35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്…
ഹാളിൽ ഒരു മൂലക്ക് ഇരുന്നിരുന്ന യുവാവ് വിമ്മിക്കരയാൻ തുടങ്ങി. കാരണമുണ്ട്. അവൻ ഒരു സോക്കർ കളിക്കാരനാണ്. വലിയ വിജയങ്ങൾ നേടിയിട്ടുമുണ്ട്. സമൂഹം അംഗീകരിക്കുന്നവൻ. പക്ഷേ അവന്റെ ഉള്ളിൽ എന്നും ഒരു മുറിവുണ്ടായിരുന്നു. അവന്റെ അപ്പൻ ഒരിക്കലും അവന്റെ കളി കാണാൻ വന്നിട്ടില്ല. അപ്പന്റെ സ്നേഹവും അംഗീകാരവും കിട്ടിയിട്ടില്ല.
അവനെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, അവന്റെ കാര്യങ്ങളൊന്നും അറിയാത്ത ഒരാൾ കോൺഫറൻസിൽ വെച്ച് അവനോട് പറയുകയാണ് , “നിങ്ങൾ സോക്കർ കളിക്കുന്ന ചിത്രം ഞാൻ കണ്ടു. നിന്റെ ഡാഡി അവിടെ ഇല്ലായിരുന്നു. എങ്കിലും…നിന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവിടെ ഉണ്ടായിരുന്നു എന്ന് നീ അറിയണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. എല്ലാ കളിക്കും അവിടുന്ന് അവിടുണ്ടായിരുന്നു. നിന്നെ അഭിമാനത്തോടെ നോക്കി ഇരിക്കാറുണ്ടായിരുന്നു. നീ അവിടുത്തെ മകനാണെന്ന് മറ്റുള്ളവർ അറിയാൻ, നിനക്ക് വേണ്ടി ആരവം മുഴക്കാൻ അവിടുന്ന് മടിച്ചിട്ടില്ല. അവിടുത്തെ കണ്ണുകൾ നിന്നിൽ മാത്രമായിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് അവിടുന്ന് ‘ ഇവൻ എന്റെ മകനാണ്, നോക്കൂ, എന്റെ മകൻ ‘ എന്ന് വിളിച്ചു പറയുകയായിരുന്നു. ദൈവപിതാവ് നിന്നെ സ്നേഹിക്കുന്നു”
ആ യുവാവിന്റെ കണ്ണുകളിലൂടെ തോരാമഴ പെയ്തിറങ്ങി. ദൈവം അവനിൽ സൗഖ്യം ചൊരിഞ്ഞു. അവന്റെ മുറിവുണക്കി.
വീട്ടുകാർ സ്നേഹിച്ചില്ലെങ്കിലും, സമൂഹം അംഗീകരിച്ചില്ലെങ്കിലും നമ്മളെ വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായി സ്നേഹിക്കുന്ന ദൈവം നമുക്കുണ്ട്. “എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ?… അവന്റെ വിശ്വസ്തത അചഞ്ചലമായി നിൽക്കുന്നു” ( ജോബ് 2:3), എന്ന് സാത്താനോട് അഭിമാനപൂർവ്വം ജോബിനെപ്പറ്റി പറഞ്ഞതുപോലെ നമ്മളെ ഓരോരുത്തരെയും പറ്റി പറയാൻ ആഗ്രഹിക്കുന്ന, നമ്മെ വ്യക്തിപരമായി സ്നേഹിക്കുന്ന നമ്മുടെ കർത്താവ്. അടയാളം അന്വേഷിക്കുന്ന ‘ദുഷിച്ചതും അവിശ്വസ്തവുമായ തലമുറയിൽ’ എണ്ണപ്പെടാതെ, കാണാതെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമായി നമുക്ക് മുന്നോട്ട് നീങ്ങാം.
ജിൽസ ജോയ് ![]()


Leave a comment