിന്നിടും കൊച്ചുത്രേസ്യാ നീ,
വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻ
കണ്ണിണകൾ തിരിക്കേണേ

പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം
നന്മ തൻ പൂക്കൾ തൂകണേ
കൽമഷങ്ങൾ അകന്നു വാഴുവാൻ
നൽവരങ്ങളരുളേണേ

യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞ
പ്രേഷിത ധീര നീ
സ്നേഹമോടെ നിൻ പാദ ചേർന്നിടാൻ
നൽക ചൈതന്യ ധാരകൾ

(ഉണ്ണിയിശോതൻ)

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment