Advertisements

    വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയാൽ പൊറുതിമുട്ടുന്ന യുക്രേനിയൻ ജനതയ്ക്കുവേണ്ടി വീണ്ടും ദൈവസമക്ഷം പ്രാർത്ഥനകൾ ഉയർത്തി ഫ്രാൻസിസ് പാപ്പ. കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന കനത്ത ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പയുടെ പ്രാർത്ഥന. പൊതുസന്ദർശന സന്ദേശത്തിന്റെ സമാപനത്തിൽ നടത്തിയ പ്രാർത്ഥനയിൽ, പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥവും പാപ്പ യാചിച്ചു.

    കഴിഞ്ഞ ദിവസം ബോംബാക്രമണം നടന്ന പ്രദേശങ്ങളിലെ ജനങ്ങളെ താൻ പ്രത്യേകമായി അനുസ്മരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് യുക്രേനിയൻ ജനതയുടെ ദുഃഖത്തിൽ പാപ്പ പങ്കുചേരുകയായിരുന്നു. അവരുടെ നൊമ്പരങ്ങളെ താൻ ഉള്ളിൽ വഹിക്കുന്നു എന്ന വാക്കുകളോടെയായിരുന്നു, യുക്രൈനിൽ നടക്കുന്ന അക്രമണങ്ങളുടെ ചുഴലിക്കൊടുങ്കാറ്റ് ശമിക്കാൻ വേണ്ടിയുള്ള പേപ്പൽ പ്രാർത്ഥന.

    ‘ഈ ദിനങ്ങളിൽ എന്റെ ഹൃദയം എപ്പോഴും യുക്രേനിയൻ ജനതയ്‌ക്കൊപ്പമാണ് വിശിഷ്യാ, ബോംബാക്രമണം നടന്ന പ്രദേശങ്ങളിലെ നിവാസികൾക്കൊപ്പം. അവരുടെ വേദനകൾ ഞാൻ എന്റെ ഉള്ളിൽ സംവഹിച്ചുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ ഞാൻ അത് കർതൃസന്നിധിയിൽ സമർപ്പിക്കുന്നു,’ പാപ്പ തുടർന്നു:

    ‘തന്നെ വിളിച്ചപേക്ഷിക്കുന്ന ദരിദ്രരുടെ നിലവിളി അവിടുന്ന് എപ്പോഴും ശ്രവിക്കുന്നു. അക്രമത്തിന്റെ ചുഴലിക്കാറ്റ് അവസാനിക്കാനും നീതിയിൽ അടിയുറച്ച സമാധാനപരമായ സഹവർത്തിത്വം ഉണ്ടാകാനും വേണ്ടി, യുദ്ധതൽപ്പരരായവരുടെ ഹൃദയങ്ങളെ അവിടുത്തെ ആത്മാവ് പരിവർത്തനം ചെയ്യട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.’

    ഒക്‌ടോബർ 10ന് തലസ്ഥാന നഗരിയായ കീവ് ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു, 100ൽപ്പരം പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ, വൈദ്യുതി- കുടിവെള്ള വിതരണ ശൃംഖലകൾ തുടങ്ങിയവ വ്യാപകമായി നശിക്കുകയും ചെയ്തിരുന്നു.

    മാസങ്ങൾക്കു ശേഷമുള്ള കനത്ത ആക്രമണം, സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയ യുക്രൈനെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തുടനീളം മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന സൈറണുകൾ മുഴങ്ങുന്നുണ്ട്. മുന്നറിയിപ്പ് അവഗണിക്കരുതെന്നും ജനങ്ങൾ ബോംബ് ഷെൽട്ടറുകളിൽ തുടരണമെന്നുമാണ് സർക്കാരിന്റെ നിർദേശം.

    Advertisements

    Discover more from Nelson MCBS

    Subscribe to get the latest posts sent to your email.

    Leave a comment