വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ, ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുള്ള ‘ദ ചോസൺ’ എന്ന വിഖ്യാത ബൈബിൾ ടി.വി പരമ്പരയുടെ മൂന്നാം സീസൺ നവംബർ 18ന് തീയറ്ററുകളിലേക്ക്. പരമ്പരയുടെ സംവിധായകനും സഹനിർമാതാവുമായ ഡാളസ് ജെങ്കിൻസാണ് ഈ സന്തോഷ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. എട്ട് എപ്പിസോഡുകളുള്ള സീസൺ മൂന്നിലെ ആദ്യ രണ്ട് എപ്പിസോഡുകളാണ് തീയറ്ററിൽ എത്തിക്കുന്നത്.
‘ദ ചോസണി’ന്റെ സൗജന്യ സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്നതിനു മുമ്പ് ഏതാനും ദിവസത്തേക്കു മാത്രമായിരിക്കും തീയറ്ററിലെ പ്രദർശനം. പരമ്പരയിലെ ശേഷിക്കുന്ന ആറ് എപ്പിസോഡുകൾ ഉൾപ്പെടെയുള്ളവ ഡിസംബർ മുതൽ ആഴ്ചതോറും സൗജന്യ സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ കാണാനാകുമെന്നും ജെങ്കിൻസ് അറിയിച്ചു. ഒക്ടോബർ 25മുതൽ ട്രയിലറുകൾ തീയറ്ററിൽ പ്രദർശിപ്പിച്ചു തുടങ്ങും. അന്നു മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിക്കും.

‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം,’ (മത്തായി 11:28) എന്ന തിരുവചനമാണ് സീസൺ 3ന്റെ പ്രമേയം. ‘യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയിടത്താണ് രണ്ടാം സീസൺ അവസാനിച്ചത്, അവിടെ നിന്നുതന്നെയാണ് മൂന്നാം സീസൺ ആരംഭിക്കുന്നതും,’ സി.ബി.എൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജങ്കിൻസ് പറഞ്ഞു.
ബൈബിളിനെ അടിസ്ഥാനപ്പെടുത്തി, ക്രൗഡ് ഫണ്ടിംഗിലൂടെ (പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി) നിർമിക്കുന്ന വമ്പൻ പ്രൊജക്ട് എന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച ടി.വി പരമ്പരയാണ് ‘ദ ചോസൺ’. ഏഴ് സീസണുകളിലായി 50ൽപ്പരം എപ്പിസോഡുകൾ ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്ന പരമ്പര 2017ലാണ് സംപ്രേഷണം ആരംഭിച്ചത്.
ബൈബിൾ സിനിമകളിൽ കൂടുതൽ സമയവും ഈശോ ഉൾപ്പെടുന്ന രംഗങ്ങൾ മാത്രം ചിത്രീകരിക്കുന്നതാണ് പതിവെങ്കിൽ, ബൈബിളിലെ മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നു എന്നതാണ് ‘ദ ചോസണി’ന്റെ പ്രധാന സവിശേഷത. അപ്പസ്തോലന്മാർ, മറ്റു ശിഷ്യന്മാർ, അദ്ഭുതങ്ങൾ ലഭിച്ചവർ എന്നിവരുടെയെല്ലാം ജീവിതപശ്ചാത്തലം വിശദമായി പ്രദർശിപ്പിക്കുന്ന പരമ്പര, സുവിശേഷത്തിൽ വിശദീകരിക്കാത്ത നിരവധി പേരുടെ ജീവിതവും വരച്ചുകാട്ടുന്നുണ്ട്.
ജോനാഥൻ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന പരമ്പര ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകർഷിക്കുന്നുണ്ട്. ആദ്യ രണ്ട് സീസണുകൾക്കു ലഭിച്ച പ്രതികരണങ്ങൾതന്നെ അതിന് തെളിവ്. ‘ദ ചോസണി’ന്റെ ഔദ്യോഗിക ആപ്പിലൂടെ മാത്രം ഇതിനകം എപ്പിസോഡുകൾ വീക്ഷിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളും പരമ്പരയുടെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയം.

Leave a comment