ജപമാല ധ്യാനം – 26
തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റ് രാജ്യങ്ങളിൽ സ്ഥിരമായി നിയമിക്കുന്ന പതിവുണ്ട് ഓരോ രാജ്യത്തിനും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടു പോകുന്നതിന് സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം. Ambassador എന്ന ഇംഗ്ളീഷ് വാക്ക് കൊണ്ട് അവരെ വിശേഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് തന്നെയുള്ള അന്യരാജ്യത്തിന്റെ പ്രതിനിധി… മറ്റൊരു രാജ്യമെടുക്കുന്ന തീരുമാനം തങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിൽ ആദ്യമേ ‘ആശങ്ക അറിയിക്കുന്നത് അംബാസഡറുടെ അടുത്താണ്.
ഒരാശയത്തിനോ, ദൗത്യത്തിനോ വേണ്ടി നില നിൽക്കുന്നയാളെ Goodwill ambassador എന്നു വിളിക്കാറുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്തിയ മലാല യൂസഫ് സായ് അങ്ങിനെയൊരാളാണ്. പലപ്പോഴും ലോക കാഴ്ചപ്പാടുകളുടെ ഗതി നിർണയിക്കുന്നതിന് ഇത്തരം അംബാസഡർമാർക്ക് കഴിയാറുണ്ട്.
ബ്രാൻഡ് അംബാസിഡർമാരെന്ന ഒരിനം വേറെയുമുണ്ട്. പ്രത്യേക ബ്രാൻഡ് കാറുകളോ, വസ്ത്രങ്ങളോ, ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന പ്രശസ്തരെ തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി ചില കമ്പനികൾ പ്രഖ്യാപിക്കാറുണ്ട്. അവരുടെ പ്രശസ്തിയെക്കൂടി ഉപയോഗിച്ച് ഉൽപ്പന്നം വിറ്റഴിക്കലാണ് ലക്ഷ്യം. മലയാളത്തിലെ പല താരങ്ങളും ഇത്തരത്തിലുള്ള അംബാസഡർമാരാണ്.
ഇത് മൂന്നും ഒരാളായിരിക്കുന്നെങ്കിൽ അത് പരി. കന്യകാമറിയം മാത്രമാണ്. ഈ ലോകത്തിലെ ദൈവരാജ്യത്തിന്റെ അംബാസഡർ. ദൈവസ്നേഹത്തിന്റെ ഗുഡ് വിൽ അംബാസഡർ. ജീസസ് എന്ന ബ്രാൻഡിന്റെ അംബാസഡർ. മറിയത്തിലൂടെ ക്രിസ്തുവിലേക്ക് എന്ന് പറയുന്നത് അതു കൊണ്ടാണ്. ജപമാലയുടെ 20 രഹസ്യങ്ങളിലും കടന്നു പോകുമ്പോൾ നാം ധ്യാനിച്ചിരുന്നത് ക്രിസ്തുവിനെയാണെങ്കിലും സഹായം തേടിയത് മറിയത്തിൽ നിന്നായിരുന്നു. രക്ഷതേടിയത് സ്വർഗരാജ്യത്തിലേക്കായിരുന്നു. അവൾ നിത്യസഹായ മാതാവും അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവളുമാണല്ലോ.
ചോദ്യം ബാക്കി നിൽക്കുന്നു. ഇന്നു വരെയുള്ള ആകെ ജീവിതത്തെ വിലയിരുത്തിയാൽ, നാമെന്തിന്റെ അംബാസഡർമാരായിരുന്നു എന്നതാണ് അത്. നമ്മെ കടന്നു പോയവർക്ക് നാം പങ്കുവച്ചു കൊടുത്തത് എന്താണ്.? “തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു ” (എഫേസോസ് 1 : 4) എന്നാണല്ലോ പറയുക.
പരിശുദ്ധമായിരുന്നോ സ്നേഹ മത്രയും എന്ന ചോദ്യം ബാക്കി നിൽക്കുന്നു. നിഷ്കളങ്കമായിരുന്നോ മനോഭാവങ്ങളത്രയും എന്നു കൂടിയുണ്ട്. ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് യോഗ്യതയുള്ള അംബാസഡർമാരായിരുന്നിട്ടുണ്ടോ നാം? വിഷമിക്കേണ്ട, നമുക്കതിന് ഇനിയും കഴിയും.
Source: WhatsApp
Author: Unknown



Leave a comment