ജപമാല ധ്യാനം 17

ജപമാല ധ്യാനം – 17

ചില യാത്രകൾ അങ്ങിനെയാണ്. സുഖദമായ ഇരിപ്പിടം. ജാലകക്കാഴ്ചകൾ. സംഗീതം. നല്ല ഓർമ്മകൾ. ചെറിയൊരു മയക്കം. പ്രിയപ്പെട്ട ചിലർ ഒപ്പം. എന്നു കരുതി യാത്ര തീരുമ്പം വണ്ടിയിൽ നിന്നിറങ്ങാതെ വയ്യ. വന്ന കാര്യം തീർത്ത് മടങ്ങി പോകേണ്ടതുമുണ്ട്. മറ്റ് ചില യാത്രകൾ അങ്ങിനെയാവില്ല. അസ്വസ്ഥതപ്പെട്ട്… ആടിയുലഞ്ഞ് .. മുഷിഞ്ഞ്.. തീർന്നാ മതിയാരുന്നു എന്നു ചിന്തിച്ച്.. യാത്ര അവസാനിക്കുമ്പോ ഒരു സന്തോഷമുണ്ട്. ഇങ്ങെത്തിയല്ലോ. പക്ഷേ തിരിച്ച് മടങ്ങണം. ഒരു യാത്രയും അവസാനിക്കുകയല്ലല്ലോ, മറ്റൊന്നിലേക്ക് തുടങ്ങുകയല്ലേ. 

ഇതൊക്കെ തന്നെയാണ് ജീവിതം. ചിലർക്ക് സുഖകരം. മറ്റ് ചിലർക്ക് അത്ര സുഖകരമല്ല. യാത്ര തീരുമ്പോ സന്തോഷമോ സന്താപമോ എന്നതിനെക്കാൾ പ്രധാനമാണ്, മടങ്ങിപ്പോകണം എന്നുള്ളത്. കൊടൈക്കനാൽ വരെ യാത്ര ചെയ്തു. കൊള്ളാം. ഞാനിനി മടങ്ങി വരുന്നില്ല എന്നു പറയാനൊക്കുമോ.? മടങ്ങിയേ പറ്റൂ. 

നമ്മുടെ ജീവൻ എന്നത് ഭൂമിയെ തൊടുന്നതിനും മുമ്പേ ഉണ്ടായിരുന്ന യാഥാർത്ഥ്യം തന്നെയല്ലേ. അപ്പനമ്മമാരുടെ ജനിതക പരമ്പരയിലൂടെ പിന്നോട്ട് സഞ്ചരിച്ചാലറിയാം, ഭൂതകാലത്തിന്റെ എത്രയോ കാലങ്ങൾക്കും പിന്നിൽ നമ്മുടെ ജീനും രൂപപ്പെട്ടിരുന്നുവെന്ന്. ”മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു” (ജറെമിയാ 1 : 5). അങ്ങിനെയെങ്കിൽ നാമൊരു യാത്രയിലാണ്. ഇടയ്ക്ക് ഭൂമിയെ നിലം തൊട്ടു കടന്നു പോകുന്നൊരു യാത്ര. മടങ്ങിയെത്തേണ്ടിടം ബാക്കി നിൽക്കുന്നു.

ക്രിസ്തു വന്നയിടത്തേക്ക് മടങ്ങുന്നു. സ്വർഗാരോഹണം. ജപമാലയിലെ മഹിമ രഹസ്യങ്ങളുടെ രണ്ടാം ധ്യാനം. ”ഇനി അങ്ങോട്ടേക്ക് വരുമ്പം കാണാ”മെന്ന് പറഞ്ഞ് പോകുന്ന വിരുന്നുകാരനെപ്പോലെ. നാമും ചെല്ലേണ്ടത് അവിടേക്ക് തന്നെ. “എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?”
(യോഹന്നാന്‍ 14 : 2)

പാട്ടു കേട്ട്, യാത്രക്ക് വന്നിടത്തെ കെട്ടുകാഴ്ചകളിൽ കുടുങ്ങി നിന്നാൽ മതിയോ? മടങ്ങണ്ടേ? യാത്രാദുരിതത്തിന്റെ പതം പറച്ചിലു കൊണ്ടും കാര്യമില്ല. മടങ്ങിയേ പറ്റൂ. 

“വന്നു പ്രാതല്‍ കഴിക്കുവിന്‍” (യോഹന്നാന്‍ 21 : 12) എന്ന് പറഞ്ഞ് സ്നേഹപൂർവം ഇവിടെ വന്ന് തീറ്റിപ്പോറ്റിയിട്ട് പോയവൻ അവിടെ കാത്തിരിക്കുന്നു. 

യാത്രയ്ക്കൊരുങ്ങാം.

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment