ജപമാല ധ്യാനം – 14
കുരിശെടുത്തു പോകുന്ന ക്രിസ്തുവിനെ ധ്യാനിക്കലാണ് ജപമാലയിലെ നാലാം ദു:ഖ രഹസ്യം. ലോകം ഏറ്റവും കൂടുതൽ ധ്യാനിച്ചു കഴിഞ്ഞ രംഗം. യാത്ര ചെയ്യുന്ന വണ്ടി ബ്രേക് ഡൗണായാൽ, പ്രിയപ്പെട്ടവരോട് പിണങ്ങിയാൽ, അരുതാത്തത് എന്തേലും സംഭവിച്ചാൽ ‘കുരിശായല്ലോ ദൈവമേ’ എന്ന് ആത്മഗതം ചെയ്യുന്ന നാം തന്നെ വേണം ഇത് ധ്യാനിക്കാൻ.
മൂന്ന് ഇടത്തു നിന്ന് കുരിശിനെ നോക്കിയാൽ നല്ലൊരു ധ്യാനമാകും. ഒന്ന്, കുരിശെടുപ്പിക്കുന്നവന്റെ ഉള്ളിലെന്താണ്? രണ്ട്, കുരിശു ചുമട് കാണുന്നവന്റെ ഉള്ളിലെന്താണ്? മൂന്ന്, കുരിശു ചുമക്കുന്നവന്റെ ഉള്ളിലെന്താണ്? മൂന്നും മൂന്ന് കാഴ്ചകളാണ്.
കണക്കിനു കൊടുത്തു എന്നായിരിക്കും ആ മരക്കുരിശ് എടുത്ത് തോളിലേക്ക് വച്ചു കൊടുത്തപ്പം കുരിശെടുപ്പിച്ചവൻ കണക്ക് കൂട്ടിയത്. നമുക്കു കുരിശു പണിതു തരുന്നവർ – മന:പൂർവം തരുന്നവർ – ഒരു പക്ഷേ അങ്ങിനെ ചിന്തിച്ചേക്കാം. ആർക്കെങ്കിലും കുരിശു പണിയുമ്പോൾ നാമും ചിന്തിക്കുന്നത് മറിച്ചല്ലല്ലോ.
“നല്ല അമ്പോറ്റിക്കൊച്ചനാരുന്നു. അതിനിങ്ങനെ വന്നല്ലോ ” എന്ന വിലാപത്തോടെയാണ് ചിലർ കുരിശെടുക്കുന്നവനെ കാണുന്നത്. “എന്താരുന്നു നെഗളം, ദേ ഇപ്പം കണ്ടോ” എന്നൊരു പരിഹാസത്തിൽ കാണുന്നവരും കുറവല്ല. “ദൈവ ശിക്ഷ” യാണെന്ന് പ്രവചിക്കുന്നവരും ഉണ്ടാകാം. അപൂർവം ചിലർ ചില പ്രേരണകൾ കൊണ്ട് കുരിശിന്റെ അടുത്തു വന്ന് തൊട്ടു നിന്നേക്കാം, സഹായിക്കാൻ. അങ്ങെത്തും വരെ കൂടെ കാണണമെന്നില്ല. ജീവിതത്തിൽ നടന്നു തീർത്ത ചെറിയ കാൽവരി യാത്രകളെ ചേർത്തു വച്ച് ഒന്നാലോചിച്ച് നോക്ക്.
പക്ഷേ പ്രധാനം, കുരിശുമായി പോകുന്ന ആൾ തന്നെയാണ്. അവിടുത്തെ കണ്ണുകളിൽ നിരാശയും അധരങ്ങളിൽ പരാതിയുമില്ലെന്ന് കുരിശിന്റെ വഴിയിൽ പറയുന്നു. അത് കടമപ്പെട്ടു പോയവന്റെ ചുമടാണ്. മനസിലായോ? കടമയുടെ ചുമട്. ശിക്ഷിക്കപ്പെട്ടവന്റെയല്ല. ശപിക്കാതെ, ചീത്ത വിളിക്കാതെ, സ്വയം പരിതപിക്കാതെ, ഇതേൽപ്പിച്ചു തന്ന സ്വർഗത്തോടുള്ള വിധേയത്വത്തോടെയുള്ള ചുമട്. അതാണ് അനുഗ്രഹമായി മാറുന്ന ചുമട്.
ജോലിയോ, വീടോ, ഭാര്യയോ, ഭർത്താവോ, മേലധികാരിയോ, മക്കളോ, രോഗമോ, ഉത്തരവാദിത്വം കൊണ്ടുണ്ടായ കടമോ ബാധ്യതയോ? ഏതാണു നമ്മുടെ കുരിശ്? കാണുന്നവർ അതിനെ എങ്ങിനേം കാണട്ടെ. നാമെങ്ങിനെയാണ് അതിനെ കാണുന്നത്? കടമപ്പെട്ടവന്റെ? അതോ ശിക്ഷിക്കപ്പെട്ടവന്റെയോ?
അനുഗ്രഹമാകുമോ ഈ കുരിശെടുക്കൽ?
Source: WhatsApp
Author: Unknown



Leave a comment