ജപമാല ധ്യാനം 13

ജപമാല ധ്യാനം – 13

ബസ് സ്റ്റാൻഡിന്റെ മൂത്രപ്പുരയിൽ ചിത്രം വരയ്ക്കുന്നവന്റെ സൈക്കോളജി എന്തുമാകട്ടെ. അവന്റെ കയ്യിൽ ആ ഭിത്തിയിലെ വൃത്തിഹീനമായ അഴുക്കു പറ്റിക്കാതെ അത് വരയ്ക്കാൻ കഴിയുമോ? കൈയ്യിലിത്തിരി അഴുക്കു പുരളാതെ ആർക്കാണ് മറ്റൊരാളിൽ അഴുക്കു പുരട്ടാൻ കഴിയുക? ഇതിനൊരു മറുവശം കൂടിയുണ്ട്. സ്വന്തം ഉടുപ്പുലയാതെയും അഴുക്കു പറ്റാതെയും ആർക്കാണ് വഴിയിൽ വീണുപോയൊരാളെ രക്ഷിക്കാൻ കഴിയുക.? ചൂടും വേവുമേൽക്കാതെ തീയിൽ പെട്ടൊരാളെ രക്ഷിക്കാൻ കഴിയുക? ഒന്നു നനയാതെ ഒരാളെ ഒഴുക്കിൽ നിന്ന് രക്ഷിക്കാൻ കഴിയുക?

ജപമാലയിൽ ഇന്നു ധ്യാനിക്കുന്നത് ദു:ഖകരമായ മൂന്നാം രഹസ്യമാണ്. തലയിൽ മുൾമുടിയുമായി നിൽക്കുന്ന ക്രിസ്തുവാണ് ചിത്രത്തിൽ. തിയോളജിയല്ല, ചില കൊസ്രാക്കൊള്ളി ചോദ്യങ്ങളാണ് മനസിലൂടെ കടന്നു പോയത്. മുൾ മുടി ഉണ്ടാക്കാൻ വേണ്ടി മുൾച്ചെടി വെട്ടാൻ പോയവനും, ഉണ്ടാക്കിയവനും, അതു കൊണ്ടുവന്നവനും മുള്ളു കൊണ്ട് കൈ മുറിഞ്ഞിട്ടുണ്ടാവില്ലേ? തലയിൽ പേറിയ ക്രിസ്തുവിനു മാത്രമാവില്ലല്ലോ മുറിഞ്ഞത്? 

മറ്റൊന്നിനെ വൃത്തിഹീനമാക്കാൻ വേണ്ടിയും നമുക്ക് സ്വയം വൃത്തിഹീനമാകാം – ചെളി വാരിയെറിഞ്ഞ് സ്വയം ചെളിയണിയും പോലെ. മറ്റൊന്നിനെ വൃത്തിയാക്കുന്നതിനിടയിലും നമുക്ക് വൃത്തിഹീനമാകാം – ചെളിയിൽ വീണു പോയൊരാളെ എടുത്തുയർത്തും പോലെ. ആദ്യത്തേത് ആത്മനിന്ദയ്ക്കും മന:സാക്ഷി കുത്തിനും കാരണമാകാം – അങ്ങിനൊന്നുണ്ടെങ്കിൽ. രണ്ടാമത്തേത് ആത്മസംതൃപ്തിക്കും ആത്മരക്ഷയ്ക്കും ഇട തരും. 

ഇതു തന്നെയാണ് ഈ മുൾമുടിയിലും. അരയിഞ്ച് ആഴത്തിൽ ഒരു മുള്ള് തറച്ചു കയറിയാലുടനെ തകർന്നു വീഴുന്ന ആത്മബലത്തിന്റെ പേരല്ല ക്രിസ്തു. ചമ്മട്ടിക്കും ചാട്ടവാറിനും മുൾ കിരീടത്തിനുമപ്പുറം ഈ മലിനമാക്കപ്പെടൽ/ അപമാനിക്കപ്പെടൽ കൊണ്ട് സംഭവിക്കുന്ന രക്ഷയിലും നന്മയിലും കണ്ണുടക്കിയവന്റെ പേരാണ് ക്രിസ്തു. കണ്ടില്ലേ, വർഷം 2000 കടന്നിട്ടും അതിനൊരു ഉടവു വന്നിട്ടില്ല. മുൾകിരീടം പണിതവനോ? മൂന്നാം ദിവസം ക്രിസ്തു ഉയർത്തു എന്നറിഞ്ഞപ്പോ മുതൽ ഒരായിരം തവണ ‘ഛെ ഛെ’ പറഞ്ഞു കാണും.  മുള്ളു കൊണ്ടത് വെറുതെ.

അതേയ്, ആരോ ചൊരിഞ്ഞ ആക്ഷേപം.. കുത്തുവാക്ക്… തടഞ്ഞുവച്ച നീതി … അങ്ങിനെന്തൊക്കെയോ കാണും ഹൃദയത്തിനു മുകളിൽ തറച്ച മുള്ളുകളായി. അതും അതു പണിതു വച്ചവരെയും അവഗണിക്കുക. എനിക്കുറപ്പാണ്, മുൾകിരീടം തലയിൽ കൊണ്ടു വച്ചവന്റെ പേരും മുഖവും ക്രിസ്തു ഓർമ്മിച്ചു വച്ചിട്ടുണ്ടാവില്ല. ആ ഓർമ്മ കുരിശിനെക്കാൾ വലിയ ചുമടാണല്ലോ.

“ഓർമ്മയിൽ നോവുന്നത് മറക്കാൻ കഴിഞ്ഞെങ്കിൽ…” എന്ന് ഡോ. അയ്യപ്പപണിക്കർ എഴുതിയിട്ടുണ്ട്. മറക്കാത്തത് കൊണ്ടാണ് മുള്ള് മുറിവിലിരുന്ന് പഴുക്കുന്നത്. ഉയിർപ്പ് ഉണ്ടാവാത്തത്.

ഉയിർക്കണ്ടേ ? മുൾ കിരീടങ്ങളെ മറക്കാം.

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment