ജപമാല ധ്യാനം – 08
മറക്കാനാവാത്ത ഒരു ന്യൂ ഇയർ ദിനം ഡിസംബർ 31 ന് വെറുതെയിരിക്കുമ്പോഴാണ് ക്ലാസിലെ ഒരു വിദ്യാർത്ഥി സുഹൃത്ത് വന്ന് വീട്ടിലേക്ക് വിളിക്കുന്നത്. ന്യൂ ഇയർ ആഘോഷിക്കാൻ.
ചെറിയ ഒരു വീട് ! ചെല്ലുമ്പോൾ മുതൽ പലരും കയറി വരുന്നു. കൂട്ടുകാരൻ പരിചയപ്പെടുത്തും. ഇത് മൂത്ത ജ്യേഷ്ഠൻ, ചേച്ചി, മക്കൾ… ഇത് ഇളയ ചേച്ചി, ചേട്ടൻ, മക്കൾ… സന്ധ്യയായപ്പോഴേക്കും എല്ലാവരും എത്തി. വിവാഹം കഴിച്ചയച്ച സഹോദരിമാരും ഭർത്താക്കൻമാരും മക്കളും. വിവാഹിതരായ ആൺമക്കളും ഭാര്യമാരും മക്കളും.
ഒരു ലഘു ഭക്ഷണം. ശേഷം എല്ലാവരും വട്ടത്തിൽ ഇരുന്നു ഓരോ സംസാരം ആയി കൊച്ചു കൊച്ചു കളികളായി. മക്കളിലൊരാൾ പാടിത്തുടങ്ങി. ചെറുമക്കൾ കൂടെപ്പാടി.. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്… സ്തുതിഗീതങ്ങളും മറ്റുമായി അതങ്ങിനെ പാതിരാത്രി വരെ. ജനുവരി 1 പിറന്ന് ന്യൂ ഇയർ ആശംസിച്ച് കിടക്കാൻ പിരിയുമ്പോൾ സുഹൃത്ത് പറഞ്ഞു – ഞങ്ങളുടെ എല്ലാ പുതുവർഷാഘോഷങ്ങളും ഇങ്ങിനെയാണ്.
തിരുക്കുടുംബം..! അത് ഇതു തന്നെയാവണം.
കുറവുകൾക്കിടയിലും, സ്ഥലപരിമിതികൾക്കിടയിലും, കുടിലിലാണെങ്കിലും, ദാരിദ്ര്യമെങ്കിലും, ഒന്നായിരിക്കുന്ന ആ അനുഭവത്തിനു നടുവിലാണ് ക്രിസ്തു പിറക്കുന്നത്. “ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനമെന്ന്” മാലാഖമാർ പാടുന്നത്.
ചിലർക്ക് കുടുംബമെന്നാൽ ഏക്കർ കണക്കിന് സ്ഥലവും നടുവിലൊരു വീടും ചുറ്റുമതിലും ഗേറ്റും കാറും ബാങ്ക് അക്കൗണ്ടും വിദേശ ജോലിയും സമാന സ്ഥിതിയിലുള്ള കുടുംബവുമായുള്ള ബന്ധുതയുമാണ്. പാസ്പോർട്ടിലെ തിയതികൾ ഒത്തു വന്നാൽ മാത്രം തമ്മിൽ കാണാൻ ഭാഗ്യം ലഭിക്കുന്നവർ. മൃതസംസ്കാരങ്ങൾ ഡിജിറ്റലായി മാത്രം സംബന്ധിക്കാൻ കഴിയുന്നവർ. ഒസ്യത്തിലെ വരികൾ വായിച്ചെടുക്കുന്നതിനിടെ ദൈവം ഇറങ്ങി നടന്നു പോകുന്ന ഇടങ്ങൾ. പെങ്ങളെ വിവാഹം ചെയ്തയച്ചിട്ടും എല്ലാ ആഴ്ചയും കൃത്യമായി ഫോണിൽ സംസാരിച്ചിരുന്ന ആങ്ങള, സ്വത്തിൽ അവകാശമില്ലെന്ന് എഴുതി ഒപ്പിട്ടു തരാൻ ആവശ്യപ്പെട്ട് വിളിച്ചതിനെക്കുറിച്ച്, പിന്നീട് ഇല്ലാതായിപ്പോയ വിളികളെക്കുറിച്ച് സങ്കടപ്പെട്ട ഒരു അനിയത്തിയെ ഓർമിക്കുന്നു. എല്ലാ ഇടങ്ങളും അങ്ങിനെ എന്നല്ല… എങ്കിലും…
പ്രസവിക്കാൻ ഇടമൊന്നും കിട്ടാതെ തൊഴുത്തിൽ പെറ്റ ഒരമ്മയെയും, അമ്മയുടെ മുഖത്തെ പ്രകാശം മാത്രം കണ്ടു ചിരിക്കുന്ന ഉണ്ണിയെയും, തൊഴുത്തിൽ കുത്തില്ലാത്ത ആ തിരുക്കുടുംബത്തെയുമാണ് ജപമാലയുടെ സന്തോഷ രഹസ്യങ്ങളിൽ മൂന്നാമത് ധ്യാനിക്കുന്നത്.
തൊഴുത്തായിരുന്നാലും മതി, ഒപ്പം ദൈവമുണ്ടായിരിക്കണേ എന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞെങ്കിൽ..!
Source: WhatsApp
Author: Unknown



Leave a comment