ദിവ്യകാരുണ്യ വിചാരങ്ങൾ 6

ആരാധനയുടെ നിശബ്ദതയിൽ ഈശോയെ കണ്ടെത്തുക

വളരെ ആഴത്തിലുള്ളതും ഒരേ സമയം തന്നെ വ്യക്തിപരവും സമൂഹപരവുമായ ഒരു പ്രാർത്ഥനാ രീതിയാണ് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്ന ഈശോയെ ദൈവാലയത്തിലോ ചെറിയ ചാപ്പലുകളിലോ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നതിൽ ഇതടങ്ങിയിരിക്കുന്നു. കത്തോലിക്കാ മതബോധ ഗ്രന്ഥമനുസരിച്ചു “ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശാകർമ്മത്തിൻ്റെ നിമിഷം മുതൽ തുടങ്ങുകയും ദിവ്യകാരുണ്യ സാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അതു തുടരുകയും ചെയ്യുന്നു. (CCC: 1377)

വിശുദ്ധ കുർബാനയുടെ രഹസ്യാത്മകതയും ആരാധനയുടെ മാഹാത്മ്യവും മനസ്സിലാക്കി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1980 ൽ പുറപ്പെടുവിച്ച ഡോമിനിക്കേ ചേനേ (Dominicae Cenae) എന്ന അപ്പസ്തോലിക കത്തിൽ സഭയ്ക്കും ലോകത്തിനും ദിവ്യകാരുണ്യാരാധനയുടെ വലിയ ആവശ്യമുണ്ടെന്നു പഠിപ്പിക്കുന്നു. ഈശോ സ്നേഹത്തിന്റെ ഈ കൂദാശയിൽ നമ്മെ കാത്തിരിക്കുന്നു. പൂർണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്റെ ഗൗരവപൂർണങ്ങളായ നിയമലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പരിഹാരം ചെയ്യാനുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുതെന്നും നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നു ദിവ്യകാരുണ്യത്തെ ജീവനു തുല്യം സ്നേഹിച്ച ജോൺ പോൾ രണ്ടാമൻ ഉദ്ബോധിപ്പിക്കുന്നു.

2016 ഒക്‌ടോബർ 20-ന് കാസ സാന്താ മാർത്തയിൽ വിശുദ്ധ കുർബാന മധ്യേ നടത്തിയ വചന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ യേശു ക്രിസ്തുവിനെ അറിയാൻ പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു: “വെറുതെ സ്വന്തമായി പ്രാർത്ഥിച്ചാൽ പോരാ. ആരാധനയും നിശബ്ദ പ്രാർത്ഥനയും നമ്മിൽ ഉണ്ടായിരിക്കണം: ഈ നിശബ്ദ ആരാധനയുടെ ശീലമില്ലാതെ നമുക്ക് ഈശോയെ അറിയാൻ കഴിയില്ല, അതിനാൽ നിശബ്ദമായി അവനെ ആരാധിക്കുക. കർത്താവിന്റെ മുമ്പിൽ, യേശു ക്രിസ്തുവിന്റെ രഹസ്യത്തിന് മുന്നിൽ സമയം കളയുക. അവനെ ആരാധിക്കുക. അവിടെ നിശബ്ദതയിൽ, ആരാധനയുടെ നിശബ്ദതയിൽ അവനെ കണ്ടെത്തുക. അവൻ രക്ഷകനാണ്.”

ദൈവ സ്നേഹത്തിൻറെ ഏറ്റവും വലിയ സാന്നിധ്യമാണ് ദിവ്യകാരുണ്യം. നമ്മുടെ സൗഹൃദത്തിനായി ദാഹിക്കുന്ന ഈശോയുടെ ദിവ്യകാരുണ്യ സ്നേഹത്തിന്റെ മുമ്പിൽ അടയിരിക്കാൻ നമുക്കു പഠിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment