ജപമാല ധ്യാനം – 5
ചെരുപ്പിടാതെ നടന്നിട്ടുണ്ടോ? അതും ചുട്ടുപഴുത്ത വേനലിൽ? അത്തരമൊരു അനുഭവം വായിച്ചതോർക്കുന്നു. മീനമാസ വെയിലിൽ ചുട്ടുപഴുത്തു കിടക്കുന്ന യാക്കരപ്പുഴ. തുള്ളി വെള്ളം എങ്ങും കാണാനേയില്ല. ചുട്ടുപഴുത്ത വെള്ളിമണൽ അങ്ങനെ കിടക്കുന്നു. പുഴയ്ക്ക് മറുകരയിലേക്ക് വേഗം നടക്കുകയാണയാൾ. നിമിഷം കൊണ്ട് കാല് ചുട്ടുവേകാൻ തുടങ്ങി. പരവേശം വന്നു. കൺ നിറഞ്ഞു. തല കറങ്ങും പോലെ. തിരിച്ചോടാനും മുന്നോട്ടോടാനും വയ്യാത്ത മണൽസമുദ്രത്തിന്റെ ഒത്ത നടുവിൽ. താനിവിടെ വീണു മരിക്കും എന്നുറപ്പിക്കുമ്പോൾ ഒരു ശബ്ദം വിളിച്ചു പറയുന്നു “തോർത്തു മുണ്ടില്ലേ കയ്യിൽ? അത് നിലത്തിട്ടു ചവിട്ടി നിൽക്കൂ…” തലയിൽ കെട്ടിയിരുന്ന തോർത്തുമുണ്ട് നിലത്തേക്ക് ആഞ്ഞെറിഞ്ഞ് വേഗമയാൾ കയറി നിന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ഉള്ള രണ്ടാം വരവു പോലെ.
ചുട്ടുപഴുത്ത മണൽ കാട് കടക്കുന്ന അനേകരെ കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ കൊടും വേനലിൽ പൊള്ളി കുമിളച്ചു പോയ ഹൃദയം പേറുന്നവർ. പുൽനാമ്പിന്റെ തണൽ പോലും നോക്കെത്താ ദൂരങ്ങളിൽ എവിടെയുമില്ലാത്തവർ. ആശുപത്രിയുടെ കാത്തിരിപ്പു വരാന്തകളിൽ. ബസിലെ സീറ്റിലേക്ക് പിൻചാരി പുറം കാഴ്ചകൾക്ക് കൺ കൊടുക്കാതെ ശൂന്യതയിലേക്ക് നോട്ടമെറിയുന്നവർ. ശൂന്യമായ പഴ്സ് തിരുപ്പിടിച്ച് തിരികെ നടക്കുന്നവർ. കൂടെ നടക്കുന്ന പിഞ്ചു കുഞ്ഞിന്റെ കുട്ടി ചോദ്യങ്ങൾ കേൾക്കാത്ത വിധം കാത് മന്ദീഭവിച്ചവർ. കടുത്ത വേനലാണ് ഹൃദയത്തിൽ.
അവരുടെ കയ്യിലാണീ രണ്ടാം മുണ്ട് കണ്ടിട്ടുള്ളത്. ജപമാല. ഉപയോഗിച്ച് പഴകി മുഷിഞ്ഞ തോർത്തു പോലെ, വെന്ത കൈവിരലുകൾക്കിടയിലൂടെ ഉരുണ്ട് തിളക്കം മങ്ങിപ്പോയ മണികമുള്ള, വിയർപ്പ് കൊണ്ട് മുഷിഞ്ഞ ചരടുള്ള ജപമാലകൾ. വെറുതെ കാത് ചേർത്താൽ കേൾക്കാം, ചുട്ടുപഴുത്ത മണൽപ്പുഴയുടെ മറുകരക്ക് നടന്നതിന്റെ കഥകൾ. വെന്തുപോയ കാലടികളിൽ കുളിരു വീണതിന്റെ കഥകൾ.
നിറം പോകാത്ത, പുതുമ മാറാത്ത നമ്മുടെയാ കൊന്തയുണ്ടല്ലോ. അതൊരു ആഭരണം മാത്രമാണ്. ഷോ കെയ്സിലെ തുറക്കാത്ത ബൈബിൾ പോലെ…
Source: WhatsApp
Author: Unknown



Leave a comment