എപ്പോഴും കന്യകയും അമലോത്ഭവയുമായ പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ, ഈശോമിശിഹായുടെ തിരുഹൃദയം കഴിഞ്ഞാൽ സർവ്വശക്തനായ ദൈവം സൃഷ്‌ടിച്ച ഏറ്റവും നിർമ്മലവും പുണ്യപ്പെട്ടതും മഹിമയുള്ളതുമായ ഹൃദയമേ , എത്രയും സ്നേഹമുള്ളതും അലിവാൽ നിറയപ്പെട്ടതുമായ ഹൃദയമേ, നിന്നെ ഞങ്ങൾ വാഴ്ത്തുന്നു. നിന്റെ കനിവാൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. അങ്ങയുടെ അപേക്ഷകളെ ഒരിക്കലും തള്ളിക്കളയാത്ത ഈശോയുടെ അടുക്കലേക്ക് ഞങ്ങളെ കൈപിടിച്ചു നയിക്കുന്ന നക്ഷത്രമായി എന്നും കൂടെയുണ്ടാകേണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സങ്കേതവും ദിവ്യഗുരുവിന്റെ പാഠങ്ങളെ ഞങ്ങൾ പഠിക്കുന്നതിനുള്ള പള്ളിക്കൂടവും നീയാകേണമേ. ഉപവിയുടെയും സമാധാനത്തിന്റെയും സിംഹാസനമേ, ഞങ്ങളുടെ ഹൃദയം ക്രമമല്ലാത്ത ആഗ്രഹങ്ങളാൽ വിരൂപമായതിനാൽ നിനക്ക് കാഴ്ച വെക്കുന്നതിന് യോഗ്യമല്ല, എങ്കിലും അതിനെ ശുദ്ധമാക്കി, പുണ്യപ്പെടുത്തി, ഈശോയോടുള്ള സ്നേഹത്താൽ നിറക്കണമേ.
വ്യാകുല വാളാൽ പിളർക്കപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയമേ, എന്റെ ഹൃദയത്തിൽ സ്നേഹാഗ്നി കത്തിച്ചെരിയിക്കണമേ.
എന്റെ പൂർവ്വപാപങ്ങളുടെ ഓർമ്മ എന്നെ ഉപദ്രവിക്കുമ്പോൾ, ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ. പരീക്ഷകൾ എല്ലാ ഭാഗത്തുനിന്നും എന്നെ ചുറ്റിവളഞ്ഞു ഭയപ്പെടുത്തുമ്പോൾ ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ, ദുഃഖസങ്കടത്താൽ ഭാരപ്പെട്ട് അതിന്റെ കയ്പ്പ് എന്നിൽ നിറയുമ്പോൾ, ദയയുള്ള വിമലഹൃദയമേ എന്റെ രക്ഷയായിരിക്കണമേ.എന്റെ മരണസമയത്ത്, ദയയുള്ള വിമലഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ.
പരിശുദ്ധാത്മാവിന്റെ സ്നേഹമണവാട്ടിയെ, ഈ അപേക്ഷകളെല്ലാം നിന്റെ പ്രാർത്ഥനകളെ നിരാകരിക്കാത്ത ഈശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തന്നരുളാൻ പിതാവിനോട് അപേക്ഷിക്കണമേ. ആമ്മേൻ



Leave a comment