THE POPE’S EXORCIST | ആസ്വാദനം

Advertisements

THE POPE’S EXORCIST

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു…

ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭീകരത പ്രതീക്ഷിച്ചില്ല!

ക്രിസ്തുനാമത്തിൻ്റെയും വിശുദ്ധ കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിൻ്റെ ശക്തി, സഭാമാതാവിൻ്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാൻ സഹായകമായ മുഹൂർത്തങ്ങൾ കോർത്തിണക്കി നിർമിച്ചിരിക്കുന്ന ഒരു മുഴുനീളൻ ഹൊറർ ചിത്രം.

ഇനി Sabin Thoomullil എഴുതിയ ഒരു ആസ്വാദനം വായിക്കാം..

വളരെ യാദൃശ്ചികമായാണ് THE POPE’S EXORCIST എന്ന ഹോളിവുഡ് സിനിമ തിയേറ്ററിൽ പോയി കണ്ടത്. റോമാരൂപതയുടെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റെ പ്രസിദ്ധമായ “ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ” എന്ന പുസ്തകത്തിൽനിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സിനിമ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ഗ്ലാഡിയേറ്റർ സിനിമയിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച RUSSEL CROWE വളരെ തന്മയത്വത്തോടെ ഫാദർ ഗബ്രിയേൽ അമോർത്തിനെ അവതരിപ്പിച്ചിരിക്കുന്നു.

ഒരു കൊമേർഷ്യൽ ഹോളിവുഡ് സിനിമയുടെ എല്ലാ മേമ്പൊടികളും കൃത്യമായി ചാലിച്ച് ആസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

ഗബ്രിയേൽ അമോർത്ത് എന്ന ഭൂതോച്ചാടകൻ തൻ്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളും ഈ സിനിമയിൽ ചേർത്തിട്ടുണ്ട് എന്നുള്ളത് ഈ സിനിമയുടെ തിരക്കഥയെ സമ്പന്നമാക്കുന്നു.

മന:ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ പിശാച് ഒരു കെട്ടുകഥയും അന്ധവിശ്വാസവും ആണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പിശാച് ഒരു യാഥാർത്ഥ്യം ആണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു.

പിശാചുക്കളെക്കുറിച്ചും വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിലും സംഭവങ്ങളിലും അവർക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും കൃത്യമായ ദിശാബോധം നൽകാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

സാത്താൻ ഇല്ലായിരുന്നെങ്കിൽ ദൈവം മനുഷ്യാവതാരം ചെയ്യുകയും കുരിശിൽ മരിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പിശാചുക്കൾ ഇല്ലായിരുന്നുവെങ്കിൽ ‘അവർ എൻ്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും’ എന്ന ക്രിസ്തുവിൻ്റെ വചനം ഉണ്ടാകുമായിരുന്നില്ല. എന്താണ് പൈശാചിക സ്വാധീനം എന്നും വിശ്വാസം കൊണ്ട് എങ്ങനെയാണ് സാത്താനെ അതിജീവിക്കേണ്ടത് എന്നും ഈ സിനിമ വ്യക്തമാക്കിത്തരുന്നു.

പിശാച് ഇല്ലായെങ്കിൽ പിന്നെ സഭയുടെ പ്രസക്തി എന്ത്? ഈ ചോദ്യം സിനിമയിൽ ഉടനീളം മുഴങ്ങുമ്പോൾ, പരിശുദ്ധ കത്തോലിക്കാ സഭയെ യേശുക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന, പിശാചിൻ്റെ തല തകർക്കാനുള്ള ദൗത്യമാണ് അഭ്രപാളികളിൽ നിറയുന്നത്!

വിശുദ്ധ കുരിശിന്റെ ശക്തി, പൗരോഹിത്യത്തിന്റെ ശക്തി, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധ മിഖായേലിന്റെയും മാധ്യസ്ഥ്യസഹായത്തിന്റെ ശക്തി എന്നിവയെ പ്രത്യക്ഷത്തിൽത്തന്നെ ഉയർത്തിക്കാണിക്കുന്നുണ്ട്. സർവ്വോപരി, വിശുദ്ധ കുമ്പസാരം എന്ന കൂദാശ എന്തുകൊണ്ട് ഈ കാലഘട്ടത്തിൽ ഇത്രമേൽ അവഹേളിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഈ സിനിമ കൃത്യമായ ഉത്തരം നൽകുന്നുണ്ട്.

“നിൻ്റെ പാപങ്ങൾ നിന്നെ വേട്ടയാടും” എന്ന് പിശാച് അമോർത്തിനോട് വിളിച്ചു പറയുമ്പോൾ, ഇല്ല എൻ്റെ പാപങ്ങൾ എൻ്റെ ക്രിസ്തുനാഥൻ വിശുദ്ധ കുമ്പസാരത്തിലൂടെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നിടത്ത് കുമ്പസാരത്തിന്റെ ശക്തി എത്ര വലുതാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഒട്ടുവളരെ ക്രിസ്തീയ ബോധ്യങ്ങൾ നൽകാൻ, അഭിമാനത്തോടെ ഈ ക്രിസ്തു വിശ്വാസത്തിൽ ജീവിക്കാൻ ഊർജ്ജം പകരുന്ന ഒരു നല്ല സിനിമ എന്ന നിലയിൽ ഈ ഈ സിനിമ ഒരു വിജയം തന്നെയാണ്.

സാധിക്കുമെങ്കൽ ഈ സിനിമ എല്ലാവരും കാണുക. ഒരു നല്ല അനുഭവം ആയിരിക്കും, ഉറപ്പ്!

NB:Horror സിനിമ ആണ്. അതിനാൽ ചെറിയ കുട്ടികൾ പേടിക്കാൻ സാധ്യത ഉണ്ട്.

ഫാ. ജോഷി മയ്യാറ്റിൽ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment