ജപമാല ധ്യാനം – 4
അസീസിയിലെ വി.ഫ്രാൻസീസിന്റെ തിരുനാളാണിന്ന്. മാർപാപ്പയ്ക്ക് ഒരു Happy Feast പറയാൻ പറ്റിയ ദിനം.
തല തിരിഞ്ഞു പോയ ഒരു ചെറുപ്പക്കാരനാണ് ഫ്രാൻസീസ്. എല്ലാം നോർമലായിരുന്നു. കാശുള്ള അപ്പന്റെ മോൻ. അയാൾ കവലയിൽ പോയിരിക്കുമായിരുന്നു. കൂട്ടുകാരൊത്ത് മദ്യം കഴിക്കുമായിരുന്നു. പാട്ടു പാടി തെരുവിൽ നടക്കുമായിരുന്നു. എന്തിനധികം അയാൾക്കൊരു പ്രണയം പോലുമുണ്ടായിരുന്നു. എല്ലാം പെർഫക്ട്ലി നോർമൽ..! അവിടെ നിന്നാണ് അയാൾ തല തിരിഞ്ഞു പോയത്…!!
എന്താണ് അയാൾക്കു സംഭവിച്ചതെന്ന് ആർക്കും തന്നെ മനസിലാകുന്നില്ല. മദ്യം ലഹരിയല്ലാതാകുന്നു. പ്രണയം ആനന്ദമല്ലാതാകുന്നു. അപ്പന്റെ സ്വത്ത് പോട്ടെ അപ്പൻ നൽകിയ ഉടുതുണി പോലും അഴിച്ച് തിരികെ കൊടുക്കുന്നു. അയാളുടെ ഇടപാടുകളൊക്കെ ആർക്കും മനസിലാകാത്ത മറ്റാരോടോ ആകുന്നു. യജമാനന്റെ നിർദ്ദേശങ്ങൾക്കൊത്ത് മുന്നോട്ട് പോകുന്ന ഒരാജ്ഞാനുവർത്തിയെപ്പോലെ മാത്രമാകുന്നു അയാൾ. യജമാനനാകട്ടെ ദൈവവും. ദൈവവുമായി ഹോട്ട്ലൈൻ ബന്ധമുള്ളയാൾ എന്നൊക്കെ പറഞ്ഞാൽ ആർക്കു മനസിലാകാനാണ്..! അത് അയാൾക്കു മാത്രമേ അറിയൂ. അത് അയാളുടെ മാത്രം mystery – രഹസ്യം – ആണ്. അന്നത്തെ മാർപാപ്പയ്ക്കു പോലും അത് എളുപ്പം മനസിലായില്ല എന്നോർക്കണം.
ദൈവവുമായുള്ള ഒരാളുടെ ഇടപാടുകൾ. വ്യാഖ്യാനിച്ചെടുക്കുക തീരെ വയ്യ. യുക്തിയില്ലായ്മ ഉണ്ടതിൽ. മനുഷ്യമനസിന് digest ആകാത്ത ഒരു പാടു കാര്യങ്ങൾ. അത് ഒരു ധ്യാനത്തിനൊടുവിൽ മാത്രം വെളിപ്പെട്ടു കിട്ടുന്ന ഒന്നാണ്. അതിനി വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനും വയ്യ.. ധ്യാനിച്ചു തന്നെ നേടേണ്ടതാണ്.
ജപമാല ബോറാകുന്നത് അതിന്റെ രഹസ്യങ്ങൾ ഇനിയും മനസിലാകാഞ്ഞിട്ടാണ്. ദൈവവും ഞാനും തമ്മിൽ ഇല്ലാത്ത ഇടപാട് ഉണ്ട് എന്ന് വെറുതെ ഭാവിക്കുന്നതു കൊണ്ടാണ്.
ധ്യാനിക്കാം.. തെളിഞ്ഞു വരാതെയിരിക്കില്ല.
Source: WhatsApp
Author: Unknown



Leave a comment