ജപമാല ധ്യാനം – 21
കുഞ്ഞുന്നാളിൽ അമ്മ കുളിപ്പിക്കുന്നത് ഇഷ്ടമല്ലാതിരുന്ന ആരാണുള്ളത്? പിന്നീടാണ് തന്നെ കുളി തുടങ്ങിയത്. ജീവിതം വാർധക്യത്തിലെത്തുമ്പോഴോ വീണ്ടും മറ്റാരെങ്കിലും കുളിപ്പിക്കണം. അവസാനം, ഈ ലോകം വിട്ട് പോകുമ്പോ ആരൊക്കെയോ ചേർന്ന് ഒരു കുളിപ്പിക്കൽ കൂടി. കുളിയിൽ ആരംഭിച്ച് കുളിയിലൂടെ കടന്ന് കുളിയിൽ അവസാനിക്കുന്ന ജീവിതം. പനിച്ചു കിടക്കുമ്പോഴല്ലാതെ ഒരിക്കലും മുടങ്ങാത്ത പതിവ് ! ഈ ഇത്തിരിപ്പോന്ന ശരീരം വൃത്തിയാക്കാൻ ഒരായുസിൽ എത്രമാത്രം ജലം.!
ബൈബിൾ ഭാഷ കടമെടുത്താൽ സ്നാനമാണ് കുളി. അപ്പോ സ്നാപകൻ എന്നാൽ കുളിപ്പിക്കുന്നവൻ ആയിരിക്കും അല്ലേ? എന്നെക്കൂടി കുളിപ്പിക്ക് അമ്മേ എന്ന് ഒരു കുഞ്ഞ് കൈ നീട്ടുമ്പോലെ, എന്നെക്കൂടി സ്നാനപ്പെടുത്തൂ എന്ന് പറഞ്ഞ് ക്രിസ്തു യോഹന്നാന്റെ മുമ്പിൽ ദാ ജോർദാൻ നദിയിൽ വന്നു നിൽക്കുന്ന രംഗമാണ് പ്രകാശ രഹസ്യത്തിന്റെ ഒന്നാം ധ്യാനം. കുളിപ്പിച്ച് തോർത്തിയ കുഞ്ഞിന്റെ വാസനയുള്ള കവിളിൽ മുത്തി അമ്മ പറയും “അമ്മേടെ ചുന്ദരി മുത്തല്ലേ”. ക്രിസ്തു കുളിച്ച് കയറുമ്പോ സ്വർഗം പറയുന്നു, ഇത് എന്റെ പ്രിയപുത്രനാണല്ലോ. സാമ്യം കണ്ടോ?
കുളി കഴിഞ്ഞിറങ്ങുമ്പോഴാണ് ക്ഷീണം മാറുന്നത്. ഉൻമേഷം വരുന്നത്. മനസ് ശാന്തമാകുന്നത്. ഫ്രഷാകുന്നത്. അപ്പോ കുളിയെന്നു പറയുന്നത് ശരീരത്തിന്റേത് മാത്രമല്ല. മനസിന്റേതുമാണ്. മക്ബത്ത് എന്ന ഷേക്സ്പിയർ നാടകത്തിലെ രംഗം ഓർമ വരുന്നു. ഡങ്കൻ രാജാവിനെ കുത്തിക്കൊന്ന ശേഷം എത്ര കഴുകിയിട്ടും ലേഡി മാക്ബത്തിന്റെ കൈയ്യിൽ ചോരപുരണ്ടിരിക്കുന്നതായി അവർക്കു തോന്നുന്നു. സോപ്പുകൾക്കും വാസനകൾക്കും അതിനെ മായ്ക്കാൻ കഴിയുന്നില്ല. ആത്മാവിൽ പുരണ്ടു പോയ അഴുക്കുകൾ ! ജലത്തിന് അതിനെ മായ്ക്കാൻ കഴിയില്ല തന്നെ.
ബാല്യത്തിൽ പള്ളിയിൽ പാടിക്കേട്ട് ആദ്യമേ മനസിൽ പതിഞ്ഞ ഒരു പാട്ട് ഇങ്ങിനെയാണ്, “നിർമലമായൊരു ഹൃദയമെന്നിൽ നിർമ്മിച്ചരുളുക നാഥാ…” ഹൃദയം നിർമലമാക്കാൻ ഒരു ജലത്തിനേ കഴിയൂ. പരിശുദ്ധാത്മാവിന്. ബൈബിളിൽ പരിശുദ്ധാത്മാവിന്റെ പ്രതീകമായി കൂടി ജലം കാണപ്പെടുന്നു. ആത്മാവിനെ കഴുകുന്ന ജലം. നവീകരിക്കുന്ന, ശുദ്ധിയാക്കുന്ന ജലം. അതിൽ കുളിച്ചു കിട്ടുന്ന ഫ്രഷ്നെസിനെയാണ് പ്രസാദവരം എന്നു പറയുന്നത്. പ്രസാദം ആത്മാവിലും ശരീരത്തിലും കാണപ്പെടും. അത് ലഭിക്കുന്നതോ കൂദാശകളുടെ സ്വീകരണത്തിലൂടെയും. നന്നായി കുമ്പസാരിച്ചും കുർബാന സ്വീകരിച്ചും ഇറങ്ങിവരുന്നയാൾടെ മുഖത്തെ പ്രസാദം കണ്ടോ… സ്വർഗം പറയുന്ന കേൾക്കാം, “എന്റെ ചുന്ദരി മുത്തല്ലേ….”
നല്ലൊരു കുളി ആശംസിക്കുന്നു. ആത്മാവ് പ്രസാദ പൂരിതമാകട്ടെ. സ്വർഗം പ്രിയപ്പെട്ടവനെന്ന് വിളിക്കട്ടെ. ശുഭദിനം..!
Source: WhatsApp
Author: Unknown



Leave a comment