ജപമാല ധ്യാനം 11

ജപമാല ധ്യാനം – 11

വിളറിയ നിലാവ് പെയ്തു കിടക്കുന്ന ഒറ്റവഴിയിലൂടെ  അയാൾ മുന്നോട്ട് നടക്കുന്നതു കാണുക. നിലാവില്ലാത്ത രാത്രികളിൽ ചൂട്ടുകറ്റയാണ് തുണ. ചിലപ്പോ 10 രൂപയ്ക്ക് കിട്ടുന്ന ലൈറ്ററിന്റെ ചുവടറ്റത്തെ ചെറിയ വെളിച്ചം. ഞരമ്പു തിണർത്ത കാലുകൾ. തേഞ്ഞു തീരാറായ വള്ളിച്ചെരുപ്പ്. ചെറുകാറ്റുണ്ടായിട്ടു കൂടി വിയർത്ത നെറ്റിത്തടം. വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചിനുള്ളിൽ കഫക്കുരുക്ക്. ഒരു കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ അരി മുതൽ മുളക് വരെയുള്ള വീട്ടു സാധനങ്ങൾ. പത്മരാജൻ സിനിമയിലെ നിഴൽ പോലെ നട കയറി മുറ്റത്തെത്തുമ്പോഴേക്കും വഴിവരമ്പിൽ നിന്നേയുള്ള ചുമ കേട്ട് വീട്ടുകാരി ഒരു മണ്ണെണ്ണ വിളക്കുമായി വാതിൽ തുറന്ന് വഴി നോക്കി നിൽപ്പുണ്ടാകും. കിതപ്പാറും മുൻപ് അയാളുടെ ചോദ്യമിങ്ങനെയായിരിക്കും

“മക്കളുറങ്ങിയോടീ?” പലഹാരമൊന്നും പ്രതീക്ഷിക്കാനില്ലാത്ത രാത്രികളിൽ അവരെപ്പഴേ ഉറങ്ങിയിട്ടുണ്ടാവും..!

1970 – 90 കളിലെ ഈ ബ്ലാക്ക് ആൻറ് വൈറ്റ് കഥാപാത്രത്തിന്റെ പേരാണ് അപ്പൻ..! ആ വിയർപ്പുനീരിന്റെ കരുത്തിലാണ് ഓലയും പുല്ലും മേഞ്ഞ കുടിലുകൾ പച്ചക്കട്ട വച്ച ഓടിട്ട വീടുകളായി പരിണമിച്ചത്. മക്കൾടെ പഠനം പട്ടണത്തിലെ സ്കൂളുകളിലേക്ക് നീണ്ടത്. പിന്നീടും പതിവുപോലെ മക്കളുണരുമ്പോഴേക്കും അയാൾ പടി കടന്നിട്ടുണ്ടാവും, മടങ്ങിയെത്തുമ്പോഴേക്കും അവർ ഉറങ്ങിയിട്ടുണ്ടാവും. 

വിയർത്തു കുതിരുന്ന അച്ഛൻ..! മയങ്ങി വിശ്രമിക്കുന്ന മക്കൾ..! എന്തുകൊണ്ടോ ഗത്സമനിയുടെ ഫസ്റ്റ് ഫ്രെയിമിൽ നോക്കുമ്പോ അങ്ങിനൊരു തോന്നലാണ്. രോമകൂപങ്ങളിൽ രക്തം വിയർത്തൊരാൾ. തെല്ല് മാറി ക്ഷീണിച്ചുറങ്ങി മറ്റുള്ളവർ. ദു:ഖകരമായ രഹസ്യങ്ങളുടെ ഒന്നാം ധ്യാനം. അയാളുടെ വ്യസനങ്ങളത്രയും അവരെക്കുറിച്ചായിരുന്നില്ലേ.? അവർക്കോ, മണിക്കൂറുകൾക്ക് മുമ്പു കഴിച്ച പെസഹാ ഭക്ഷണത്തിന്റെ മയക്കവും.

ഗത്സമനികളിൽ വിയർത്തു നടന്നിട്ടുണ്ട് നാമും. തോളിൽ കയ്യിട്ട് നടന്ന് ഭക്ഷണം കഴിച്ചവരും, കൂടെക്കിടന്നിട്ടും രാപ്പനി അറിയാത്തവരും അപ്പോഴും മയങ്ങി വിശ്രമിക്കുകയായിരുന്നല്ലോ. അത് സ്വർഗം അനുവദിച്ചിട്ട് തന്നെയായിരുന്നു. ആ ഒറ്റപ്പെടലാണ് അന്യനു വേണ്ടി മുറിയുന്നവർക്ക് സ്വർഗം നൽകുന്ന നിയോഗം. സന്തോഷിക്കുക. സ്വർഗം അറിഞ്ഞു തന്നെയാണ്. It’s all counted.

ആത്മാവിലൊരു ഗത്സമനിയിൽ വിയർത്ത് പൊടിഞ്ഞ എത്രയോ ക്രിസ്തുമാരെ കടന്നാണ് നാം ഇന്നും യാത്ര പോകാനിരിക്കുന്നത്..! ഒന്നു വന്ദിക്കാം. മനസുകൊണ്ടെങ്കിലും.

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment