ദിവ്യകാരുണ്യ വിചാരങ്ങൾ 9

വി. ജോൺ പോൾ രണ്ടാമൻ: വിശുദ്ധ കുർബാനയെ സ്നേഹിച്ച ബലിവസ്തു

1920 മെയ് മാസം പതിനെട്ടാം തീയതി പോളണ്ടിലെ വാദോവീസയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ ജനിച്ചു. നാസി പട്ടാളം പോളണ്ട് കീഴടക്കിയപ്പോൾ രഹസ്യമായി വൈദിക പരിശീലനം പൂർത്തിയാക്കി വൈദികനായി അഭിഷിക്തനായി. നാടക നടനായും ഖനി തൊഴിലാളിയായും ജോലി നോക്കിയ കരോൾ വോയ്റ്റില യഹൂദരെ നാസി പടയാളികളിൽ നിന്നു രക്ഷിക്കുവാനും അഭയം നൽകുവാനും രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. 1978 ഒക്ടോബറിൽ കരോൾ വോയ്റ്റില മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഭരണകാലത്തു ക്രിസ്തു സന്ദേശവുമായി 129 രാജ്യങ്ങളിൽ അദ്ദേഹം തീർത്ഥാടനം നടത്തി.

2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിൻ്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർത്ഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായി പാപ്പ സ്വർഗ്ഗത്തിലേക്കു യാത്രയായി.

2014 നു ഫ്രാൻസീസ് പാപ്പ ജോൺ പോൾ രണ്ടാമൻ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന സഭയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്‍ബാനയും ആകുന്ന രണ്ട് സ്തൂപങ്ങങ്ങളിൽ വിണ്ടും കെട്ടിയിടാൽ പരിശുദ്ധ പിതാവു ശ്രമിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുര്‍ബാന പഠനങ്ങളാണ് അദ്ദേഹം സഭയക്കു തന്നത്. 2004-ല്‍ ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. വിശുദ്ധ കുര്‍ബാന വര്‍ഷത്തിനു മുന്നോടിയായി 2003-ലെ പെസഹായ്ക്ക് സഭ വിശുദ്ധ കുര്‍ബാനയില്‍നിന്നും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ കുര്‍ബാനയെ മൂന്നാ സഹസ്രാബ്ദത്തിൻ്റെ കേന്ദ്രമാക്കി.

“വി. കുർബാനയിൽ നമക്ക് ഈശോയുണ്ട്; അവിടുത്തെ പരിത്രാണബലിയുണ്ട്; അവിടുത്തെ ഉത്ഥാനമുണ്ട്; പരിശുദ്ധാത്മാവിന്റെ ദാനമുണ്ട്; ആരാധനയും അനുസരണവും പിതാവിന്റെ സ്നേഹവുമുണ്ട്’” (No: 60).

കഴിഞ്ഞ നൂറ്റാണ്ടിൽ മാനവികത വലിയ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സഭയ്ക്ക് ധൈര്യവും പുതു ചൈതന്യവും എന്നും പ്രധാനം ചെയ്യുന്ന വിശുദ്ധ കുർബാനയെ സഭയുടെ ഹൃദയത്തോടു വീണ്ടും ചേർക്കാൻ പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നു. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേരാൻ സഭാ മക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പാപ്പാ എഴുതി, “… സഭയുടെ നോട്ടം നിരന്തരം അവളുടെ കർത്താവിലേക്ക് തിരിയുന്നു, അൾത്താരയിലെ കൂദാശയിൽ സന്നിഹിതമായ ഈശോയുടെ സാന്നിധ്യത്തിൽ സഭ അവന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണ ആവിഷ്‌ക്കരണം അവൾ കണ്ടെത്തുന്നു.”

വിശുദ്ധ കുർബാന സാന്നിദ്ധ്യത്തിന്റെ ഒരു രഹസ്യമായതിനാൽ, യുഗാന്തംവരെ നമ്മോടു കൂടെയുണ്ടായിരിക്കുമെന്ന ഈശോയുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണത്. അതിനാൽ ദിവ്യബലിയർപ്പണ ത്തിലും ബലിയർപ്പണത്തിന് പുറമേയുള്ള ദിവ്യകാരുണ്യ ആരാധനയിലും ഈശോയുടെ യഥാർത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം വിശ്വാസികളിൽ പരിപോഷിപ്പിക്കപ്പെടാനുള്ള ആഗ്രഹം പിതാവ് മറച്ചുവയ്ക്കുന്നില്ല. നാഥാ ഞങ്ങളോട് ഒത്തു വസിച്ചാലും എന്ന അപ്പസ്തോലിക ലേഖനത്തിലെ ഒരു ചിന്തയോടെ ഇന്നത്തെ ദിവ്യകാരുണ്യ വിചാരം നമുക്കവസാനിപ്പിക്കാം: ” അവിടുത്തെ ദിവ്യസ്നേഹത്തിലാകൃഷ്ഠരായി അനേകമനേകം ആത്മാക്കൾ അങ്ങിലേയ്ക്കാകർഷിക്കപ്പെടാനും, അവിടുത്തെ സ്വരം ശ്രവിക്കാനും ആ ഹൃദയസ്പന്ദനം അനുഭവിക്കാനും അവർ തയ്യാറാകണം… ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമ്മുടെ ദിവ്യ നാഥൻ സഹിക്കേണ്ടിവരുന്ന അവഗണനയ്ക്കും അശ്രദ്ധയ്ക്കും അപമാനത്തിനും തന്നെത്തന്നെയും നമ്മുടെ വിശ്വാസത്താലും സ്നേഹ ത്താലും പരിഹാരം ചെയ്യുവാൻ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ഈശോയ്ക്കു മുമ്പിൽ മുട്ടുകുത്താൻ നമുക്കു സമയം കണ്ടെത്താം. ” (No : 18).

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment