ജപമാല ധ്യാനം 12

ജപമാല ധ്യാനം – 12

“പ്രാന്തൻ… പ്രാന്തൻ…” കുട്ടികൾ ആർത്തുവിളിച്ചു. “വേഗമാകട്ടെ” അയാൾ ധൃതി പിടിച്ചു. “ഒരു കല്ലെറിയുന്നവന് ഒരു അനുഗ്രഹം. രണ്ടെണ്ണമെറിയുന്നവന് രണ്ടനുഗ്രഹം” ചുറ്റുപാടു നിന്നും കല്ലുകൾ പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ചോര ചാലു വീണ് നിലത്തേക്ക് കുഴഞ്ഞു വീഴുമ്പോഴും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു “ഒരു കല്ലെറിയുന്നവന് ഒരനുഗ്രഹം”

കസൻ ദ് സാക്കീസ് വിവരിക്കുന്ന ഈ ചരിത്രം അസീസിയിൽ നിന്നാണ്. കല്ലേറു വാങ്ങുന്നത് വിശുദ്ധനായി മാറിയ ഫ്രാൻസീസാണ്. പക്ഷേ എന്തിന്.?

അറിയാതെ തൊലിയൊന്നു പോറിയാൽ ‘നാശം’ എന്നു പ്രാകുന്നവന് മനസിലാക്കാൻ കഴിയാത്ത എന്തോ ഒന്ന് അവിടെയുണ്ട്. 

പ്രത്തോറിയത്തിൽ നിൽക്കുന്ന ക്രിസ്തുവിനെ ഫ്രാൻസീസ് ധ്യാനിച്ചിട്ടുണ്ടാകും എന്നതു തീർച്ച. പച്ച മാംസത്തിലേക്ക് ചാട്ടവാർ പുളഞ്ഞ് വീഴുമ്പോൾ ആ ചുണ്ടുകൾ പിറുപിറുത്തത് അനുഗ്രഹത്തിന്റെ വാക്കുകൾ തന്നെയാണല്ലോ. ജപമാലയിലെ ദു:ഖ രഹസ്യങ്ങളുടെ രണ്ടാം ധ്യാനം ഈ വാങ്ങിച്ചു കൂട്ടുന്ന അടിയാണ്. അതും പരാതിയില്ലാതെ.

 “ആരാ എന്റെ കൊച്ചിനെ തട്ടിയിട്ടത്? സാരമില്ല, അമ്മ അടി കൊടുക്കാം ട്ടോ” എന്നു പറഞ്ഞ് കൊച്ച് തട്ടി വീഴാൻ കാരണമായ കസേരക്ക് അടി കൊടുത്താണ് അമ്മമാർ കുഞ്ഞുങ്ങളെ വളർത്തിപ്പോരുന്നത്. വേദനയ്ക്ക് നല്ല മറുമരുന്ന് തിരിച്ചുള്ള അടിയാണ് എന്ന ബാലപാഠം. ലോക നീതി അതാണത്രേ !  പക വീട്ടലും പകരം വീട്ടലും. 

ചാട്ടവാറടി ശിക്ഷയായി നൽകുമ്പോൾ ഒരെഴുത്തുകാരനെ അവിടെയിരുത്തുക പതിവായിരുന്നത്രേ. അടികൾ എണ്ണിയെഴുതാൻ. ആ പുസ്തകത്തിന്റെ താളുകൾക്ക് എണ്ണം കുറഞ്ഞു പോയതിൽ മാത്രമേ ക്രിസ്തു സങ്കടപ്പെട്ടിട്ടുണ്ടാകൂ. കൂടുതൽ കിട്ടിയിരുന്നെങ്കിൽ കൂടുതൽ അനുഗ്രഹിക്കാമായിരുന്നു എന്ന്. 

നാം ചുമന്ന് നടക്കുന്ന ഒരു പുസ്തകമുണ്ട്. തല്ലി നോവിച്ചവരുടെ കണക്കെഴുതിയ പുസ്തകം. അടിയുടെ പാടുകൾ തിണർത്തു കിടക്കുന്നത് മനസിലാണെന്നു മാത്രം. ഇടയ്ക്കിടെ ആ താളുകൾ മറിച്ചു നോക്കി പകയുടെ, രോഷത്തിന്റെ കനലുകൾ കെടാതെ നാം സൂക്ഷിക്കുന്നു. സ്വയം നീറി മരിക്കുന്നു.

ആ പുസ്തകം കീറി തീ കാഞ്ഞാലോ ഇന്ന്? Less luggage, more comfort എന്നല്ലേ. ഭാരം നിറഞ്ഞ ഭാണ്ഡങ്ങളൊഴിവാകട്ടെ. നല്ല യാത്ര നേരുന്നു.

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment