ജപമാല ധ്യാനം – 27
മഴവില്ല് എത്ര മനോഹരമാണ്.! ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന നിറക്കൂട്ട്… VIBGYOR എന്ന് എത്രതവണ ആവർത്തിച്ചിട്ടാണ് അതിന്റെ നിറങ്ങളെ ഒന്ന് മനഃപാഠമാക്കിയത്.. നേർത്ത ചാറ്റൽ മഴയിൽ കടന്നു പോകുന്ന സൂര്യകിരണങ്ങൾക്കപ്പുറം തെളിയുന്ന ആ കാഴ്ച ബാല്യത്തിൽ മാത്രമല്ല ഏതു പ്രായത്തിലും എത്രയോ കൗതുകവും ഉത്സാഹവും ജനിപ്പിക്കുന്നു. ഏതു കഠിനഹൃദയനും ഒരു കവിതയെഴുതാനൊക്കെ തോന്നും…
അങ്ങിനെയൊരു കവിതയെഴുതാനിടവന്നാൽ മഴവില്ലിനെ കന്യകാമറിയത്തോടാകും ഞാനുപമിച്ചെഴുതുക. സ്വർഗത്തെയും ഭൂമിയെയും ചേർത്തു പിടിക്കുന്ന മാരിവില്ല്..! നീതിസൂര്യനായ ക്രിസ്തുവിന്റെ പ്രകാശത്തിൽ കരുണയുടെ മഴ പെയ്യിച്ച് മഴവില്ലാകുന്നവൾ… മാലാഖ വൃന്ദവും വിശുദ്ധരും ഈ ഭൂമിയിലെ മനുഷ്യരും എന്നും അൽഭുതാദരവുകളോടെ വീക്ഷിക്കുന്നവൾ… അതിനെല്ലാമുപരി, ഒരു പച്ച മനുഷ്യന്റെ ഭാഷയിൽ പറഞ്ഞാൽ ഏതു കണ്ണുനീരിലും പ്രത്യാശയുടെ മഴവില്ല് തെളിയിക്കാൻ കഴിയുന്നവൾ…
ഇന്നും എത്ര പ്രത്യാശയോടെയാണ് ഓരോ കൈകളിലും ജപമണികളുരുളുന്നത്. യാത്ര ചെയ്യുന്ന ബസുകളിൽ… ആശുപത്രി വരാന്തകളിൽ…. കാത്തിരിപ്പുകാരിൽ… പരീക്ഷകൾക്കു പോകുന്നവരിൽ… ജോലി തേടുന്നവരിൽ… അടുക്കളപ്പെരുമാറ്റങ്ങൾക്കിടയിൽ…. ഗ്രോട്ടോകളിൽ…. ദേവാലയങ്ങളിൽ… കൂട്ടായ്മകളിൽ…. സന്ധ്യാപ്രാർത്ഥനകളിൽ…. ജപമണികളുരുളുന്നിടത്ത് എല്ലാം പ്രത്യാശയുടെ ആ മഴവില്ല് തെളിയുന്നുണ്ട്. ലജ്ജയില്ലാതെ കഴുത്തിലണിഞ്ഞും കയ്യിൽ കൊണ്ടു നടന്നും ആ ആശ്രയത്വം പ്രകടിപ്പിക്കുന്നുണ്ട്. കൈയ്യിലൊരു കൊന്തയില്ലെങ്കിലും ഹൃദയത്തിൽ ജപമണികളുരുട്ടുന്ന അനേകായിരങ്ങൾ.!
ലുത്തിനിയ നോക്കൂ… ഞാൻ പറഞ്ഞു വന്ന മഴവില്ല് അവിടെ നിൽക്കട്ടെ. എത്ര കാവ്യഭംഗിയിലാണ് അമ്മയോടുള്ള ലുത്തിനിയയിലെ അർത്ഥനകൾ.! അർത്ഥം തികഞ്ഞ പദാവലികളിൽ സ്നേഹം ചേർത്തുള്ള അപേക്ഷകൾ. സ്കൂളിലെ പരീക്ഷയ്ക്ക് പോകാൻ നേരം മക്കൾ അമ്മയോട് പറയും പോലെ, “അമ്മുക്കുട്ടീ.. മുത്തേ… ഒന്നു പ്രത്യേകം പ്രാർത്ഥിച്ചേക്കണേ”.. സ്നേഹസുന്ദര പദാവലികൾക്ക് എണ്ണം കൂടും. കാരണം പരീക്ഷകൾ കടന്നു കൂടിയേ മതിയാകൂ..
ഹൃദയ ബന്ധം മുറുകുന്നത് അനുസരിച്ചാണ് വാക്കുകളിൽ സ്നേഹവും മധുരവും നിറയുന്നത്. അല്ലാത്തവ വെറും ‘ഞങ്ങൾക്കേണ്ടീഷ്ണേ’ ആയിപ്പോകും.. ഹൃദയം കൊടുക്കാം. അമ്മയുടെ ഹൃദയം നേടാം..
അനുഗ്രഹങ്ങൾ ആശംസിക്കുന്നു…!
Source: WhatsApp
Author: Unknown



Leave a comment