ജപമാല ധ്യാനം 28

ജപമാല ധ്യാനം – 28

ക്ഷീരബല എന്ന ഔഷധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധമാണ്. 101 ആവർത്തിച്ചത് എന്നാണു പറയുക. ഓരോ വൈകുന്നേരവും ഔഷധക്കൂട്ട് പുതുതായിച്ചേർത്ത് തിളപ്പിച്ച് ആറ്റിയെടുക്കുന്നതാണത്. 101 ദിനരാത്രങ്ങൾ ആവർത്തിക്കുമ്പോഴേക്കും അതിന്റെ ഔഷധഗുണം അൽഭുതകരമായി വളർന്നിട്ടുണ്ടാകും.

ആവർത്തിച്ച് ഉരുക്കഴിച്ച് മനഃപാഠമാക്കുന്ന വിദ്യാർത്ഥിയെ നോക്കിയാലറിയാം, ആവർത്തനമെന്ന അൽഭുതമെന്താണ് എന്ന്. മനസിരുത്തി വീണ്ടും വീണ്ടും വായിക്കും തോറും ആത്മാവിലേക്ക്  അത് പതിഞ്ഞു കൊണ്ടേയിരിക്കും. ഒരേ പുസ്തകം തന്നെ വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥ തലങ്ങളിലൂടെ അത് നമ്മെ നടത്തിക്കൊണ്ടു പോകും.

ആവർത്തനം കൊണ്ട് നേടുന്ന വിജയമാണ് ഓരോ സ്പോർട്സ് താരത്തിന്റെയും. സമയം നിശ്ചയിച്ചെഴുന്നേറ്റ്, നിശ്ചിത വ്യായാമമുറകളിലൂടെ കടന്നുപോയ ആയിരക്കണക്കിനു ദിവസങ്ങൾക്കൊടുവിലാണ് കഴുത്തിൽ മെഡൽ ചാർത്തി ഒരു നിമിഷം അയാൾ വിജയിയുടെ പടിയിൽ കയറി നിൽക്കുന്നത്. അയാൾക്കു പ്രിയതരമായത് എന്തെല്ലാം ആ പരിശീലനത്തിനിടയിൽ വേണ്ട എന്നു വച്ചിട്ടുണ്ടാകും..! ചില ഭക്ഷണ പദാർത്ഥങ്ങൾ. പുലരി കുളിരിലെ സുഖമുള്ള ഉറക്കം. കൂട്ടുകാരുമൊത്തുള്ള അലസ നടത്തങ്ങൾ. ബന്ധുവീട് സന്ദർശനങ്ങൾ. ചില ചടങ്ങുകൾ. എല്ലാത്തിനുമൊടുവിൽ വിജയ സോപാനത്തിലയാൾ….

ഡയബറ്റിക് ആയാൽ ഡോക്ടറുടെ ചികിത്സാവിധിയും ദിവസേന ആവർത്തിക്കേണ്ടവയെക്കുറിച്ചാണ്. കുടിക്കേണ്ട വെള്ളത്തിന്റെ അളവ്. കഴിക്കേണ്ട ഭക്ഷണം. വിയർത്തു പോകേണ്ടതിന്റെ തോത്. ഉറങ്ങേണ്ട മണിക്കൂറുകൾ. ക്രമം… ചിട്ട…

ആവർത്തനമാണ് ജപമാല. ഒരേ ജപം തന്നെ ആവർത്തിച്ചു പറയുക. എല്ലാ ദിവസവും ആവർത്തിക്കുക. ഒരേ സമയത്ത് ആവർത്തിക്കുക. ചില നിയോഗങ്ങൾക്കു വേണ്ടി. ചിലതൊക്കെ ഉപേക്ഷിച്ച്. ടി.വി. സമയം മാത്രമല്ല ഉപേക്ഷിക്കുന്നതിൽ പെടുക. എന്തെല്ലാം ഉല്ലാസങ്ങൾ മുറിച്ചാലാണ് ഒരു ജപമാലയെത്തിക്കാൻ കഴിയുക. ജീവിതത്തിലെ വിലപ്പെട്ട അര മണിക്കൂർ. അതിനു വേണ്ടി ഒരു നേരം ഭക്ഷണം ത്യജിച്ച് ഒരുങ്ങുന്നവരുണ്ട്, മധുരം ഉപേക്ഷിക്കുന്നവരുണ്ട്, ശരീരത്തിന്റെ നോമ്പ് നോൽക്കുന്നവരുണ്ട്. മനസിന്റെ ദുഷ്ട് വിയർത്തു പോകും. ഉൾക്കണ്ണുകളുടെ കാഴ്ച തെളിയും. ആത്മീയ ബലം വർധിക്കും. പ്രലോഭനങ്ങൾക്കെതിരെ പ്രതിരോധശേഷി കൂടും. കയ്പ്പുകളെയും തോൽവികളെയും അതിജീവിക്കും …

കേവലമൊരു verbal exercise അല്ല അത്. മനസിലായോ? ജപമാല സമർപ്പണം എന്നതിനു പകരം, അമ്പത്തിമൂന്നു മണി ജപം കാഴ്ചവയ്ക്കേണ്ടും പ്രകാരം എന്നാണ് പഴയ പ്രാർത്ഥനാ പുസ്തകങ്ങളിൽ. ഓരോന്നിനും ഓരോ സമർപ്പണ രീതിയുണ്ട്. കായേനെപ്പോലെയും സമർപ്പിക്കാം.. അല്ലെങ്കിൽ ആബേലിനെപ്പോലെയും… സമർപ്പിക്കുന്ന രീതിയിൽ നിന്നാണ് അനുഗ്രഹം തിരികെ വരിക. എപ്പോഴും പറയും പോലെ, വൈകിയിട്ടൊന്നുമില്ല. ഇനിയും പരിശീലിക്കാം.

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment