ദിവ്യകാരുണ്യ മുഖത്തിൻ്റെ ആരാധകരാവുക
അയർലണ്ടിലെ മീത്ത് രൂപതയിലുള്ള സിൽവർ സ്ട്രീം ബനഡിക്ടൻ ആബിയുടെ അധിപനായ ഫാ. മാർക്ക് ഡാനിയേൽ കിർബി എഴുതിയ ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോടു സംസാരിക്കുമ്പോൾ ഒരു വൈദീകൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിലെ 2009 ജനുവരി 8, വ്യാഴഴ്ചയിലെ കുറിപ്പിൽ രണ്ടായിരം വർഷമായിട്ടും ദിവ്യകാരുണ്യ സാന്നിധ്യത്തെ അറിയപ്പെടാത്തതിനാൽ ഈശോയ്ക്കുള്ള പരിത്യക്താവസ്ഥ വ്യക്തമാണ്:
“എന്റെ സഭയിലെ രണ്ടായിരം വർഷത്തെ ദിവ്യകാരുണ്യസാന്നിധ്യ ത്തിനുശേഷവും ഞാൻ അറിയപ്പെടാത്തവനാണ്, വിസ്മൃതനാണ്, പരിത്യക്തനാണ്. ദൃശ്യമായ വിധത്തിൽ എന്റെ ജനങ്ങൾക്ക് മധ്യേ ആയിരിക്കുവാനും അങ്ങനെ അവർ എന്നെ സമീപിക്കുന്നതും എന്റെ ദിവ്യകാരുണ്യമുഖത്തിന്റെ പ്രകാശത്തിൽ നിശബ്ദരായി ആരാധിച്ചുകൊണ്ടിരിക്കുന്നതും കാണുവാനുള്ള എന്റെ എരിയുന്ന ദാഹത്തിന് വളരെ ചെറിയ പരിഗണനപോലും നല്കാതെ, അവിടെയും ഇവിടെയും വയ്ക്കാവുന്ന ഒരു വസ്തുവായി മാത്രം ഞാൻ പരിഗണിക്കപ്പെടുന്നു.”
ഈ ദുരവസ്ഥ മാറ്റാൻ ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചവർക്ക് സവിശേഷമായ കടമയും ഉത്തരവാദിത്വവും ഉണ്ടെന്ന് ഈശോ ഓർമ്മിപ്പിക്കുന്നു: “ഞാൻ മരിക്കുന്നതിന്റെ തലേ രാത്രി സെനക്കിളിൽവച്ച് എന്റെ ശ്ലീഹന്മാർക്ക് എന്നപോലെ ആരുടെ കൈകളിലേക്കാണോ ഞാൻ ശരീരവും രക്തവുമായി കൈമാറ്റപ്പെടുന്നത്, എന്റെ തെരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കളായ ആ വൈദികർക്കല്ലാതെ, മറ്റാർക്ക് ഈ ദുരവസ്ഥ മാറ്റാനാകും? എന്റെ സ്നേഹ കൂദാശയിൽ എന്നെ ആദ്യം തേടുന്നത് എന്റെ വൈദികരാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ തുടക്കം കുറിക്കട്ടെ. അവർ മാതൃക കാണിക്കട്ടെ. അപ്പോൾ മറ്റുള്ളവർ പിൻചെല്ലും.”
ദിവ്യകാരുണ്യത്തിൻ്റെ മുമ്പിൽ സമയം ചിലവഴിക്കുന്ന വൈദീകൻ ഈശോയുടെ കൂട്ടുകാരനും ആരാധകവൈദികനുമാണ്. വിശുദ്ധ കുർബാനയ്ക്കു മുമ്പിൽ ചിലവഴിക്കാൻ നമ്മൾ കൂടുതൽ സമയം കണ്ടെത്തുമ്പോൾ. മറ്റെല്ലാത്തിനും വേണ്ട സമയവും ഊർജവും ഈശോ നമുക്കു നൽകും. ഈശോയോടു കൂട്ടുകൂടുകയാണ് നമ്മുടെ പ്രഥമ കടമ ബാക്കി യെല്ലാം രണ്ടാമതാണ്. ഈശോയുടെ
ദിവ്യകാരുണ്യ മുഖത്തിൻ്റെ ആരാധകനാകുക എന്നതാണ് പുരോഹിതൻ്റെയും ഓരോ വിശ്വാസിയുടെയും കടമ.
വൈദീകരെ ഈശോ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “എന്റെ ദിവ്യകാരുണ്യഹൃദയത്തിന്റെ സാന്ത്വനിപ്പിക്കുന്ന കൂട്ടുകാരനാകുവാൻ എന്റെ സ്നേഹ കൂദാശയ്ക്ക് മുമ്പിൽ ഏകനായി എന്തുമാത്രം സമയം നീ ചെലവഴിക്കുന്നുവോ അത്രയ്ക്കും അധികമായി നീ ചെയ്യുവാൻ വിളിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിലെല്ലാം നിന്നെ ഞാൻ അനുഗ്രഹിക്കും.”
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment