ജപമാല ധ്യാനം – 3
നീരസവും ഇഷ്ടക്കേടും. അത് മനസിൽ കിടന്ന് നീറുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്വച്ഛമായ നീരൊഴുക്കിനെ തടഞ്ഞു വയ്ക്കുന്ന ചെളിക്കട്ടകൾ പോലെ അത് മനസിന്റെ സ്വച്ഛതയെ കെടുത്തിക്കളയും.
മനസിൽ ചിലത് നീറുമ്പോഴാണ് മുഖം കൊടുക്കാതെ ഒഴിവായി നടക്കുന്നത്… ഒരുമിച്ചുള്ള ഭക്ഷണം ഇല്ലാതാകുന്നത്… തേടിച്ചെല്ലലും കുശലാന്വേഷണവും കുറയുന്നത്… കയ്പ് നിറഞ്ഞ വാക്കുകൾ പറയുന്നത്… കൈയ്യേറ്റം ചെയ്യാൻ തോന്നുന്നത്… വീഴ്ചകൾ വിളിച്ചു പറയാൻ തോന്നുന്നത്… വാട്സപ്പ് ഗ്രൂപ്പിൽ നിന്നിറങ്ങി പോകുന്നത്… മരണ വീടും കല്യാണ വീടും പോലും ഒഴിവാക്കി ഒറ്റയ്ക്കാവുന്നത്… ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതാവുന്നത്… മെസേജുകൾക്ക് മറുപടിയില്ലാതാകുന്നത് … ഒഴുക്ക് നിലച്ച്, ബന്ധങ്ങളറ്റ്, കയ്പു നിറഞ്ഞ് ഒറ്റപ്പെടലിന്റെ ചതുപ്പു നിലത്ത് സ്വയം മുങ്ങിത്താഴുന്നയാൾ…
യാക്കോബ് ശ്ലീഹ എഴുതുന്നു, “വിദ്വേഷത്തിന്റെ വേര് വളർന്ന് അപകടമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുവിൻ”.
ഹിംസ്ര മൃഗങ്ങൾ അലറുന്ന കാട് ഞാൻ കണ്ടെത്തിയത് മനുഷ്യന്റെ മനസിലാണ് എന്ന് പെരുമ്പടവത്തിന്റെ നോവലിൽ ദസ്തയേവ്സ്കി പറയുന്നുണ്ടല്ലോ. ശരിയാണ്, പിശാച് പതിയിരിക്കുന്ന അന്ധകാരയിടം ഉള്ളിൽ തന്നെയാണ്.
അങ്ങിനെ ഒറ്റപ്പെടുന്ന സന്ധിയിൽ പരിചയപ്പെട്ട വൈദികനാണ് പറഞ്ഞത്, you are alienating yourself man എന്ന്. പരിഹാരമായി പറഞ്ഞു തന്നത് ജപമാല ചൊല്ലുമ്പം ഓരോ ജപമണികളിലും വിരൽ തൊടുമ്പോ ഇഷ്ടമില്ലാത്തയാളുടെ, നീരസം തോന്നുന്നയാളുടെ പേര് മനസിലോർക്കാനാണ്. 10 ദിവസം കൊണ്ടു തന്നെ ഫലമുണ്ടായി. മനസിന്റെ ഭാരം കുറഞ്ഞു. കണ്ടാൽ മിണ്ടാമെന്നായി. ക്ഷമിക്കാം പൊറുക്കാമെന്നായി. പോട്ടെ എന്നു വയ്ക്കാമെന്നായി.
പിശാചിനെതിരെയുള്ള ആയുധമാണ് ജപമാലയെന്ന് കേട്ടിട്ടില്ലേ?
Source: WhatsApp
Author: Unknown



Leave a comment