ഒരു വലിയ ജംബോ ജെറ്റ് വിമാനത്തിലായിരുന്നു ഞാൻ. മോശം കാലാവസ്ഥ. പെട്ടെന്ന് എല്ലാവരും ആടിയുലയാൻ തുടങ്ങി. നല്ല വലിപ്പമുണ്ടെങ്കിലും ഒരു പട്ടം പോലെ തുള്ളിക്കളിക്കുകയാണ് വിമാനം.
എന്റെ അടുത്തുണ്ടായിരുന്നത് ഒൻപത് വയസ്സുള്ള ഒരു ചെറിയ ആൺകുട്ടിയായിരുന്നു. ആദ്യമായി ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന അവൻ, പേടിച്ച് വിറക്കുന്നതുകൊണ്ട് മുഖത്ത് പല പല ഭാവങ്ങളും നിറങ്ങളും മാറിമറിഞ്ഞു. പെട്ടെന്ന് അവൻ എന്നെ നോക്കി, എന്നിട്ട് ചോദിച്ചു, “അങ്കിൾന് പേടിയില്ലേ?”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്തിന്? ഇതൊക്കെ ഒരു രസല്ലേ? റോളർ കോസ്റ്റർ റൈഡ് പോലില്ലേ?”
അവനിൽ പെട്ടെന്ന് വലിയ മാറ്റം വന്നു. പേടിയും ടെൻഷനും മാറി. അവൻ ആ കുലുക്കം ആസ്വദിക്കാൻ തുടങ്ങി.
എനിക്ക് അത് വലിയൊരു പാഠമാണ് തന്നത്. ഞാൻ പറഞ്ഞ വാക്കുകളും, അവൻ എന്റെ മുഖത്ത് കണ്ടതും, അവന്റെ ജീവിതത്തിലെ ടെൻഷൻ നിറഞ്ഞ ഒരു സമയം തരണം ചെയ്യാൻ അവനെ സഹായിച്ചു. എത്രയോ ആളുകൾ അവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എന്റെ മുഖത്തേക്ക് നോക്കുന്നു, ഒരിത്തിരി പ്രോത്സാഹനത്തിനും ധൈര്യത്തിനും വേണ്ടി?
എന്റെ മുഖവും എന്റെ ജീവിതവും മറ്റുള്ളവർക്ക് ധൈര്യം പകരുന്നതായിരിക്കണം.
നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ…. മത്തായി 5:16 ലൂടെ നമ്മുടെ നാഥൻ പറഞ്ഞില്ലേ..
നോർമൻ വിൻസെന്റ് പേളി
വിവർത്തനം : ജിൽസ ജോയ്


Leave a comment