പ്രാർത്ഥന
ഓ, ദിവ്യരക്ഷിതാവേ, അങ്ങേ തൃപ്പാദത്തിങ്കൽ അണഞ്ഞ്, അങ്ങ് ഛേദനാചാരത്തിലും പൂങ്കാവനത്തിലും ചമ്മട്ടിയടിയാലും മുൾമുടിധാരണത്താലും കുരിശ് ചുമക്കലിലും കുരിശിൽ തറക്കലിലും തിരുവിലാവ് പിളർന്നതിലും, ഞങ്ങൾക്കായി ചിന്തിയ മാണിക്യമായ തിരുരക്തത്തെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ഇത്ര ക്രൂരതയോടെ അവ ചിന്തുന്നതിന് കാരണമായ ഞങ്ങളുടെ പാപങ്ങൾ ഓർത്ത് കരയുവാനും, പാപപ്പൊറുതി നേടാനും ഞങ്ങളിൽ കൃപ ചൊരിയണമേ. ഈ അമൂല്യ മാണിക്യമായ തിരുരക്തം, റൂഹാക്കുദ്ശായാൽ ഉരുവാക്കപ്പെട്ട തിരുരക്തം, പരിശുദ്ധകന്യാമറിയത്തിന്റെ നിർമ്മലതിരുവുദരത്തിൽ നിന്നെടുത്ത തിരുരക്തം, ലോകത്തിൽ ആർക്കെങ്കിലും നിഷ്ഫലമായിപ്പോയെന്നുള്ള നിർഭാഗ്യത്തിൽ ഉൾപ്പെടാതിരിക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്കും ലോകത്തിലുള്ള സകലർക്കും അങ്ങ് നൽകിയരുളണമേ.
രക്തത്താൽ പുരണ്ടിരിക്കുന്ന വിശുദ്ധ കുരിശിൻ ചുവട്ടിൽ വ്യാകുലമനുഭവിക്കുന്ന പരിശുദ്ധ അമ്മേ, വിശുദ്ധ യോഹന്നാനെ, വിശുദ്ധ മഗ്ദലേന മറിയമേ, രക്ഷിതാവ് ചിന്തിയ വിലയേറിയ തിരുരക്തത്തിൻ ഫലത്തെക്കുറിച്ച് ഞങ്ങളുടെ ആത്മക്കറകൾ കഴുകി മോക്ഷത്തിൽ ഞങ്ങളെ കാണുന്നത് വരെ ഞങ്ങൾക്കായി നിങ്ങൾ പ്രാർത്ഥിക്കണേ.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വർഗീയ അറിവിന്റെ സക്രാരിയും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സിൽ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പോഴും നമ്മെ പൊതിയട്ടെ…
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങളെയും ലോകം മുഴുവനേയും രക്ഷിക്കണമേ…
ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ആരാധന…
(ജൂലൈ മാസം ഈശോയുടെ തിരുരക്തത്തിന്റെ വണക്കത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു)



Leave a comment