റെജിനച്ചന് സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കുമ്പോള്‍…

റെജിനച്ചന് സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കുമ്പോള്‍…

സ്വര്‍ഗ്ഗം അള്‍ത്താരയൊരുക്കി റെജിനച്ചനെ തിരികെ വിളിച്ചു. ‘ ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു’ എന്ന പൗലോസപ്പസ്‌തോലന്റെ വാക്കുകളുടെ പൂര്‍ണ്ണ പൂര്‍ത്തീകരണം റെജിനച്ചന്റെ കാര്യത്തില്‍ ഉണ്ടായോ എന്നൊരു സംശയം ബാക്കിയാക്കിയാണീ യാത്ര. ചിലപ്പോള്‍ സ്വര്‍ഗ്ഗം ഇങ്ങനെയാണ്, ഭൂമിയില്‍ സൂര്യതേജസോടെ തെളിഞ്ഞു നില്‍ക്കുന്നവരെ പെട്ടെന്നങ്ങ് തിരികെ വിളിക്കും. അപ്പോള്‍ അവര്‍ അതിനകം നിരവധി മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ചീലുകള്‍ കോറിയിട്ടിട്ടുണ്ടാകും. അവര്‍ക്കാകട്ടെ സ്വര്‍ഗ്ഗത്തിന്റെ ഈ തിരികെ വിളിക്കല്‍ എന്നും നീറുന്ന നെരിപ്പോടാകും. റെജിനച്ചന്റേയും അത്തരമൊരു വിടവാങ്ങല്‍ തന്നെ. അതല്ലെങ്കില്‍ എഞ്ചിനീയറിംഗിന്റെ അളവുകോല്‍ ഏന്തിയ കരങ്ങളില്‍ കാസയും പീലാസയും കൊടുത്തിട്ട് ‘ഇനി ബലി സ്വര്‍ഗ്ഗത്തിന്റെ അള്‍ത്താരയില്‍…’ എന്നു പറഞ്ഞ് മുന്നു വർഷം പൂർത്തിയാകുന്നതിനു മുൻപ് തിരികെ വിളിക്കില്ലായിരുന്നല്ലോ ?

പഠന കാലയളവില്‍ തന്നെ ജീസസ് യൂത്തിന്റെ വഴിയെ നടന്നെങ്കിലും എഞ്ചിനീയിംഗിന്റെ കൂട്ടലിൻ്റെയും കിഴിക്കലിന്റെയും ലോകമാണ് തിരഞ്ഞെടുത്തത്. ഇടവകാംഗമായ പോള്‍സനച്ചനുമായുള്ള സൗഹൃദവും മതബോധന കേന്ദ്രത്തിന്റെ വിസിറ്റിംഗ് ടീമംഗമായിരിക്കെ സെബാസ്റ്റിന്‍ ഇരിയങ്ങലത്ത് അച്ചനുമായുള്ള ഒരുമിച്ചു നടത്തവും അന്ന് ഡീക്കനായിരുന്ന വിബിന്‍ മാളിയേക്കലച്ചന്റെ പിന്‍തുണയുമൊക്കെയാണ് റെജിനെന്ന എഞ്ചിനീയറിംഗ് പ്രൊഫഷണലിനെ പൗരോഹിത്യത്തിന്റെ വഴിയിലെത്തിച്ചത്. അവിടന്നിങ്ങോട്ട് ഒപ്പം നടക്കാനും വ്യത്യസ്തനായി നില്‍ക്കാനും കഴിഞ്ഞതിനുള്ള അംഗീകാരമായി രൂപത ചാന്‍സലര്‍ പദവി.

ഭവന സന്ദര്‍ശനങ്ങൾ വീടിന്റെ സ്വീകരണ മുറിയില്‍ മാത്രം ഒതുക്കി നിറുത്താതെ അടുക്കളവരെ നീളുന്ന ഇടപെടലുകള്‍, ഒപ്പം ഏത് വിഷയത്തെക്കുറിച്ചുമുള്ള അഗാധമായ അറിവ്, ഒരിടത്തും കൂടുതല്‍ സമയവും പരിധിവിട്ടും സമയം ചെലവഴിക്കാത്ത പ്രകൃതം, കിഡ്‌നി സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കിയിരുന്നെങ്കിലും ഭക്ഷണം നല്‍കുന്നവരെ തെല്ലും വേദനിപ്പിക്കാതെ സ്‌നേഹത്തോടെയുള്ള നിരസിക്കല്‍… ഇതൊക്കെയാകാം 3 വര്‍ഷം മാത്രം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മധ്യേ അള്‍ത്താരയൊരുക്കിയാല്‍ മതിയെന്ന് സ്വര്‍ഗ്ഗം വിധിയെഴുതിതും പൗരോഹിത്യത്തിൽ മൂന്നുവർഷം പൂർത്തിയാക്കും മുൻപേ തിരികെ വിളിച്ചതും.

എനിക്ക് റെജിനച്ചനെ കൂടുതല്‍ പരിചയം ഫോണിലൂടെയാണ്. 2016 ല്‍ ടോം ഉഴുന്നാലില്‍ അച്ചനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സര്‍ക്കാരിനെതിരെ ‘സര്‍ക്കാരേ, ഞങ്ങളിതൊക്കെ കാണുന്നുണ്ട്… എന്ന് ഗ്ലോറിയ പത്രത്തില്‍ എഡിറ്റോറിയൽ എഴുതിയ കാലം മുതല്‍ വിശേഷാല്‍ എന്തെങ്കിലുമൊക്കെ ഞാനെഴുതുമ്പോള്‍ റെജിനച്ചന്‍ എന്നെ വിളിക്കുമായിരുന്നു. ‘സഭയ്ക്ക് ചങ്കൂറ്റമുണ്ടോ ചെല്ലാനത്തിന് സുവിശേഷമാകാന്‍’, ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തോടനുബന്ധിച്ച് ‘അച്ചാ, ഞങ്ങളോട് ക്ഷമിക്കരുതേ… ‘ എന്നീ ലേഖനങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു.

അരമനയിലെ ഷാലോമില്‍ സിനഡിനെക്കുറിച്ചുള്ള എന്റെ ക്ലാസിന്റെ ഓഡിയോയും വീഡിയോയും എടുത്ത് രൂപതയിലാകമാനം കാണിക്കണമെന്ന നിര്‍ദ്ദേശം വച്ച അന്നാണ് ഞാന്‍ റെജിനച്ചനെ നേരില്‍ കാണുന്നതും നേരിട്ട് സംസാരിക്കുന്നതും. ഏറ്റവും ഒടുവില്‍ ഈ സെപ്തംബര്‍ 21 ന് കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ സ്ഥൈര്യലേപനത്തിന് വന്നപ്പോഴാണ് അച്ചനെ കണ്ടതും കുശലം പറഞ്ഞതും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനെഴുതിയ ‘മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം’ എന്ന ലേഖനം വായിച്ചയുടനെ അച്ചന്‍ എന്നെ വിളിച്ചിരുന്നു. ലേഖനത്തിനെതിരെ കല്ലേറുകള്‍ തുടങ്ങിയെന്ന് പറഞ്ഞപ്പോള്‍ ‘ സാരമില്ല, ആരെങ്കിലും തുറന്നുപറയണ്ടേ’ എന്നായിരുന്നു റെജിനച്ചന്റെ മറുപടി.

റെജിനച്ചന്റെ വേര്‍പാടറിഞ്ഞപ്പോള്‍ മനസില്‍ എന്തോ ഒരു ശൂന്യതപോലെ, എന്തെങ്കിലുമൊക്കെ ഇനിയും എഴുതുമ്പോൾ ഒരു വിളിക്കായി ഇനിയും ആരെയും കാത്തിരിക്കാനില്ലാത്തതു പോലൊരു ശൂന്യത. അനേകര്‍ക്ക് റെജിനച്ചന്റെ വേര്‍പാടില്‍ ഞാൻ അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത ആ ശൂന്യത തന്നെയാകാം അനുഭവം. അതുതന്നെയാണ് റെജിനച്ചനുള്ള ആദരാജ്ഞലിയും.

സെലസ്റ്റിൻ കുരിശിങ്കൽ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment