ജപമാല ധ്യാനം – 16
എന്താണ് മരണം? ആരുടെയും ഓർമ്മയിൽ ബാക്കി നിൽക്കാതെയുള്ള കടന്നുപോകലാണ് മരണം എന്നെനിക്കു തോന്നുന്നു. കടന്നു പോകുന്നതേ മറക്കപ്പെടുന്നവർ.! മെഴുതിരി അത്താഴങ്ങളിൽ അവരുടെ ഓർമ്മകൾ ഇല്ലാതെയാകുന്നു. ഭിത്തികളിലും ആൽബങ്ങളിലുമായി ഇരട്ടവാലൻ കരണ്ട് നിറമടർന്നു പോയി വേസ്റ്റ് ബിൻ കാത്തിരിക്കുന്ന വികൃത ചിത്രങ്ങൾ. അത്രയുമില്ലാരിക്കും കേട്ടോ, ഞാനിത്തിരി ആലങ്കാരികമായി കടത്തിപ്പറഞ്ഞതാണ്. എങ്കിലും…
ജപമാലയിലെ മഹിമ രഹസ്യങ്ങളുടെ ഒന്നാം ധ്യാനം പറയുന്നത്, ക്രിസ്തു “ജയസന്തോഷങ്ങളോടെ ഉയിർത്തു” എന്നാണ്. മരണത്തെ ജയിച്ചു എന്നാണ് വേദപണ്ഡിതർ പറയുന്നത്.മരണത്തെ ജയിച്ചെങ്കിൽ മറവിയെത്തന്നെ ജയിച്ചെന്നാണ്. ആർക്കു മറക്കാൻ കഴിയുമവനെ? അത്തിമരപ്പൊക്കത്തു നിന്ന് കൂടെയിറങ്ങി ചെന്ന സക്കേവൂസിനോ? മരണത്തിന്റെ തണുപ്പു നിറഞ്ഞ കരങ്ങളിൽ പിടിച്ച് ജീവിതം തിരിച്ചു കൊടുത്ത ബാലികയ്ക്കോ? കല്ലെറിയാനാവശ്യപ്പെടുന്ന നിലത്തെഴുത്തിനു മുന്നിൽ വിഹ്വലയായി നിന്ന പാവം പെണ്ണിനോ? സമരിയായിലെ കിണർ വെള്ളത്തിനുമപ്പുറം സ്നേഹദാഹത്തിന്റെ കനലുകൾ കെടുത്തപ്പെട്ട അഞ്ചു പേരുടെ ഭാര്യയായിരുന്നവൾക്കോ? ലാസറിന്റെ സഹോദരിമാർക്കോ? ഇടനെഞ്ച് തകർന്ന് കരഞ്ഞ പത്രോസിനോ? വല പൊട്ടുവോളം മീൻ വലിച്ചു കയറ്റിയ മുക്കുവർക്കോ? കൊട്ടക്കണക്കിന് അപ്പം തിന്നു നിറഞ്ഞ വയറുകൾക്കോ?
ആ ഹൃദയനിലങ്ങളിലാണ് അവൻ ചവിട്ടി നടന്നത്. അവർക്കൊപ്പമാണ് അവൻ കരഞ്ഞത്. അവർക്കൊപ്പമാണ് ഭക്ഷിച്ചത്. പ്രാർത്ഥിച്ചത്. അവർക്കിടയിൽ നിന്നാണ് അവൻ എടുക്കപ്പെട്ടത്. അവനെ തിരിച്ചു വേണമെന്ന് ആ ഹൃദയങ്ങൾ നിലവിളിക്കുമ്പോൾ അവനെങ്ങിനെയുറങ്ങും, കല്ലറയ്ക്കുള്ളിൽ? “പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം” (യോഹന്നാന്‍ 20 : 15) അവൻ അവരുടെ ഓഹരിയാണ്. സ്നേഹം കൊണ്ട് ഹൃദയം കൊണ്ട് അവരങ്ങിനെ തിരികെ വിളിക്കുമ്പോൾ ഒരു ചെറിയ അൽഭുതമൊക്കെയാകാം, മരണത്തെക്കൂടി തോൽപ്പിച്ച്, കല്ലറ തകർത്ത് തിരികെ വരാൻ..! സ്നേഹം സകലത്തെയും അതിജീവിക്കുന്നുവെന്നു പറഞ്ഞത് സത്യൻ അന്തിക്കാടല്ല, വി.പൗലോസാണ്.
പാതിയടഞ്ഞ് കൂമ്പിപ്പോകുന്ന കണ്ണുകൾക്കിടെ, കോട്ടുവായിട്ട് പിറുപിറുത്ത്, തല മാന്തി, ദീർഘനിശ്വാസം വിട്ട് എണ്ണം പിഴച്ച് ചൊല്ലി കടമ തീർക്കുന്ന വിരസമായ ജപമാല കേട്ട് ഏതു കല്ലറ തകരാനാണ്.! കുറെ മെഴുതിരികൾ കരഞ്ഞു തീരുമെന്നല്ലാതെ…
എവിടെ, അൽഭുതമെവിടെ എന്ന് മറുതലിച്ചിട്ട് കാര്യമില്ല. അവന്റെ ഹൃദയം തൊട്ട് വിളിക്കണം… വിളിച്ചവരുണ്ട്. അവൻ വിളി കേട്ടിട്ടുമുണ്ട്. ഈ ഡിജിറ്റൽ ജനറേഷനിലും.
Source: WhatsApp
Author: Unknown



Leave a comment