Rev. Fr John Kuttiyil

Advertisements

ഞങ്ങളുടെ ഇടയൻമാർ…

പൗരോഹിത്യ ജീവിതത്തിലെ മുൻതലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി…

വിണ്ണിനെയും മണ്ണിനെയും മനുഷ്യരെയും ഒന്നുപോലെ സ്നേഹിച്ച കുറ്റിയിലച്ചൻ…

Advertisements

എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും ഇടവക ശുശ്രൂഷകളും കഴിഞ്ഞ് മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകനായും സന്ധ്യകളിൽ പള്ളിമുറ്റത്ത് ഇടവകയിലെ യുവജനങ്ങളോടൊപ്പം ഫുട്ബോളിന് പിന്നാലെ പായുന്ന കളിക്കാരനായുമെല്ലാം മാറുന്ന ജോൺ കുറ്റിയിൽ അച്ചൻ തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തമായി, ഒരിക്കലും മറക്കാനാവാതെ, ഇന്നും ഓർമ്മയിൽ നിലകൊള്ളുന്നത്, ഇന്നത്തെ മാർത്താണ്‌ഡം രൂപതയിലെ കളിയിക്കാവിളയ്ക്ക് സമീപമുള്ള അടയ്ക്കാകുഴിയിൽ ഒരു ഇടവക കൂട്ടായ്മക്ക് തുടക്കം കുറിക്കുകയും ഒരു ചെറിയ പള്ളി നിർമ്മിക്കുകയും പ്രാർത്ഥനകളും കൂദാശകളും പഠിപ്പിച്ച് 167 പേർക്ക് ഒറ്റ ദിവസം മാമോദീസാ നൽകിയതുമാണ്.

കുറ്റിയിൽ അച്ചന്റെ ദൈവവിളിക്ക് മാതൃകയും പ്രചോദനവുമായത് ചന്ദനപ്പള്ളി ഇടവകയിൽ സുദീർഘമായ കാലം വികാരി ആയിരുന്ന ആൻ്റണി കേളംപറമ്പിൽ അച്ചന്റെ പ്രവർത്തനങ്ങളാണ്. അടുപ്പിച്ചുള്ള ഭവന സന്ദർശനവും ഇടവകാംഗങ്ങളെ പേര് ചൊല്ലി വിളിയ്ക്കാനുള്ള പാടവവും ഇടവക ജനങ്ങളെ ചേർത്തു നിർത്താനുള്ള കഴിവും ബാലനായ ജോണിൽ വൈദിക ജീവിതത്തിന്റെ വിത്ത് പാകി. അന്ന് തന്റെ ഇടവക വികാരിയിൽ നിന്നു പഠിച്ചത് ഈ സുദീർഘമായ പൗരോഹിത്യ ജീവിതത്തിലുടനീളം പാലിച്ചു എന്നതാണ് കുറ്റിയിലച്ചന്റെ പൗരോഹിത്യ ജീവിതത്തിന്റെ സവിശേഷത.

പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രണേതാവായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിലൂടെ തുടക്കം കുറിച്ച ചന്ദനപ്പളളി ഇടവകയുടെ പ്രാരംഭം മുതലുണ്ടായിരുന്ന ചക്കിട്ടത്ത് കുറ്റിയിൽ ചരുവിള പുത്തൻവീട്ടിൽ സി. ഒ. മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും ആറാമത്തെ സന്താനമായി 1939 ഡിസംബർ മാസം 30ന് ജോൺ ജനിച്ചു.

സി. ഒ. മത്തായി എം. എസ്. സി. മാനേജ്‍മെന്റിൽ ഒരു എൽ. പി. സ്കൂളിൽ പ്രധാന അധ്യാപകനും കുഞ്ഞമ്മ മത്തായി ഗൃഹസ്ഥയും ആയിരുന്നു. തങ്കമ്മ കോശി ജോർജ്, സി. എം. ജോർജ്ജ്, ചിന്നമ്മ ബേബി, സി. എം. ബേബി, കുഞ്ഞുകുഞ്ഞമ്മ അച്ചൻകുഞ്ഞ്, സി. എം. ജോൺ ( ഫാ. ജോൺ കുറ്റിയിൽ), മേരിക്കുട്ടി ജേക്കബ്, മറിയാമ്മ ആന്റണി, സി. എം. ഡാനിയേൽ എന്നീ ഒൻപതു മക്കൾ ആയിരുന്നു ഈ ദമ്പതികൾക്ക്.

ചന്ദനപ്പള്ളി ഗവൺമെന്റ് എൽ. പി. സ്കൂളിൽ ആണ് പ്രൈമറി ക്ലാസിൽ പഠിച്ചത്. കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂളിൽ നിന്നുമാണ് എസ്. എസ്. എൽ. സി. പാസായത്. വല്യപ്പനായ ചക്കിട്ടത്ത് കുറ്റിയിൽ ഉണ്ണൂണ്ണിയുടെ പ്രേരണയും പിതൃ സഹോദരനായ
ജോർജ്ജ് കുറ്റിയിലച്ചൻ്റെ പ്രവർത്തനവും ഇടവക വികാരി ആന്റണി കേളാംപറമ്പിൽ അച്ചന്റെ മാതൃകാ ജീവിതവും വൈദിക ജീവിതത്തിന് പ്രേരകമായി.

പത്താം ക്ളാസ് പഠനം പൂർത്തിയാക്കി പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ പഠനം നടത്തി തുടർന്ന് സെന്റ് പോൾസ് മേജർ സെമിനാരി തൃശ്ശനാപ്പള്ളിയിൽ ഏഴ് വർഷം ഫിലോസഫിയും തിയോളജിയും പഠിച്ചു.
സെമിനാരിയിൽ വച്ച് തന്നെ 1971 ജനുവരി 26ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച്,
ചന്ദനപ്പള്ളി സെന്റ് മേരീസ് കത്തോലിക്കാ പള്ളി (ഇപ്പോഴത്തെ സെന്റ് ജോർജ്ജ് പിൽഗ്രിം ചർച്ച്) യിൽ ജനുവരി 28ന് പ്രഥമ ദിവ്യബലിയർപ്പണം നടത്തി. വൈദിക ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മാതൃകയും പ്രോത്സാഹനവുമായിരുന്ന ഫാ. ആന്റണി കേളാംപറമ്പിൽ ആയിരുന്നു അന്ന് ഇടവക വികാരി.

അമ്പിളികോണം, പിൻകുളം, ചാരോട്ടുകോണം, ഉച്ചക്കട, ഫാത്തിമാ നഗർ, പുഷ്പഗിരി, അടക്കാകുഴി, കാർമ്മല, ആവോലികുഴി, അതുമ്പുംകുളം, എലിമുള്ളുംപ്ലാക്കൽ, അതിരുങ്കൽ, മുറിഞ്ഞകൽ, പേഴുംകൽ, പുത്തൻപീടിക, ചീക്കനാൽ, പ്രക്കാനം, കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം, സാംനഗർ, കട്ടിളപ്പാറ, റോസ്മല, ധനുവച്ചപുരം, കൊറ്റാമം, പനയമ്മൂല, പനയറക്കൽ, കുളത്താമൽ, താറാവിള, വടകോട്, ചെങ്ങമനാട്, ഞാറക്കാട്, ആവണീശ്വരം, പിടവൂർ, നെടുമൺകാവ്, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, വെട്ടിത്തിട്ട, പുന്നല, മഞ്ചവിളാകം എന്നിങ്ങനെ നാല്പത് പള്ളികളിൽ ഇടവക ശുശ്രൂഷ ചെയ്തു. തിരുവനന്തപുരം അതിരൂപതയുടെ തെക്കൻ പ്രദേശത്തെ മിഷൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നടത്തിപ്പിനുമായി പാറശാല കേന്ദ്രമാക്കി വൈദികജില്ല രൂപം കൊണ്ടപ്പോൾ ആദ്യ ജില്ലാവികാരിയായി സേവനം ചെയ്തു.

“ഏത് ഇടവകയിൽ വികാരി ആയിരുന്നുവോ ആ ഇടവകയെ ഒന്നാം സ്ഥാനത്ത് കൊണ്ടുവരുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന ഒരു മാതൃകാ വൈദികൻ” എന്ന് ബിജു കെ ജോഷ്വ കുറ്റിയിലച്ചന്റെ സേവനങ്ങളെ അനുസ്മരിക്കുന്നതുപോലെ അച്ചൻ ശുശ്രൂഷ ചെയ്ത ഇടവകകളുടെ ആത്മീയവും ഭൗതീകവുമായ സുസ്ഥിതിക്കായി അക്ഷീണം അദ്ധ്വാനിച്ചു.

ഫാത്തിമാനഗറിൽ വികാരി ആയിരിക്കുമ്പോൾ റോഡ് ഇല്ലാതിരുന്ന ആ പ്രദേശത്ത് വലിയൊരു കുളം നികത്തി സഞ്ചാരപ്രദമായി ഒരു റോഡ് നിർമ്മിച്ചു. കുടിവെള്ളമില്ലാതെ വിഷമിച്ചിരുന്ന 47 വീടുകളിൽ കിണറുകൾ കുഴിച്ച് നൽകി ജലക്ഷാമം പരിഹരിച്ചു. കാർമ്മലയിൽ അടഞ്ഞു കിടന്നിരുന്ന ആശുപത്രി തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ അവിടെയാണ് വൃദ്ധരായ അമ്മമാരെ ശുശ്രൂഷിക്കുന്ന പ്രത്യാശ ഭവൻ പ്രവർത്തിക്കുന്നത്, കൂടാതെ ഒരു നഴ്സറി സ്കൂളും പിന്നീട് എൽ. പി. സ്കൂളും തുടങ്ങി. ആവോലിക്കുഴിയിൽ താത്കാലിക ചാപ്പൽ പൊളിച്ച് പള്ളി പണിതു. പള്ളിയുടെ മുമ്പിലായി ഒരു കുരിശുംമൂടും വനത്തിനോട് ചേർന്ന് ഒരു കുരിശടിയും പണിതു. അതുമ്പുംകുളത്ത് ഒരു താത്കാലിക ഷെഡ് നിർമ്മിച്ച് ഇടവകക്ക് തുടക്കം കുറിക്കുകയും പുതിയ പള്ളിക്കായുള്ള ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്തു.

എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് വിശ്വാസ സമൂഹത്തെ കൂട്ടി 90 സെന്റ് സ്ഥലം വാങ്ങി ഷെഡ് വച്ച് താത്കാലിക ദേവാലയവും നിർമ്മിച്ച് കൂദാശ ചെയ്ത് വിശുദ്ധ കുർബാന ആരംഭിച്ചു. പുതിയ പള്ളി പണിതു. അതിരുങ്കൽ പള്ളിയോട് ചേർന്ന് രണ്ട് ഏക്കറിലധികം സ്ഥലം വാങ്ങി ഡി.എം മഠം ആരംഭിക്കുന്നത് അച്ചന്റെ കാലത്താണ്, മഠത്തോട് ചേർന്ന് ഒരു LP സ്കൂളും ആരംഭിക്കാൻ മുന്നിട്ടിറങ്ങിയതും അച്ചൻ തന്നെ. മുറിഞ്ഞകൽ പള്ളിയിൽ വൈദികർക്ക് താമസിക്കാനുള്ള ഒരു കെട്ടിടം നിർമ്മിച്ചു. ചീക്കനാലിൽ ബനഡിക്ട് പിതാവിന്റെ അനുവാദത്തോടെ 50 പേർക്ക് താമസിക്കാൻ പറ്റിയ ഒരു കെട്ടിടം നിർമ്മിച്ചു. വിവിധ ക്ളാസുകളും സെമിനാറുകളും അവിടെ വെച്ച് ക്രമീകരിച്ചിരുന്നു. അവിടെയാണ് ഇന്നത്തെ ആശ്വാസഭവൻ പ്രവർത്തിക്കുന്നത്.

കുളത്തൂപ്പുഴയിൽ ഇപ്പോഴത്തെ പള്ളി പണിയിക്കുവാൻ ഒരു വലിയ മല വെട്ടിനിരത്തി മണ്ണ് നീക്കി തറ ഒരുക്കി. ഒരു മണിമേട സ്ഥാപിച്ചു. തിങ്കൾക്കരിക്കം പ്രദേശത്ത് ‘വിളക്ക് മാതാവിന്റെ’ നാമത്തിലുള്ള കുരിശടി സ്ഥാപിച്ചു. ആര്യങ്കാവിന് അടുത്ത് കാട്ടിനകത്തുള്ള റോസ്മല പളളിയിലും മുടക്കം കൂടാതെ ശുശ്രൂഷ ചെയ്യാൻ അച്ചനായി. പള്ളിയോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലത്ത് റബ്ബർ കൃഷി ആരംഭിച്ചു. ധനുവച്ചപുരം പള്ളിക്ക് വേണ്ടി പള്ളിയുടെ മുൻവശത്ത് ആറു സെന്റ് സ്ഥലം വാങ്ങി. കൊറ്റാമം പള്ളിക്ക് മുകളിൽ ഉള്ള 50 സെന്റ് റബർ തോട്ടം വാങ്ങി. വടകോട് കുരിശ്ശടി പുതുക്കിപ്പണിതു. ഞാറക്കാട് ദേവാലയത്തിന്റെ മദ്ബഹാ പുതുക്കി, വൈദിക മന്ദിരം പണിത് ചുറ്റും മതിലുകെട്ടി, സെമിത്തേരിയിൽ സെല്ലാർ പണിതു.

നെടുമൺകാവ് പള്ളിക്ക് ഒരു പാരീഷ്ഹാൾ പണി ആരംഭിക്കുകയും ഒന്നാം നില പൂർത്തിയാക്കുകയും ചെയ്തു.
വെട്ടിത്തിട്ടയിൽ ബാവാ തിരുമേനിയുടെ നിർദ്ദേശപ്രകാരം 5 ഏക്കർ സ്ഥലത്ത് റബ്ബർ പരിപാലിച്ചു വളർത്തി. ആവോലിക്കുഴി, അതുമ്പുംകുളം ഇടവകകളുടെ വികാരിയായി സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ച കുറ്റിയിലച്ചനെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആ പള്ളികളിൽ ശുശ്രൂഷ ചെയ്ത ഫാ. ഡാനിയേൽ കൊഴുവക്കാട് ഓർമ്മിക്കുന്നു, “ഇടവകയിലെ ഓരോ ജനങ്ങളെയും പേരു ചൊല്ലി വിളിക്കുന്ന അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കാളിയാകുന്ന പ്രിയപ്പെട്ടവരുടെ മരണ നേരങ്ങളിൽ താങ്ങായി കൂടെയായിരിക്കുന്ന ഒരു ഇടയനാണ് കുറ്റിയിലച്ചൻ. അനേക വർഷങ്ങൾക്ക് ശേഷവും അച്ചൻ ആരെയും മറന്നില്ല, ആളുകൾ അച്ചനെയും. അപ്രകാരം ഭൂമിയുടെ ഉപ്പായി മാറിയ അച്ചൻ മണ്ണിലലിഞ്ഞു ചേരുമ്പോൾ ഉപ്പിനെ വേർതിരിക്കാനാവാത്തതു പോലെ തന്റെ ശുശ്രൂഷകളിലൂടെ ആളുകളുടെ ജീവിതത്തിലേക്ക് ലയിച്ചു ചേർന്നു.”

കുറ്റിയലച്ചൻ സേവനം ചെയ്ത എല്ലാ പള്ളികളിലും ആണ്ടുതോറും വീടു കൂദാശ മുടങ്ങാതെ നടത്തിയിരുന്നു.
ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ വർഷത്തിൽ 5 മുതൽ 8 തവണ വരെ ഭവന സന്ദർശനം നടത്തിയിരുന്നു. ബൈബിൾ പഠിപ്പിക്കുകയും യാമ പ്രാർത്ഥനകൾ മുടക്കം കൂടാതെ ചൊല്ലുവാൻ ആളുകൾക്ക് പ്രേരണ നൽകുകയും ചെയ്തിട്ടുണ്ട്. ആത്മീയ ശുശ്രൂഷകൾക്ക് എപ്പോഴും മുൻതൂക്കം നൽകിയിരുന്നു.
പ്രാർത്ഥനയും പ്രവർത്തനവും കൂദാശാപരമായ സേവനവും മറ്റുള്ളവർക്ക് മാതൃക ആകത്തക്ക വിധം നടത്തിക്കൊണ്ട് പോയിരുന്നു.

മറ്റുള്ളവർക്ക് ശുശ്രൂഷ നൽകാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തിയിട്ടില്ല. അർഹമായ സേവനം മറ്റുള്ളവർക്ക് എപ്പോഴും ചെയ്തു കൊടുത്തിട്ടുണ്ട്. കർത്താവിന്റെഎളിയ ദാസൻ എന്ന നിലയിൽ പ്രാർത്ഥനയും പ്രവർത്തനവും എല്ലായിപ്പോഴും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.
സൺഡേസ്കൂൾ, എം. സി .വൈ. എം, മാതൃസംഘടന തുടങ്ങിയവക്ക് വലിയ പിന്തുണ നൽകി. ഭക്തസംഘടനകൾ ഇല്ലാതിരുന്ന പള്ളികളിൽ അവ ആരംഭിച്ചു, മുടങ്ങി കിടന്നവയെ ക്രമപ്പെടുത്തി . കലാകായിക മത്സരങ്ങളിലും സെമിനാറുകളിലും ക്യാമ്പുകളിലുമെല്ലാം ഇടവകയിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കി.
വീടില്ലാത്തവർക്ക് വീട് വെച്ച് നൽകാനും താമസയോഗ്യമല്ലാത്ത വീടുകൾ പുനരുദ്ധരിക്കാനും മുന്നിട്ടിറങ്ങി. അനേകം കുഞ്ഞുങ്ങളെ പഠിക്കാനും വിദേശത്തും സ്വദേശത്തുമായി ജോലി കണ്ടെത്തി ജീവിതം ക്രമീകരിക്കുന്നതിനുമായി സഹായിച്ചു. തീരെ നിർദ്ധനരായ കുടുംബത്തിലെ കുട്ടികളെ തന്നോടൊപ്പം നിർത്തി പഠിപ്പിക്കുകയും ജീവിത മാർഗ്ഗം കാട്ടി കൊടുക്കുകയും ചെയ്തു.

ശെമ്മാശൻമാരെയും നവവൈദികരെയും കരുതുകയും വളർത്തുകയും ചെയ്യുന്ന ഒരാളായിരുന്നു അച്ചൻ. അച്ചന്റെ മദ്ബഹാ ശുശ്രൂഷകരായിരുന്ന പലരും പിന്നീട് വൈദിക ജീവിതത്തിലേക്ക് കടന്നുവന്നു. അനേകം പേരുടെ വൈദിക സന്യസ്ത ജീവിതാന്തസിലേക്കുള്ള ബോധ്യത്തെ അച്ചൻ പ്രോത്സാഹിപ്പിച്ചു. അച്ചൻ ശുശ്രൂഷ ചെയ്ത നെടുമൺകാവ് ഇടവകാംഗമായ ഫാ. ഏബ്രഹാം മേപ്പുറത്ത് (ജിൻസ് അച്ചൻ) കുറ്റിയിലച്ചനെ ഓർമ്മിക്കുന്നത് ദേശത്തിന്റെ പട്ടക്കാരനായിട്ടാണ്. തന്നെ ഏല്പിക്കപ്പെട്ടിരിക്കുന്ന ഇടവകാംഗങ്ങൾക്കും അപ്പുറം പള്ളിക്ക് ചുറ്റുപാടുമുള്ള ഇതര സഭാ വിശ്വസികളെയും വ്യത്യസ്ഥ മതസ്ഥരെയും സ്നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ കരുതുകയും സഹായിക്കുകയും ചെയ്യുന്ന ദേശത്തിന്റെ മുഴുവൻ പട്ടക്കാരൻ.

ബനഡിക് മാർ ഗ്രീഗോറിയോസ് പിതാവിനോട് അടുത്ത ബന്ധവും സ്നേഹവും അച്ചന് ഉണ്ടായിരുന്നു. തെക്കൻ നാട്ടിലെ ഇടവകകളുടെ പുനരുദ്ധാരണത്തിന് പിതാവിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. ആ താൽപര്യം ഇടവകകളുടെ പ്രവർത്തനങ്ങളെ വളരെയേറെ സഹായിച്ചു. ലോറൻസ് മാർ അപ്രേം തിരുമേനിയുമായി സഹകരിച്ച് മിഷൻ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത അനേകർക്ക് ക്രിസ്തുവിനെ പകർന്ന് നൽകി സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുവാനും അനേകരെ സഭയിലേക്ക് പുനരൈക്യപ്പെടുത്താനും തന്റെ ശുശ്രൂഷകളിലൂടെ ഇടയായിട്ടുള്ളത് അച്ചൻ ചാരിതാർത്‌ഥ്യത്തോടെ അനുസ്മരിക്കുന്നു.

എം.സി.വൈ.എം സഭാതല സമിതി സെക്രട്ടറിയായ സുബിൻ തോമസ് അച്ചനെ അനുസ്മരിക്കുന്നു, “അച്ചൻ തണ്ണിത്തോട് ഇടവകയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്ന സമയത്ത് എം സി വൈ എം യൂണിറ്റിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാൻ എനിക്ക് സാധിച്ചു. വൈകുന്നേരങ്ങളിൽ യുവജനങ്ങളെ ഗ്രൗണ്ടിൽ ഒരുമിച്ചുകൂട്ടുന്ന മികച്ച ഫുട്ബോൾ കളിക്കാരനായ അച്ചൻ ഓരോരുത്തരെയും വെട്ടിച്ച് പന്തുമായി ഗോൾ പോസ്റ്റിലേക്ക് നീങ്ങുന്നത് കാണുവാൻ തന്നെ ഒരു പ്രത്യേക രസമാണ്. പ്രാർത്ഥനകൾക്ക് വലിയ പ്രാധാന്യം നൽകുന്ന അച്ചൻ ഫുട്ബോൾ കളിക്ക് ശേഷം ഗ്രൗണ്ടിലുള്ള എല്ലാ യുവജനങ്ങളെയും ചേർത്ത് ദിവസവും സന്ധ്യാ പ്രാർത്ഥന നടത്തുമായിരുന്നു. കൃഷിയെ ഏറെ സ്നേഹിക്കുന്ന അച്ചൻ പള്ളിയുടെ തരിശ് ഭൂമികളിൽ യുവജനങ്ങളെ ചേർത്ത് വാഴ കൃഷി നടത്തുകയും അതിൽ സമ്പൂർണ്ണ വിജയം കൈവരിക്കുകയും ചെയ്തു. എല്ലാ ദിവസത്തെയും വിശുദ്ധ കുർബാനയ്ക്ക് ശേഷം ലുങ്കിയും ഉടുത്തു കൃഷി ആയുധങ്ങളുമായി നിൽക്കുന്ന ബഹുമാനപ്പെട്ട കുറ്റിയിൽ അച്ചൻ ഇടവക ജനങ്ങൾക്ക് പരിചിതമായ കാഴ്ചയാണ്”.

പൗരോഹിത്യ ജീവിതത്തിൽ ഇരുപത്തഞ്ച് ആണ്ടുകൾ പിന്നിട്ടപ്പോൾ കുളത്തൂപ്പുഴ സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വച്ച് 1996 ജനുവരി മാസം 26ന് (26-01-96) ജൂബിലി ആഘോഷം നടത്തി. പൗരോഹിത്യ സുവർണ്ണ ജൂബിലി മാതൃ ഇടവകയായ ചന്ദനപ്പള്ളി പള്ളിയിൽ 2021 നവംബർ 21ന് ആഘോഷിച്ചു. നമ്മുടെ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാബാവായും സഭയിലെ അനവധി മെത്രാപ്പൊലീത്തമാരും വൈദികരും സന്യസ്തരും അച്ചൻ ശുശ്രൂഷ ചെയ്ത ഇടവകകളിൽ നിന്നുള്ള വിശ്വാസ സമൂഹവും അന്ന് ചന്ദനപ്പള്ളിയിൽ കടന്നുവന്ന് അച്ചനോടൊപ്പം ദൈവത്തിന് നന്ദി അർപ്പിച്ചു.

വടകോട് ഇടവക വികാരിയായിരുന്ന കുറ്റിയിൽ അച്ചനെ തിരുവനന്തപുരം മേജർ അതിരൂപത എം.സി.വൈ.എം മുൻ പ്രസിഡന്റ് ജെറിൻ മാത്യൂ പുതുവീട്ടിൽ അനുസ്മരിക്കുന്നത് നിറഞ്ഞ സന്തോഷത്തോടെയാണ് , ” ഇടവക പള്ളിയുമായുള്ള ഏറ്റവും ഹൃദ്യമായ ഓർമ്മകൾ ജോൺ അച്ചൻ വികാരിയായ കാലമാണ്. അന്ന് ഞങ്ങളെ മദ്ബഹായിലേക്ക് പ്രവേശിപ്പിച്ച അച്ചന്റെ പരിശീലനം, കുഞ്ഞുങ്ങളായ ഞങ്ങളോടുള്ള സ്നേഹം ഒരിക്കലും മറക്കാനാകില്ല. എല്ലാ സന്ധ്യയിലും പള്ളി മുറ്റത്ത് കളിയുണ്ടാകും. നാനാ ജാതി മതസ്ഥരായ അനേകർ അവിടെ വരും എല്ലാവരും ചേർന്നു അച്ചനോടൊപ്പം ഫുട്ബോൾ കളിക്കും. വൈകിട്ട് ആറു മണിക്ക് മണി അടിക്കുമ്പോൾ ആ ഗ്രൗണ്ടിൽ അച്ചൻ പ്രാർത്ഥിക്കും, അച്ചന് നാടിനെയും നാട്ടുകാരെയും ജീവനായിരുന്നു തിരിച്ചും അതുപോലെ ജനങ്ങളും അച്ചനെ സ്നേഹിച്ചു, ആദരിച്ചു “

ഇടവക ശുശ്രൂഷകളിൽ നിന്ന് വിരമിച്ച് ഭവനത്തിൽ വിശ്രമിക്കുമ്പോഴും പ്രായത്തിൽ കവിഞ്ഞ ചുറുചുറുക്കോടെ അച്ചനിപ്പോഴും അനേകരുടെ ജീവിതങ്ങളെ കരുതുന്നു, തന്നാൽ കഴിയുന്ന സഹായങ്ങൾ ഏവർക്കും ചെയ്യുന്നു.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Rev. Fr John Kuttiyil
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment