ഓ എന്റെ ഈശോയെ, നീ സത്യമായി ഈ അപ്പത്തിന്റെ സാദൃശ്യത്തിലും സ്വർഗ്ഗത്തിലെന്നതുപോലെ എഴുന്നെള്ളിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആത്മഭക്ഷണമായി സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമേ, നിന്നെ ഞാൻ ആരാധിക്കുന്നു. ജീവിതകാലത്തിലും മരണനേരത്തിലും നിന്നെ യോഗ്യതയോടു കൂടെ ഉൾക്കൊള്ളാൻ എനിക്ക് കൃപ ചെയ്തരുളണമേ. ഞാനെപ്പോഴും നിന്റെ സ്നേഹത്തിൽ സ്ഥിരതയുള്ളവളാകാനും വിശ്വസ്തതയുള്ളവളാകാനും എന്റെ ബലഹീനതയെ നീ ശക്തിപ്പെടുത്തണമേ. നീ ഞങ്ങൾക്ക് വേണ്ടി ഭൂമിയിൽ വന്നതുകൊണ്ട് തൃപ്തിയാകാതെ ലോകാവസാനത്തോളം ഞങ്ങളോടു കൂടെ ആയിരിക്കാൻ വേണ്ടി ദിവ്യകാരുണ്യം സ്ഥാപിച്ചതിനെക്കുറിച്ച് ഞാൻ നിനക്ക് സ്തോത്രം ചെയ്യുന്നു. എത്രയും സ്നേഹയോഗ്യമായ ഈശോയെ, നിന്നെത്തന്നെ എന്റെ ഭക്ഷണമാക്കിയ ശേഷം നിന്നെ ഇത്രെയേറെ പ്രാവശ്യം ഉപദ്രവിച്ച ഈ നാവിന്മേൽ നീ വീണ്ടും എഴുന്നെള്ളുകയും അനേകവട്ടം നിന്റെ കോപത്തിന് മാത്രമായ എന്നിൽ പ്രവേശിക്കുകയും ചെയ്യുന്നതിനെ കുറിച്ച് നിനക്ക് സ്തോത്രം ചെയ്യുന്നു. ഞാൻ നിന്നിലും നീ എന്നിലും ജീവിക്കാൻ വേണ്ടി ഇത്ര വലിയ സ്നേഹത്തോടുകൂടി എന്നോട് ഒന്നിക്കുന്നതിനെക്കുറിച്ച് നിനക്ക് ഞാൻ സ്തോത്രം ചെയ്യുന്നു. ദിവ്യകാരുണ്യത്തിലൂടെ നിന്നെ എനിക്ക് തന്നുകൊണ്ട്, ഇതിലും വലിയ ദാനം എനിക്ക് തരാൻ വയ്യാത്ത പോലെ നിന്റെ സ്നേഹത്തിന്റെ വലിയ നിക്ഷേപങ്ങൾ കൊണ്ട് എന്നെ സമ്പൂർണ്ണമാക്കുന്നതിനെ കുറിച്ച് നിനക്ക് നന്ദി പറയുന്നു. പരിശുദ്ധ ത്രിത്വത്തെ ആരാധിക്കാനായി നീ ഞങ്ങളുടെ ദരിദ്രമായ ആരാധനകളുടെ പോരായ്മ തീർക്കുന്നതിനെക്കുറിച്ച് നിനക്ക് നന്ദി പറയുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ![]()


Leave a comment