ജപമാല ധ്യാനം – 25
പന്ത്രണ്ടു വർഷം മുമ്പാണ്. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എഴുത്ത്. ഭാവതീവ്രമായ വാചകങ്ങൾ കൊണ്ട് സ്നേഹമെന്ന വികാരം എഴുതി ഫലിപ്പിക്കാൻ എല്ലാവരും മത്സരിക്കുകയാണ്. രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ എല്ലാവരുടെയും ഓട്ടോഗ്രാഫ് ബുക്കുകളെ ഇരട്ടവാലൻ തിന്നു. ബാക്കി ശേഷിച്ചതിനെ മറവിയും. ഇന്നിപ്പോ 12 വർഷത്തിനു ശേഷം എന്തുണ്ട് ബാക്കി.? കൂടെ പഠിച്ച 10 പേരുടെ പേരു പോലും തികച്ചോർമ്മിക്കുന്നില്ല. കാരണം, സ്നേഹമത്രമേൽ ഗാഢമായിരുന്നില്ല തന്നെ. ഒക്കെ വെറും കൗതുകങ്ങൾ മാത്രം. തുടങ്ങിയപ്പോൾ ആവേശം കൊണ്ട വാട്സ്ആപ്പ് ഗ്രൂപ്പ് പോലും. ചില സ്റ്റിക്കറുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നതും അതുകൊണ്ടായിരിക്കാം…..
“എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ” എന്ന് 33 വയസുള്ള ഒരു ചെറുപ്പക്കാരൻ ഒരത്താഴ മേശയിലിരുന്നു പറയുന്നു. മുന്തിരിച്ചാറും ഗോതമ്പപ്പവും കൊച്ചുവർത്തമാനവും നിരന്നു കിടക്കുന്ന ഒരു വിരുന്നിൽ ആരാണ് അത് ഗൗരവമായി എടുത്തിട്ടുണ്ടാകുക? ഇടയ്ക്കൊക്കെ മനുഷ്യനു മനസിലാകാത്ത ഭാഷ പറയുന്നത് അയാൾക്ക് ശീലമാണ്. ഞാൻ വഴിയാണ്. ജീവനാണ്. ജീവന്റെ അപ്പമാണ്. ഇതു കേട്ട് കേട്ട് അവർക്കും ശീലമാണ്. പറഞ്ഞോട്ടേന്ന്… വേറെ ഉപദ്രവമൊന്നുമില്ലല്ലോ. വല പൊട്ടുവോളം മീൻ പിടിക്കാൻ സഹായിച്ചിട്ടുണ്ട്. വിശന്നപ്പോ അപ്പം വിളമ്പിത്തന്നിട്ടുണ്ട്. സാരോപദേശ കഥ കുറെ പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ എന്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന് പറയുന്നതും അങ്ങിനൊക്കെ തന്നെ… എന്ത് ചെയ്യണമെന്നാണ് ? ഗോതമ്പപ്പവും മുന്തിരിച്ചാറും ഉണ്ടാക്കി കഴിക്കണമെന്നോ? അതൊക്കെ എന്നും ചെയ്യുന്നതല്ലേ? ഇനി പ്രത്യേകിച്ചെന്ത്?
അവൻ കൊല്ലപ്പെടുമ്പോഴും അതത്രയ്ക്കൊന്നും അവരുടെ തലയ്ക്ക് പിടിച്ചിട്ടില്ല. അടുത്ത നോട്ടപ്പുള്ളികൾ തങ്ങളാണെന്നറിഞ നിമിഷം ജാഗരൂകരായി. ഇടയ്ക്ക് രഹസ്യ സങ്കേതങ്ങളിലിരുന്ന് പറഞ്ഞിട്ടുണ്ടാവണം – എന്തായിരുന്നു പെർഫോമൻസ്.! വഴി. സത്യം. ജീവൻ. വെളിച്ചം.ഇപ്പോ ദാ കണ്ടില്ലേ?
പക്ഷേ… കല്ലറ തകരുകയും മരണം തോൽക്കുകയും ചെയ്ത നിമിഷം അവർ തിരിച്ചറിയുന്നു… നമ്മെ വിട്ടു പോകാൻ കഴിയാത്ത എന്തോ ഒന്ന് അവനിലുണ്ട് എന്ന്. സ്നേഹമത്ര മേൽ ഗാഢമായിരുന്നു എന്ന്. തോമസ് ഇല്ലാത്തപ്പോ അവരെ കാണാൻ വരുന്ന അവൻ “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു എന്നാണ് സുവിശേഷകന്റെ ഭാഷ്യം. ആണിമുന കൊണ്ട് കീറിപ്പോയ കൈത്തലം കാണിച്ച് അവൻ ചോദിച്ചത് – do you feel my love?, എന്നായിരിക്കുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നോക്കൂ ഇതും നിങ്ങൾക്ക് വേണ്ടി തന്നെയാണ്… നമുക്ക് ഒന്നായിരിക്കാൻ… ഒരുനാളും പിരിയാതിരിക്കാൻ…. Please feel my love…. Remember my love…
സ്നേഹത്തിന്റെ ഓർമ്മ.! അതിലും സുഖമുള്ള മറ്റെന്തുണ്ട് ഓർക്കാൻ? ആ remembrance ആണ് വി. കുർബാന. അത് ആരംഭിച്ച നിമിഷങ്ങളെയാണ് നാം പ്രകാശ രഹസ്യങ്ങളിൽ അവസാനമായി ധ്യാനിക്കുന്നത്. ചിലരെപ്പറ്റി നാം പറയാറില്ലേ “മരിച്ചാലും സ്വൈര്യമായി അവിടെക്കിടക്കുമെന്ന് തോന്നുന്നില്ല. മനസിവിടെയായിരിക്കും” എന്ന്? അത് കൃത്യമായി വരുന്നത് ക്രിസ്തുവിലാണ്. അവന്റെ മനസ് ഇവിടെയാണ്. താൻ പച്ചമണ്ണിൽ ചവിട്ടി നടന്ന, തോളിൽ കയ്യിട്ട മനുഷ്യർക്കിടയിൽ. മരണത്തെക്കൂടി അതിജീവിച്ച് നമ്മെ പിൻതുടർന്നു വന്ന സ്നേഹം. എന്തെങ്കിലും അങ്ങോട്ട് വേണ്ടിയിട്ടല്ല. ഇങ്ങോട്ട് തരാനാണ്. അവനോട് കൂട്ട് കൂടിയ ആർക്കും നേട്ടമല്ലാതെ ഒന്നും ഉണ്ടായിട്ടില്ല.
നേരാണ്. പ്രാർത്ഥിക്കാൻ കൂടി തോന്നാതെ പള്ളിയകത്തേക്ക് പോയിട്ടുണ്ട്. ജീവിക്കുന്നതെന്തിനാ എന്ന നിരാശയോടെ.. എനിക്കു മാത്രമെന്തിങ്ങനെ എന്ന പരാതിയോടെ… ഒരാളെയും ഇങ്ങിനെ അവഗണിക്കരുത് എന്ന പരാതിയോടെ… ആർക്കും വേണ്ട എന്ന കോംപ്ളക്സോടെ … ഒന്നുമുരിയാടാതെ വെറുതെ ബ്ലാങ്ക് ആയി നിൽക്കുന്ന ഒരു മണിക്കൂറിനിടെ ആ ചോദ്യം വന്നു വീണിട്ടുണ്ട്. Don’t you feel my love? Please feel my love… ഗോതമ്പപ്പം നാവിൽ തൊടുന്ന നിമിഷം ഒരിറ്റു കണ്ണീരിനൊപ്പം കളഞ്ഞു പോകയാണ് എല്ലാ സങ്കടങ്ങളും. ഒരു പുഞ്ചിരിയോടെയല്ലാതെ മടങ്ങാനാവുമോ?
അതാണ് സത്യം. ഇന്നും ആ സ്നേഹം വന്ന് ഉഴുതുമറിക്കുന്നു. അനേകരെ. കൂട്ടിക്കൊണ്ടു പോകുന്നു പ്രത്യാശയുടെ തീരങ്ങളിലേക്ക്. പ്രാർത്ഥിക്കാൻ തോന്നുന്നില്ലേ? വേണ്ട. വെറുതെ പോയിരുന്നാൽ മതി. തള്ളിക്കളഞ്ഞവരെ കൂടി തേടിപ്പിടിച്ച് വന്നിട്ടുള്ള ആളാണ്. തേടിയെത്തും…
Source: WhatsApp
Author: Unknown



Leave a comment