വി. ലൂയി മാർട്ടിൻ്റെ ദിവ്യകാരുണ്യ പതിവുകൾ
ജൂലൈ 12, അസാധാരണമായ ഒരു തിരുനാളാഘോഷദിനമാണ്. ഒരു വേദപാരംഗതയുടെ വിശുദ്ധരായ മാതാപിതാക്കളുടെ തിരുനാൾ ദിനം. ദൈവസ്നേഹത്തിൻ്റെ കുറുക്കുവഴി വെട്ടിത്തുറന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായാണ് ഈ വേദപാരംഗതയെങ്കിൽ വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലി ഗ്വെരിനുമാണ് മാതാപിതാക്കൾ.
സാധാരണ ഗതിയിൽ വിശുദ്ധരുടെ മരണ ദിനമാണ് അവരുടെ തിരുനാളായി ആഘോഷിക്കുന്നത്. എന്നാൽ മാർട്ടിൻ ദമ്പതികളുടെ കാര്യത്തിൽ അവരുടെ വിവാഹം ദിനമായ ജൂലൈ 12 ആണ് തിരുനാളായി തിരുസഭയിൽ ആഘോഷിക്കുന്നത്. 1858 ജൂലൈ 12നായിരുന്നു അവരുടെ സിവിൽ വിവാഹം ജൂലൈ 13നു മതപരമായ ചടങ്ങളുകൾ നടന്നു.
ദാമ്പത്യ സ്നേഹത്തിൻ്റെ ഉദാത്ത ഉദാഹരണങ്ങളായ ഈ മാതൃകാ ദമ്പതികൾ കഠിനമായ പരീക്ഷണങ്ങളിലൂടെയും വേദനകളിലൂടെയുമാണ് ഈശോടു അടുത്തിരുന്നതും പുണ്യത്തിൽ അഭിവൃദ്ധിപ്പെട്ടതും.
ആഴമേറിയ ദിവ്യകാരുണ്യ ആത്മിയതാ ലൂയി മാർട്ടിൻ പുലർത്തിയിരുന്നു. ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കുമ്പസാരക്കാരൻ അനുവദിക്കുമ്പോഴെല്ലാം ലൂയി ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുമായിരുന്നു.(അക്കാലത്ത് ആഴ്ചയിൽ നാലോ അഞ്ചോ തവണ ദിവ്യകാരുണ്യം സ്വീകരിക്കുക അസാധാരണ സംഭവമായിരുന്നു.) എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് അദ്ദേഹം ദിവ്യകാരുണ്യ സന്ദർശനം നടത്തിയിരുന്നു. സ്കൂൾ അവധി ദിവസങ്ങളിൽ കൊച്ചുറാണിയേയും കൂടെ കൊണ്ടു പോകുമായിരുന്നു. അലൻസോണിലെ ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ ഒരു നേതാവായിരുന്നു ലൂയി മാർട്ടിൻ. പിന്നീട് ലിസ്യുവിൽ താമസിക്കാൻ വന്നപ്പോൾ പാരീഷ് കൗൺസിൽ അംഗമായ ഭാര്യ സഹോദരനോട് അവിടെയും ആരാധന സമൂഹ സ്ഥാപിക്കാൻ പ്രരണ നൽകി.
1892 ജൂൺ മാസത്തിൽ ബോൺ സേവർ മാനസികാശുപത്രിയിലെ മൂന്നു വർഷത്തെ വാസത്തിനു ശേഷം ലൂയി മാർട്ടിൻ ലിസ്യുവിലേക്കു മടങ്ങി വന്നു. ഈ സമയം അദേഹം തൻ്റെ രണ്ട് പെൺമക്കളായ ലിയോണി ,സെലിൻ എന്നിവരൊടൊപ്പം സെലി ഗ്വെരിയുടെ സഹോദരൻ ഇസിദോർ ഗ്വെരിയുടെ ഭവനത്തിലാണ് താമസിച്ചിരുന്നത്. 1892 ജൂൺ മാസത്തിലെ കോർപൂസ് ക്രിസ്റ്റി തിരുനാളിലെ പ്രദിക്ഷണത്തെപ്പറ്റി സെലിൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ” ജൂണിലെ കോർപ്പൂസ് ക്രിസ്റ്റി തിരുനാളോടനുബന്ധിച്ചു നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിനുവേണ്ടി ഗ്വെരിൻ കുടുംബം മനോഹരമായ ഒരു അൾത്താര ക്രമീകരിച്ചിരുന്നു. അങ്കിളിൻ്റെ ഓഫീസിൻ്റെ മുമ്പിലായിരുന്നു അൾത്താര .ഞങ്ങളെല്ലാവരും അവിടെ ഒത്തുകൂടിയിരുന്നു. ഈ പ്രാവശ്യം ഈശോയുടെ ആശീർവ്വാദം സ്വീകരിക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചനൊപ്പം ഞങ്ങൾ ഒരുമിച്ചു കൂടി. കത്തീഡ്രലിലെ മുഖ്യ പുരോഹിതൻ കാനൻ റോഹി കൂടിനിന്ന വിശ്വാസ സമൂഹത്തിനു പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം നൽകി. പിന്നീട് അരുളിക്കുമായി ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിൻ്റെ അടുത്തുവരുകയും ശിരസ്സിൽ വച്ച് ആശീർവ്വദിക്കുകയും ചെയ്തു. ഓ എത്ര സ്വീകാര്യമായ താബോർ അനുഭവമായിരുന്നു അതു ഞങ്ങൾക്ക് സമ്മാനിച്ചത്.”
വിശുദ്ധ ലൂയി മാർട്ടിനിൽ വിളങ്ങി ശോഭിച്ചിരുന്ന ദിവ്യകാരുണ്യ പതിവുകൾ നമുക്കും മാതൃകയാക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment