നന്ദി പറയാം ദൈവത്തോട്…

ഓക്സിജൻ ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഉദ്വേഗത്തോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയും തിരച്ചിലും വിഫലമായി. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🙏. ഇത്രയും കാശ് ചിലവാക്കി ഇറങ്ങി പുറപ്പെട്ടത് മരണത്തിലേക്കായിരുന്നോ എന്ന ചോദ്യം മനസ്സിൽ ഉയരുന്നുണ്ടെങ്കിലും സാഹസികതയും, പര്യവേക്ഷണത്വരയും, പിതാവിനോടുള്ള ഒരു മകന്റെ സ്നേഹവും മരണഭയത്തെ കീഴടക്കി എന്നുവേണം കരുതാൻ.

ജലപേടകത്തിൽ ജീവൻ വെടിയേണ്ടി വന്ന അഞ്ചുപേരെക്കുറിച്ചുള്ള വാർത്ത കൊണ്ടെത്തിച്ചത് സാക്ഷാൽ ടൈറ്റാനിക്ക് എന്ന കപ്പൽ അറ്റ്ലാന്റിസ് സമുദ്രത്തിൽ താണുപോയിക്കൊണ്ടിരിക്കവേ, സ്നേഹവും മനുഷ്യത്വവും മരണഭയത്തെ കീഴടക്കുമെന്ന് തെളിയിച്ച ദമ്പതികളെക്കുറിച്ചായിരുന്നു. ജെയിംസ് കാമെറൂണിന്റെ ടൈറ്റാനിക് സിനിമയിൽ, മുറുക്കി കെട്ടിപ്പിടിച്ചു കിടന്ന്, അടുത്തെത്തുന്ന മരണത്തെ അഭിമുഖീകരിക്കുന്ന ദമ്പതികളെ കാണാം. ആ സീൻ എടുക്കാൻ യഥാർത്ഥത്തിൽ കാരണമായവർ. ഈ അപകടത്തിൽ മരിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് CEO സ്റ്റോക്ക്ടൻ റഷ് ന്റെ ഭാര്യ വെൻഡി റഷിന്റെ ഗ്രേറ്റ്‌ ഗ്രേറ്റ്‌ അപ്പൂപ്പനും അമ്മൂമ്മയും – കുറച്ചു തലമുറകൾക്കപ്പുറം…കലർപ്പില്ലാത്ത സ്നേഹത്തിന്റെ സ്മാരകമായവർ.

യൂറോപ്പിൽ ശൈത്യകാലം ചിലവഴിച്ചതിനു ശേഷം മടങ്ങുകയായിരുന്നു ടൈറ്റാനിക്കിന്റെ കന്നിയാത്രയിൽ അതിലുണ്ടായ ഇസിഡോർ സ്ട്രോസ്, ഇഡാ സ്ട്രോസ് ദമ്പതികൾ. ഒട്ടും പ്രതീക്ഷിക്കാതെ അപകടമുഖത്തേക്ക്, മരണവക്ത്രത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ, ലൈഫ്ബോട്ടിൽ ഇടം കിട്ടിയ ഇഡ, പ്രയതമന് തൊട്ടടുത്ത് സ്ഥലം ശരിയാക്കി വിളിച്ചു. പോകാൻ അനുമതി ലഭിച്ചെങ്കിലും ആ കപ്പലിലുള്ള മുഴുവൻ വനിതകളും കുട്ടികളും ലൈഫ്ബോട്ടിൽ കയറാതെ താൻ രക്ഷപ്പെടാൻ നോക്കില്ലെന്നായിരുന്നു ഇസിഡോർ ധീരതയോടെ പറഞ്ഞത്. അത് കേട്ടതും ഇഡ ലൈഫ്ബോട്ടിൽ നിന്നിറങ്ങി. തന്റെ രോമക്കോട്ട് ഊരി, ഇനി തനിക്ക് അതിന്റെ ആവശ്യം ഉണ്ടാവില്ലെന്ന് പറഞ്ഞ്, അത് പരിചാരികക്ക് കൊടുത്ത് അവളെ ലൈഫ്ബോട്ടിൽ കയറ്റി വിട്ടു.

രക്ഷപ്പെടാൻ നിർബന്ധിച്ചവരോട് ഇഡ സ്ട്രോസ് പറഞ്ഞത്, താൻ ഒരിക്കലും ഭർത്താവിന്റെ അടുത്തുനിന്ന് പോവില്ലെന്നും, ജീവിതത്തിൽ ഒരുമിച്ചായിരുന്ന പോലെ മരണത്തിലും അവർ ഒരുമിച്ചായിരിക്കും എന്നുമായിരുന്നു. കയ്യോട് കൈ ചേർത്തും കെട്ടിപ്പിടിച്ചും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ഡെക്കിൽ അവർ നിന്നു. “സ്നേഹാർപ്പണത്തിന്റെ ഏറ്റവും സ്തുത്യർഹമായ പ്രകടനം”. അവസാനം, വലിയൊരു തിര അവരെ കടലിലേക്കൊഴുക്കി.

” ജലസഞ്ചയങ്ങൾക്ക് പ്രേമാഗ്നിയെ കെടുത്താനാവില്ല; പ്രവാഹങ്ങൾക്ക് അതിനെ ആഴ്ത്താൻ കഴിയുകയുമില്ല” ( ഉത്തമഗീതം 8:7)

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ്ട് കിടക്കുന്ന ടൈറ്റാനിക്കിന് കുറച്ചു മീറ്ററുകൾക്കപ്പുറത്തായി പൊട്ടിതകർന്ന് സമുദ്രത്തിലലിഞ്ഞു ചേർന്ന ടൈറ്റൻ എന്ന ജലപേടകവും പറയും

സാഹസികതയോടുള്ള ഒടുങ്ങാത്ത ഇഷ്ടം മരണത്തിൽ ഒരുമിച്ചു ചേർത്ത അഞ്ച് സമുദ്ര പര്യവേക്ഷകരുടെ നെടുവീർപ്പുകളുടെ കഥ, കോടിക്കണക്കിന് പൈസയും ഒന്നുമല്ലാതാവുന്ന നേരമുണ്ടെന്ന സത്യം, നമ്മൾ ഒരു ചിന്തയില്ലാതെ ആവശ്യാനുസരണം ശ്വസിക്കുന്ന ഓക്സിജൻ എത്രയോ വലിയ ദൈവാനുഗ്രഹമെന്ന് തിരിച്ചറിയുന്ന ചുരുക്കം സമയങ്ങളിൽ ചിലത്… ശ്വസിക്കാൻ വായുവും ജീവനോടെ ഇനിയും കുറച്ചു നിമിഷങ്ങളും നമുക്ക് ശേഷിക്കുമ്പോൾ.. നന്ദി പറയാം ദൈവത്തോട്… പ്രിയപ്പെട്ടവരോടൊത്ത്, ദൈവത്തോടൊത്ത്, ബാക്കിയുള്ള നമ്മുടെ സമയം നന്നായി ചിലവഴിക്കാം…ഇസിഡോർ-ഇഡ ദമ്പതികളെപ്പോലെ മനുഷ്യത്വത്തിനും സ്നേഹത്തിനും വേണ്ടി നിലകൊള്ളാം ..

ജിൽസ ജോയ് ✍️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment